കല്യാശ്ശേരി ബ്ലോക്കിൽ കൃഷി ജാലകം തുറന്നു
കാർഷിക രംഗത്തെ സമഗ്ര വികസനം ലക്ഷ്യമിട്ട് കല്യാശ്ശേരി ബ്ലോക്കിൽ കൃഷി ജാലകം തുറന്നു. എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് തലത്തിൽ മികച്ചയിനം നടീൽ വസ്തുക്കൾ, ജൈവകൃഷി ഉൽപ്പാദന ഉപാധികൾ എന്നിവ ഉൽപ്പാദിപ്പിച്ച് കൃഷി ജാലകത്തിലൂടെ വിതരണം ചെയ്യും. കാർഷിക കർമസേനകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയുമായി ചേർന്ന് വിവിധ കാർഷിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, കർഷകരുടെ ഉല്പന്നങ്ങളുടെ വിപണനം എന്നിവയും ഇതിലൂടെ സാധ്യമാകും. ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളുടെയും കൃഷിഭവനുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആഴ്ചച്ചന്തകൾ, ഇക്കോ ഷോപ്പുകൾ എന്നിവ വഴി ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനും കൃഷി ജാലകം വേദിയൊരുക്കും. കർമസേന, അഗ്രോ സർവീസ് സെന്റർ പ്രതിനിധികൾ, തൊഴിലെടുക്കാൻ സന്നദ്ധരായവർ എന്നിവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 പേർക്ക് വർഷം മുഴുവൻ തൊഴിൽ ലഭ്യമാക്കും. കൃഷി ജാലകത്തിന്റെ സേവനങ്ങൾ ഓൺലൈനായും ലഭ്യമാക്കും. അഞ്ച് ലക്ഷം രൂപ ചെലവിലാണ് കൃഷി ജാലകം പദ്ധതി ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായുള്ള 15 അംഗ കമ്മിറ്റിയാണ് കൃഷി ജാലകത്തിന്റെ നടത്തിപ്പ്.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഡി വിമല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എ വി രവീന്ദ്രൻ, കെ അനിത, ബ്ലോക്ക് പഞ്ചായത്തംഗം പത്മിനി, പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം അസോ. പ്രൊഫസർ പി കെ രതീഷ്, ഏഴോം കൃഷി ഓഫീസർ കെ സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. എഡിഎ എ സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രഫസർമാരായ ഡോ ആർ വി സിന്ധു, ഡോ നിഷാലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ജൈവോൽപ്പാദന ഉപാധികളുടെ നിർമാണവും ഉപയോഗവും സംബന്ധിച്ച പ്രായോഗിക പരിശീലന ക്ലാസുകളും നടന്നു.
- Log in to post comments