വടശേരിക്കര എംആര്‍എസിലെ പണികള്‍ വേഗം പൂര്‍ത്തിയാക്കണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
കുട്ടികളുടെ സുരക്ഷിതത്വം പ്രധാനമായതിനാല്‍ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പണികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഈ സ്‌കൂളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നത് സംബന്ധിച്ചു ചേര്‍ന്ന നിരീക്ഷണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. നിരീക്ഷണ സമിതി ചേരുന്നതിലൂടെ കൃത്യമായ നിര്‍മാണ വിലയിരുത്തല്‍ നടക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
ഓടയും സംരക്ഷണ ഭിത്തിയും നിര്‍മിക്കുന്ന നിര്‍വഹണ ഏജന്‍സിയായ ചെറുകിട ജലസേചന വിഭാഗം രണ്ട് ഇ-ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. തോട് കെട്ടുന്നതിനും സംരക്ഷണഭിത്തിയോടെ പുതിയ ഓട നിര്‍മിക്കുന്നതിനും കലുങ്ക് നിര്‍മിക്കുന്നതിനുമാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. 168 വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ്.മഴക്കാലത്ത് തോട്ടില്‍ നിന്നും വെള്ളം കയറി വ്യാപക നാശനഷ്ടങ്ങളാണ് പതിവായി ഉണ്ടാകുന്നത്. 2018ലെ പ്രളയത്തിലും 2021ലെ മിന്നല്‍ പ്രളയത്തിലും വിദ്യാലയത്തില്‍ നാശനഷ്ടം നേരിട്ടിരുന്നു. അതുകൊണ്ടാണ്, വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തിക്ക് പട്ടിക വര്‍ഗ വികസന വകുപ്പ് 97 ലക്ഷം രൂപയുടെ ഭരണാനുമതിയും ഫണ്ടും അനുവദിച്ചത്.
യോഗത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഓഫീസര്‍ എസ്.എസ്. സുധീര്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മാനേജര്‍ ജി. രാജേഷ്, പ്രിന്‍സിപ്പല്‍ സുന്ദരേശന്‍, ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.എസ്. സുമ, വടശേരിക്കര അഞ്ചാം വാര്‍ഡ് മെമ്പര്‍ വി.ജെ. ജോര്‍ജ്കുട്ടി, പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ എ. ഓമന, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments