കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പത്തനംതിട്ട ടൗണില്‍ അബാന്‍ മേല്‍പ്പാലം നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകാനിടയുളള ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അബ്ദുള്‍ ഷൂക്കൂര്‍, സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി, ജോണ്‍ പോള്‍ മാത്യൂ കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി എന്നിവര്‍ ആവശ്യപ്പെട്ടു.
താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റണമെന്ന് ഐ.യു.എം.എല്‍ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി എന്‍. ബിസ്മില്ലാഖാന്‍ പറഞ്ഞു. ചെന്നീര്‍ക്കര കെ.വി യിലേക്കുള്ള കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കണമെന്നും സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി പറഞ്ഞു.
കോഴഞ്ചേരി താലൂക്കിന്റെ പരിധിയില്‍ വരുന്ന എല്ലാ വെയിറ്റിംഗ് ഷെഢുകളും അപകടാവസ്ഥയിലാണെന്നും ആസ്ബറ്റോസ് ഷീറ്റിട്ട് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ തഹസില്‍ദാര്‍ ആര്‍.കെ സുനില്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ നസീമ ബീവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments