കണ്ണൂര്‍ അറിയിപ്പുകള്‍ 14-03-2022
ഡോക്യുമെന്ററി പുരസ്‌കാരം
നാടൻ കലകളെ ആധാരമാക്കിയുള്ള ഡോക്യുമെന്ററിക്ക് പ്രത്യേക പുരസ്‌കാരം നൽകാൻ കേരള ഫോക്ലോർ അക്കാദമി അപേക്ഷ ക്ഷണിച്ചു. അര മണിക്കൂറിൽ കവിയാത്ത 2019 മുതൽ 2021 ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ നിർമ്മിച്ച ഡോക്യുമെന്ററിയാണ് പരിഗണിക്കുക. അപേക്ഷയോടൊപ്പം ഡോക്യുമെന്ററിയുടെ മൂന്ന് സിഡികൾ ഉണ്ടാവണം. എപ്പോൾ നിർമ്മിച്ചതാണെന്നുള്ള കലാകാരന്റെ സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ഏപ്രിൽ 15 നുള്ളിൽ സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, പി ഒ ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ ലഭിക്കണം. വ്യക്തികൾക്കും സംഘടനകൾക്കും കലാകാരൻമാരെ നിർദ്ദേശിക്കാം. കൂടുതൽ വിവരങ്ങൾക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0497 2778090.
ഭരണാനുമതി ലഭിച്ചു
കണ്ണൂർ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി 3.5 ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപ്പറേഷൻ ഡിവിഷൻ 38ൽ ദിനേശ് മുക്ക്-കടലായിനട റോഡിൽ ശിവജിമുക്കിൽ സുരേന്ദ്രൻ വീട് (നായനാർ റോഡ്) റോഡ് പ്രവൃത്തിക്കും എട്ട് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപ്പറേഷൻ ഡിവിഷൻ 20ൽ പെരിക്കാട് ശ്രീനാരായണ അങ്കണവാടി റോഡ് ബാക്കി ഭാഗം ടാറിംഗ് പ്രവൃത്തിക്കും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
അഴീക്കോട് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി 44,851 രൂപ വിനിയോഗിച്ച് ചാലാട് ഗവ.യു പി സ്‌കൂളിൽ ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിനും 14.98 ലക്ഷം രൂപ വിനിയോഗിച്ച് ചിറക്കൽ പഞ്ചായത്ത് വാർഡ് 13ൽ ഖാദർപീടിക മുതൽ വയൽ വരെ ഫുട്പാത്ത് നിർമ്മാണ പ്രവൃത്തിക്കും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
പട്ടയകേസുകളുടെ വിചാരണ മാറ്റി
മാർച്ച് 15ന് കലക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ ഏപ്രിൽ 19 ലേക്കും 16, 17 തീയ്യതികളിലെ കേസുകൾ ഏപ്രിൽ 26 ന് രാവിലെ 11 മണിയിലേക്കും മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
എയ്ഡ്സ് ബോധവത്കരണ ക്യാമ്പയിൻ
എയ്ഡ്സ് പ്രതിരോധ ബോധവൽക്കരണ ക്യാമ്പയിന് മാർച്ച് 15 മുതൽ ജില്ലയിൽ തുടക്കമാകും. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായാണ് ക്യാമ്പയിൻ നടത്തുന്നത്്. ഇതിന്റെ ഭാഗമായി ജില്ലയിലെ 45 കേന്ദ്രങ്ങളിൽ മാർച്ച് 15 മുതൽ 26 വരെ എയ്ഡ്സ് ബോധവത്കരണ മാജിക്ഷോ, തെരുവു നാടകം എന്നിവ സംഘടിപ്പിക്കും.
മ്യൂസിയം പ്രവേശനം: വിദ്യാർഥികൾക്കുള്ള ഇളവ് തുടരും
കേരള ഫോക്ലോർ അക്കാദമിയുടെ ചിറക്കൽ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന മ്യൂസിയം കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ വിപുലമായ സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്നു. വിദ്യാർഥികൾക്ക് മ്യൂസിയം പ്രവേശനത്തിൽ നിലവിലുള്ള ഇളവ് തുടരുമെന്ന് കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി ഇൻ ചാർജ് കെ ജനാർദ്ദനൻ അറിയിച്ചു.
രജിസ്ട്രേഷൻ പുതുക്കാം
2021 ജനുവരി ഒന്നു മുതൽ 2021 ആഗസ്റ്റ് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടൻമാർക്ക് ഏപ്രിൽ 30 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് ഉത്തരവായി. സൈനികക്ഷേമ ഓഫീസിൽ നിന്നും 2022 ഏപ്രിൽ 30 നകം രജിസ്ട്രേഷൻ പുതുക്കാമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
താൽക്കാലിക ഗവേഷണ പ്രോജക്ടിൽ നിയമനം
ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിൽ, ഡിപ്പാർട്ടമെന്റ് ഓഫ് ബയോടെക്നോളജി, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടത്തുന്ന വിവിധ താൽകാലിക ഗവേഷണ പ്രൊജക്ടുകളിലേക്ക് റിസർച്ച് നഴ്സ്, ലാബ് ടെക്‌നിഷ്യൻ, ക്ലിനിക്കൽ റിസർച്ച് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി മാർച്ച് 22ന് രാവിലെ 9.30 ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.
ആരോഗ്യ ഇൻഷൂറൻസ് പുതുക്കി നൽകുന്നു
വാട്ടർ അതോറിറ്റിയിലെ വിരമിച്ച ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് പുതുക്കി നൽകുന്നു. ഇൻഷൂറൻസ് പദ്ധതിയിൽ പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റിലോ, ഡിവിഷൻ ഓഫീസുകളിൽ ലഭ്യമാക്കിയിട്ടുള്ള പ്രഫോർമയിലോ വിശദാംശങ്ങൾ പൂരിപ്പിച്ച് മാർച്ച് 22 നകം അപേക്ഷിക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം ചീഫ് എഞ്ചിനിയർ (എച്ച് ആർ ഡി ആന്റ് ജനറൽ) കേരളാ വാട്ടർ അതോറിറ്റി, ജലഭവൻ, kwa.tvm.e11@gmail.com.
വൈദ്യുതി മുടങ്ങും
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പുതിയങ്കാവ്, കാറമേൽ പള്ളി, കുറുങ്കടവ്, കൂർക്കര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 15 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഉളളൂർ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 15 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ മൊട്ടക്കേപ്പീടിക, തോപ്പിലായി എന്നീ ഭാഗങ്ങളിൽ മാർച്ച് 15 ചൊവ്വ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് മണി വരെയും പെരിന്തളേരി, മേനോൻമൊട്ട എന്നീ ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ പുലിക്കുരുമ്പ, പുലിക്കുരുമ്പ ടൗൺ എന്നീ ഭാഗങ്ങളിൽ മാർച്ച് 15 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ അലവിൽ എക്സ്ചേഞ്ച് മുതൽ നീർക്കടവ് വരെ മാർച്ച് 15 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകീട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ മരക്കാർകണ്ടി, ഗോപാലൻകട, പൂത്തട്ടക്കാവ്, വെത്തിലപ്പള്ളി, ജന്നത് നഗർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 15 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും നീർച്ചാൽ സ്‌കൂൾ, ആസാദ് റോഡ് എന്നീ ട്രാൻസ്ഫോർമർ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും.
ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ വടക്കാഞ്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 15 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ തായത്തെരു, തായത്തെരു കട്ടിങ്ങ്, മനോരമ, ചന്ദ്രിക, തായത്തെരു പള്ളി, കസാന കോട്ട, പാഴ്സി ബംഗ്ലാവ്, പി ആന്റ് ടി ക്വാർട്ടേർസ്, മുഴത്തടം എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
യോഗ ക്ലാസ്
ജില്ലാ ആയുർവേദ ആശുപത്രി താണയിൽ പ്രവർത്തിക്കുന്ന യോഗ നാച്ചുറോപ്പതി വിഭാഗത്തിന്റെ ഭാഗമായി നടത്തുന്ന യോഗ ക്ലാസിലേക്ക് പുതിയ പ്രവേശനം ആരംഭിച്ചു. ഫോൺ: 8138074482.
- Log in to post comments