Skip to main content

ദുരന്ത നിവാരണ രംഗത്ത് യുവജന ക്ഷേമ ബോർഡിന്റെ സന്നദ്ധ സേന

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മുൻനിര പോരാളികളെ സജ്ജമാക്കുകയാണ് യുവജനക്ഷേമബോർഡ്. ഇതിനായി യുവജന ക്ഷേമബോർഡ് രൂപീകരിച്ച ആക്ഷൻ ഫോഴ്സ് ക്യാപ്റ്റന്മാരുടെ പരിശീലന പരിപാടി ആരംഭിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള 75 പ്രതിനിധികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ജില്ലയിലെ ഓരോ പഞ്ചായത്തുകളിലെയും 18നും 30നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കാണ് പരിശീലനം. ഓരോ വാർഡിൽ നിന്നും രണ്ട് പേരിൽ കുറയാതെ സേനയിൽ ഉൾപ്പെടുത്തും. ഇതിനുപുറമേ പഞ്ചായത്ത് അടിസ്ഥാനത്തിൽ അഞ്ച് പേരടങ്ങിയ വനിതകളുടെ പ്രത്യേക ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.
കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിലാണ് സന്നദ്ധ സേനക്കുള്ള പരിശീലനം ആരംഭിച്ചത്. രണ്ട് ദിവസത്തെ പരിശീലന പരിപാടിയിൽ ദുരന്തം മുഖത്തെ നേരിടാനുള്ള വിദഗ്ധ ക്ലാസുകൾ നൽകുന്നു. ഡിസാസ്റ്റർ മാനേജ്‌മെൻറ്, പ്രഥമ ശുശ്രൂഷ, വിമുക്തി, പെയിൻ ആൻഡ് പാലിയേറ്റീവ്, പോലീസ് പരേഡ് ട്രെയിനിങ്, ഫയർ ആൻഡ് സേഫ്റ്റി, പോലീസ് നിയമസഹായവും പരിരക്ഷയും തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ ക്ലാസുകളാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രണ്ടാംഘട്ടത്തിൽ ജില്ലാതലത്തിൽ പരിശീലനം ലഭിച്ച സേനയുടെ ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ പഞ്ചായത്തുതലത്തിലുള്ള യുവജനസേനാംഗങ്ങൾക്ക് പരിശീലനം നൽകും.ഇവർക്കായുള്ള പരിശീലനം പൂർത്തിയാകുന്നതോടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും യുവജനസേന പ്രവർത്തന സജ്ജമാകും. പ്രകൃതി ക്ഷോഭങ്ങൾ, ദുരന്തങ്ങൾ, മഹാമാരികൾ തുടങ്ങി ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഏതൊരാൾക്കും പ്രതിഫലേച്ഛയില്ലാതെ കൈത്താങ്ങാകുക എന്നതാണ് യുവജനക്ഷേമ ബോർഡ് ലക്ഷ്യം വയ്ക്കുന്നത്.

 

date