Skip to main content
ജൈവ വൈവിധ്യ ഉദ്യാനത്തിന്‍റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിര്‍വ്വഹിക്കുന്നു.

കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ സ്വകാര്യവ്യക്തികള്‍ക്ക് സബ്‌സിഡി നല്‍കും: മന്ത്രി കെ രാജു 

കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാനുള്ള പദ്ധതി നടപ്പിലാക്കാനായി സ്വകാര്യവ്യക്തികള്‍ തയ്യാറായാല്‍ ഒരേക്കര്‍ ഭൂമിക്ക് നാലായിരം രൂപ വരെ സബ്‌സിഡി നല്‍കുമെന്ന് വനം-പരിസ്ഥിതി വകുപ്പ് മന്ത്രി കെ. രാജു. കൊട്ടില ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കണ്ടല്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെയും ജൈവ വൈവിധ്യ ഉദ്യാനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരേക്കര്‍ ഭൂമിയില്‍ കണ്ടല്‍ക്കാട് വെച്ച് പിടിപ്പിച്ചാല്‍ അവ സംരക്ഷിക്കുന്നതിനായാണ് സബ്‌സിഡി നല്‍കുക. സ്വകാര്യ വ്യക്തികള്‍ കണ്ടല്‍ക്കാടുകള്‍ വിട്ടുതരാന്‍ തയ്യാറാണെങ്കില്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

 

വനവിസ്തൃതി കൂടിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അതില്‍ 250 ഹെക്ടര്‍ വനഭൂമി വര്‍ധിപ്പിച്ച കാലഘട്ടമാണ് കഴിഞ്ഞ രണ്ടുവര്‍ഷം. ഇതില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് വനഭൂമിയായി പ്രഖ്യാപിച്ച കണ്ടല്‍ക്കാടുകളും ഉള്‍പ്പെടും. കടലാക്രമണം ചെറുക്കാന്‍ കരിങ്കല്ല് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനേക്കാള്‍ ഫലപ്രദമായ ചെലവുകുറഞ്ഞ രീതിയാണ് കണ്ടല്‍ വെച്ച് പിടിപ്പിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

 

കല്ല്യാശേരി അസംബ്ലി നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ജീവനം 2018' ന്റെ ഭാഗമായാണ് സ്‌കൂളില്‍ കണ്ടല്‍ പഠന ഗവേഷണ കേന്ദ്രവും, ജൈവ വൈവിധ്യ ഉദ്യാനവും നിര്‍മ്മിച്ചത്. നൂതനമായ പദ്ധതിയാണ് ഇത്. മറ്റ് സ്‌കൂളുകള്‍ക്കും ഇത് മാതൃകയാക്കാന്‍ കഴിയും. രണ്ടേക്കര്‍ വരുന്ന ജൈവവൈവിധ്യ പാര്‍ക്കില്‍ കുടുതല്‍ വൃക്ഷതൈകള്‍ എത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

 

ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ഏറ്റവും കൂടുതല്‍ കണ്ടല്‍ വൈവിധ്യമുള്ള മേഖലയാണ് ഏഴോമെന്നും ഈ വൈവിധ്യത്തെക്കുറിച്ച് പഠിക്കാനാണ് സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം കണ്ടല്‍ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. 'കണ്ടല്‍ വനം ഒരു ആവാസ വ്യവസ്ഥ' എന്ന വിഷയത്തില്‍ ഫിഷറീസ് ജോ. ഡയറക്ടര്‍ ഡോ. ദിനേശ് ചെറുവാട്ടും, 'കണ്ടല്‍ വനത്തിലെ ജൈവവൈവിധ്യം' എന്ന വിഷയത്തില്‍ സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ. ജാഫര്‍ പാലോട്ടും പ്രഭാഷണം നടത്തി. 'കണ്ടറിഞ്ഞ കണ്ടല്‍ വനം' എന്നതിനെ അടിസ്ഥാനമാക്കി ഡബ്ലൂ.ടി.ഐ അസി. മാനേജര്‍ ഡോ. എം. രമിത്തിന്റ ചിത്ര പ്രദര്‍ശനവും നടന്നു.

 

ശാസ്ത്രജ്ഞന്‍ ഡോ. എം.കെ. രാജേന്ദ്രപ്രസാദ് പദ്ധതി വിശദീകരിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഡി. വിമല, വൈസ് പ്രസിഡന്റ് സി.ഒ പ്രഭാകരന്‍, പഞ്ചായത്തംഗം അഡ്വ. സുരേഷ്ബാബു, മാടായി ഉപജില്ല എ.ഇ.ഒ പി. അബ്ദുള്ള, സ്‌കൂള്‍ ഹൈഡ് മാസ്റ്റര്‍ ഷാജിറാം, പ്രിന്‍സിപ്പാള്‍ പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. 
 

date