കണ്ണൂര് അറിയിപ്പുകള് 07-03-2022
സ്മൈൽ കേരള വായ്പാ പദ്ധതി
സർക്കാറിന്റെയും സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ 'സ്മൈൽ കേരള' സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊവിഡ്-19 ബാധിച്ച് 18നും 55നും ഇടയിൽ പ്രായമുള്ള, മുഖ്യവരുമാനദായകനായ വ്യക്തി മരിച്ച കുടുംബങ്ങളിലെ (പട്ടികവർഗ/ന്യൂനപക്ഷ/പൊതുവിഭാഗം) വനിതാ ആശ്രിതർക്കാണ് വായ്പ. ആറ് ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപവരെ വായ്പ ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും ലഭ്യമാണ്. ഇവരുടെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷക കേരളത്തിൽ സ്ഥിരം താമസക്കാരിയായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2701399, 9496015014.
കുടിവെള്ളവിതരണം മുടങ്ങും
ജല അതോറിറ്റി കണ്ണൂർ സബ് ഡിവിഷനിലെ എടക്കാട് സോണിൽ പൈപ്പ് ലൈൻ ഇന്റർ കണക്ഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് ഒമ്പത്, 10, 11 തീയ്യതികളിൽ തോട്ടട, വട്ടക്കുളം എന്നീ ടാങ്കുകളിൽ നിന്നുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.
മുടങ്ങിപ്പോയ കുത്തിവെപ്പുകൾ പൂർത്തീകരിക്കാൻ മിഷൻ ഇന്ദ്രധനുഷ്
പ്രതിരോധ കുത്തിവെപ്പെടുക്കാത്ത ഗർഭിണികൾക്കും രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും കുത്തിവെപ്പെടുക്കുന്നതിനുള്ള'മിഷൻ ഇന്ദ്രധനുഷ്' പദ്ധതിക്ക് തുടക്കമായി. മൂന്ന് ഘട്ടങ്ങളിലായാണ് കുത്തിവെപ്പ്. അടുത്ത രണ്ട് ഘട്ടങ്ങൾ ഏപ്രിൽ നാല്, മെയ് ഒമ്പത് തീയതികളിൽ നടക്കും.
165 സെഷനുകളിലായി രണ്ട് ഗർഭിണികളെയും 1915 കുട്ടികളെയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ചകളിലെ കുത്തിവെപ്പ് കൂടാതെ മറ്റ് പ്രവൃത്തി ദിവസങ്ങളിലും കുത്തിവെപ്പ് നൽകും. തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മൊബൈൽ കുത്തിവെപ്പ് ടീമും ഇതിന്റെ ഭാഗമാകും. കുത്തിവെപ്പെടുക്കാനുള്ളവർ അടുത്തുള്ള ആശ, അങ്കണവാടി വർക്കറെയോ ആരോഗ്യ കേന്ദ്രവുമായോ ബന്ധപ്പെടണമെന്ന് ഡിഎംഒ (ആരോഗ്യം) അറിയിച്ചു.
മത്സ്യസമ്പദ് യോജന: അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പ്രകാരം പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി യൂനിറ്റുകൾ, ബയോഫ്ളോക്ക് മത്സ്യകൃഷി യൂനിറ്റുകൾ, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം എന്നീ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബയോഫ്ളോക്ക്, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി യൂണിറ്റിലേക്ക് ജനറൽ, സ്ത്രീ, എസ് സി, എസ് ടി വിഭാഗങ്ങളിലുള്ളവർക്കും റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം പദ്ധതിയിലേക്ക് ജനറൽ, സ്ത്രീ, എസ് സി വിഭാഗങ്ങളിലുള്ളവർക്കും അപേക്ഷിക്കാം.
താൽപര്യമുള്ളവർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കണ്ണൂർ മത്സ്യകർഷക വികസന ഏജൻസി, മാടായി, അഴീക്കോട്, തലശ്ശേരി, കണ്ണൂർ എന്നീ മത്സ്യഭവനുകൾ എന്നിവയുമായി ബന്ധപ്പെട്ട് മാർച്ച് 15നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2732340.
ലെവൽക്രോസ് അടച്ചിടും
താവം-ദാലിൽ (ആന ഗേറ്റ്) റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 256ാം നമ്പർ ലെവൽക്രോസ് മാർച്ച് ഒമ്പതിന് രാവിലെ ഒമ്പത് മുതൽ 16ന് വൈകിട്ട് എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് സതേൺ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
വൈദ്യുതി മുടങ്ങും
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കവ്വായി വാടിപ്പുറം, ബൈപ്പാസ്-മുത്തപ്പൻ മഠപ്പുര-ഗാന്ധി പാർക്ക് റോഡ് എന്നീ ഭാഗങ്ങളിൽ മാർച്ച് എട്ട് ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ നീർച്ചാൽ സ്കൂൾ, ആസാദ് റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് എട്ട് ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും ഹോസ്പിറ്റൽ സി ടി സ്കാൻ, ഹോസ്പിറ്റൽ മോർച്ചറി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഏച്ചൂർ ബസാർ, വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട്, ഏച്ചൂർ ഓഫീസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
രജിസ്ട്രേഷൻ ആരംഭിച്ചു
സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളായ ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി, പച്ച മലയാളം കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 15 വരെ രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ളവർ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ ഓഫീസിലോ 9495365907 എന്ന നമ്പറിലോ ബന്ധപ്പെടുക. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് പഠനം സൗജന്യമാണ്.
പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്ട്രേഷൻ തുടങ്ങി
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ കേന്ദ്രത്തിൽ 2022-23 വർഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്സിന്റെ പുതിയ രജിസ്ട്രേഷൻ തുടങ്ങി. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർക്ക് പത്താംതരം തുല്യതാ കോഴ്സിനും 22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർക്ക് ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിനും പഠനം നടത്താം. മാർച്ച് 15 വരെ രജിസ്റ്റർ ചെയ്യാം. പത്താംതരം തുല്യതാ കോഴ്സിന് 1850 രൂപയും ഹയർ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. എസ് സി/എസ് ടി പഠിതാക്കൾക്കും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഠിതാക്കൾക്കും (ചിറക്കൽ, പാപ്പിനിശ്ശേരി, വളപട്ടണം, അഴീക്കോട്) ഫീസ് സൗജന്യം ലഭിക്കും. ഫോൺ: 9495365907.
ഏഴിമലയിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചു
ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/യുഎവി പറത്തുന്നത് നിരോധിച്ചതായി കമാൻഡിങ് ഓഫീസർ അറിയിച്ചു. നിരോധനം ലംഘിച്ച് ഡ്രോൺ പറത്തിയാൽ അവ നശിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യുന്നതും ഉടമസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കുന്നതുമാണ്. ഡ്രോൺ പറത്തുന്നത് അത്യാവശ്യമാണെങ്കിൽ ഉടമസ്ഥൻ/സ്ഥാപനം ഡിഐജിഐ സ്കൈ വെബ്സൈറ്റ് മുഖേന വ്യോമയാന ഡയറക്ടർ ജനറലിൽനിന്ന് അനുമതി നേടി അനുമതി പത്രത്തിന്റെ പകർപ്പ്, പറത്തുന്നതിന് ഒരാഴ്ച മുമ്പ് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ സമർപ്പിക്കണം.
റീ ക്വട്ടേഷൻ
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മാടായി ഐ ടി ഐയിൽ പെയിന്റർ ജനറൽ ട്രേഡിലെ പരിശീലനാർഥികൾക്ക് പരിശീലനത്തിനാവശ്യമായ അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 14 ഉച്ചക്ക് രണ്ട് മണി വരെ. ഫോൺ: 7907767515, 854763005.
അച്ചടക്ക നടപടി ആരംഭിച്ചു
അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിനാൽ തലശ്ശേരി സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-രണ്ട് വൈ സജ്നയ്ക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി ആരംഭിച്ചു. 15 ദിവസത്തിനകം സജ്ന വിശദീകരണം നൽകണമെന്ന് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ആലപ്പുഴ സ്വദേശിനിയാണ് സജ്ന. കൂടുതൽ വിവരങ്ങൾക്ക് www.ecostat.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് 2 ( 297/2014) തെരഞ്ഞെടുപ്പിനായി 2017 മെയ് 17 ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2021 ആഗസ്റ്റ് നാലിന് അവസാനിച്ചതിനാൽ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
ക്വട്ടേഷൻ
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധീനതയിലുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രാഥമിക പരിശോധന നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ താലൂക്ക് പരിസരത്തുള്ള വെയർ ഹൗസിന് മുമ്പിൽ പന്തൽ സജ്ജീകരണം, 25 മേശ, 50 കസേര, അഞ്ച് സ്റ്റാന്റിങ് ഫാൻ, 10 ബൾബ് ഉപയോഗിച്ച് ലൈറ്റ്, കുടിവെള്ളം സജ്ജീകരണം എന്നിവക്ക് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 15ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ:0497 2700645.
ദർഘാസ്
കണ്ണൂർ ഗവ.എഞ്ചിനിയറിംഗ് കോളേജിലെ മെൻസ് ഹോസ്റ്റലിലെ കിണറും അതിന്റെ ആൾമറയും വൃത്തിയാക്കുന്നതിനും മൂന്ന് മീറ്റർ ആഴത്തിൽ കുഴിച്ചു കിട്ടുന്നതിനും താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 14 ഉച്ചക്ക് രണ്ട് മണി. ഫോൺ: 0497 2780226
- Log in to post comments