Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 10-05-2022

താല്‍ക്കാലിക നിയമനം

കുഞ്ഞിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള കമ്മ്യൂണിറ്റി നഴ്‌സിന്റെ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. മെയ് 20 ന് രാവിലെ 10 മുതല്‍ 12 മണി വരെയുള്ള കാലയളവില്‍ കുഞ്ഞിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച നടത്തും. യോഗ്യത: ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഓക്‌സിലറി നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി (എഎന്‍എം കോഴ്‌സ്)/ജെ പി എച്ച് എന്‍ കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് ഓക്‌സിലറി നഴ്‌സിംഗ് അല്ലെങ്കില്‍ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും സി സി പി എന്‍ കോഴ്‌സ് പാസായിരിക്കണം.
ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ മിഡ്‌വൈഫറി/ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നരമാസത്തെ ബി സി സി പി എന്‍ കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി  18 നും 45 നും ഇടയില്‍.

പട്ടയകേസുകള്‍ മാറ്റി

മെയ് 11, 12  തീയതികളില്‍  കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം മെയ് 31, ജൂണ്‍ ഒന്ന്  എന്നീ തീയതികളില്‍ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

സ്‌പോട്ട് അഡ്മിഷന്‍ മെയ് 18 ന്

കെല്‍ട്രോണിന്റെ ജില്ലയിലുള്ള തലശ്ശേരി നോളഡ്ജ് സെന്ററില്‍ ഡിപ്ലോമാ കോഴ്‌സുകളുടെ ഓഫ് ലൈന്‍ ബാച്ചുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ആനിമേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമാ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്  എന്നിവയാണ് കോഴ്‌സുകള്‍. മെയ് 18ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക്  സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളുമായി നേരിട്ട്  ഓഫീസിലെത്തി കൗണ്‍സലിങ്ങില്‍ പങ്കെടുത്ത് പ്രവേശനം നേടാം. കോവിഡാനന്തര ജോലി സാധ്യതകളെ മുന്‍നിര്‍ത്തി തയ്യാറാക്കിയ സിലബസ്സാണ് കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുഴുവന്‍ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ്  കോഴ്‌സുകള്‍   നടത്തുന്നത്.  ഫോണ്‍: 0490 2321888, 9400096100.

സ്‌കോള്‍-കേരള- സ്വയം പഠന സഹായികളുടെ വില്‍പ്പന തുടങ്ങി

സ്‌കോള്‍-കേരള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഹയര്‍ സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്വയം പഠന സഹായികളുടെ വില്‍പ്പന തുടങ്ങി.  സ്‌കോള്‍-കേരളയുടെ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ഇവ ലഭിക്കും. www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓഫ്‌ലൈനായും ഓണ്‍ലൈനായും പുസ്തക വില അടച്ച് ചെലാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഹാജരാക്കണം. സ്‌കോള്‍-കേരള ഓപ്പണ്‍ റഗുലര്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠിക്കാവുന്ന തരത്തില്‍ ഹയര്‍ സെക്കണ്ടറി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷില്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്വയം പഠന സഹായികളില്‍ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നിവയുടെ മലയാള വിവര്‍ത്തനങ്ങളുടെ വില്‍പ്പനയാണ് ഇപ്പോള്‍ തുടങ്ങിയത്. ഹയര്‍സെക്കണ്ടറി കോഴ്‌സിന് പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടും വിധം ഹയര്‍സെക്കണ്ടറി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി സമഗ്രവും ശാസ്ത്രീയവും ലളിതവുമായ രീതിയിലാണ് സ്വയം പഠന സഹായികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ഹയര്‍സെക്കണ്ടറി പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ഓരോ  പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് പുസ്തകത്തോടൊപ്പം സ്വയം പഠന സഹായികളും പ്രയോജനപ്പെടുത്താമെന്ന് സ്‌കോള്‍-കേരള എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

സെസ്സ് അദാലത്ത്  

1996-ലെ ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ നിയമ പ്രകാരം ഗാര്‍ഹികവും കൊമേഴ്‌സ്യലുമായ കെട്ടിടം നിര്‍മ്മാണം നടത്തിയതും, നിലവില്‍ നടത്തികൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ നിര്‍മ്മാണ ചെലവിന്റെ ഒരു ശതമാനം നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കണം.  പ്രസ്തുത സെസ്സ് തുക ഒററ തവണ തീര്‍പ്പാക്കേണ്ടതിന്റെ ഭാഗമായി ജില്ലാ ലേബര്‍ ഓഫീസില്‍ നടക്കുന്ന അദാലത്ത് മെയ് 31 വരെ നീട്ടി.  സെസ്സ് തുക അടച്ചുകൊണ്ട് ഈ അവസരം പരമാവധി ഉപയോഗിച്ച് പലിശയില്‍ നിന്നും പിഴ പലിശയില്‍ നിന്നും ഒഴിവാകണമെന്നും.  അദാലത്തില്‍ പങ്കെടുക്കുന്ന ഗാര്‍ഹിക കെട്ടിട ഉടമകള്‍ക്ക് പലിശ പൂര്‍ണ്ണമായും വാണിജ്യ കെട്ടിടങ്ങള്‍ക്ക് പലിശയുടെ 50 ശതമാനം ഇളവ് ലഭിക്കുന്നതാണെന്നും  ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:  04972700353.

വനിതകള്‍ക്കു സംരംഭകത്വ വികസന പരിശീലനവുമായി
 വനിതാ വികസന കോര്‍പ്പറേഷന്‍

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി തുടങ്ങുന്നു. ആറു ദിവസത്തെ പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനു തെരഞ്ഞെടുക്കും.
സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിനായി സംരംഭകത്വ പരിശീലനവും ധൈര്യപൂര്‍വം ജീവിതസാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളുമാണു സംഘടിപ്പിക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്റ്റൈപ്പന്റ് നല്‍കും. മിനിമം യോഗ്യത പത്താം ക്ലാസ് പഠനം. 35നുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നോക്കവും നിലവില്‍ തൊഴിലില്ലാത്തവരുമായവര്‍ തുടങ്ങിയവര്‍ക്കു മുന്‍ഗണന.
പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകള്‍ക്കു സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയംപര്യാപ്തത നേടുന്നതിനും വേണ്ട സാഹചര്യം ഒരുക്കുന്നതിനുമാണു വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. ജില്ലകളില്‍ അടുത്തമാസം നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴില്‍ ഉണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം, എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) വനിതാ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളില്‍ മേയ് 21നു മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kswdc.org, ഫോണ്‍: 04712454570/89.

പരിശീലന പരിപാടിയില്‍ പങ്കെടുക്കാം

കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയുള്ള പരിശീന പദ്ധതികള്‍ തുടങ്ങുന്നു. ആറുമാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജി ഐ എസ്/ജി പി എസ് പരിശീലന പരിപാടിയില്‍ ബിടെക് സിവില്‍, ഡിപ്ലോമ സിവില്‍, ബി എസ് സി ബിരുദദാരികള്‍, ജ്യോഗ്രഫി, ജിയയോളജി ബിരുദദാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മൂന്നു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ് കീപ്പിങ്ങില്‍ എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  പെണ്‍കുട്ടികള്‍ മാത്രമാണ്  അപേക്ഷിക്കേണ്ടത്. അവസാന തീയതി മെയ് 16. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റായ https://iiic.ac.in/ സന്ദര്‍ശിക്കുക. ഫോണ്‍: 8078980000.

കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജ്ജത്തിലേക്ക്:
സ്‌പോട്ട് രജിസ്‌ട്രേഷന്‍ മെയ് 11 ന്

കാര്‍ഷിക മേഖലയിലെ ഊര്‍ജ്ജ ഉപയോഗം പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്നതിനുള്ള പി എം കുസും പദ്ധതി കേരളത്തില്‍ തുടങ്ങി . പദ്ധതിയുടെ ബോധവല്‍ക്കരണ ക്ലാസ്സും സ്‌പോട്ട് രജിസ്‌ട്രേഷനും മെയ് 11 ബുധനാഴ്ച 12 മണിക്ക് പയ്യന്നൂര്‍  കൃഷി ഭവനില്‍  നടക്കും. പരിപാടിയില്‍ അനെര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ മുഹമ്മദ് റാഷിദ് പങ്കെടുക്കും.
പദ്ധതി പ്രകാരം കാര്‍ഷിക വൈദ്യതി കണക്ഷന്‍ ഉള്ള കര്‍ഷകരുടെ രണ്ട് എച്ച്പി മുതല്‍ 7.5 എച്ച്പി വരെ ഉള്ള പമ്പുകള്‍ ശൃംഖല ബന്ധിത സൗരോര്‍ജ്ജ നിലയം ആക്കി മാറ്റുന്നതിന് 60 ശതമാനം കേന്ദ്ര-സംസ്ഥാന സബ്‌സിഡി നല്‍കും . 40 ശതമാനം തുക ഉപഭോക്താക്കള്‍ അടയ്ക്കുന്ന മുറയ്ക്ക് സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു തരുന്നതാണ് . സൗരോര്‍ജ്ജ പാനലുകള്‍ക്ക് 25 വര്‍ഷം വാറണ്ടിയും മറ്റു ഉപകരണങ്ങള്‍ക്ക് അഞ്ച് വര്‍ഷം വാറണ്ടിയും നല്‍കും. ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് കൃഷിയോടൊപ്പം സൗരോര്‍ജ്ജത്തില്‍ നിന്നും അധിക വരുമാനം നേടുവാനും സാധിക്കും. പദ്ധതി നടപ്പാക്കുന്നതിലൂടെ വൈദ്യുതി മിച്ചം പിടിക്കുവാനും കാര്‍ബണ്‍ ഉദ്യമനം തടയുവാനും കഴിയും . രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യം ഉളളവര്‍ ആധാര്‍ കാര്‍ഡ് , ഇലക്ട്രിസിറ്റി ബില്ല്, ഭൂനികുതി അടച്ച രസീത് എന്നിവയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ തുകയായ 500/ രൂപയും ഉള്‍പ്പടെ കൊണ്ടുവരണം. ഫോണ്‍ : 0497 2700051, 9188119413.

ചെണ്ടമേളം അരങ്ങേറ്റം

ക്ഷേത്രകലാ അക്കാദമിയും മാടായി ബിആര്‍സിയും ചേര്‍ന്ന് നടത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ചെണ്ടമേളം അരങ്ങേറ്റം മാടായി ബേങ്ക് ഓഡിറ്റോറിയത്തില്‍് നടന്നു. പരിപാടി എം വിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  കഴിഞ്ഞ ഒന്നര വര്‍ഷത്തെ പ്രയത്‌നത്തിനു ശേഷമാണ് മാടായി ബിആര്‍സിയിലെ പ്രത്യേകം പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ക്ഷേത്രകലാ അക്കാദമി പരിശീലനം നല്‍കിയത്. ചെറുതാഴം വയലപ്ര സ്വദേശി കെ വി വിജിന്‍കാന്താണ് പരിശീലകന്‍. ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ.കെഎച്ച് സുബ്രഹ്‌മണ്യന്‍ അധ്യക്ഷനായി. മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ ടി കെ സുധി വിശിഷ്ടാതിഥിയായി. എസ്എസ്എ ജില്ലാ കോഡിനേറ്റര്‍ ഇസി വിനോദ് ഉപഹാര സമര്‍പ്പണം നടത്തി. ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പരിപാടിയില്‍ പിപി ദാമോദരന്‍, സിപി ഷിജു, ഒപി ശൈലജ, രാജേഷ് കടന്നപ്പള്ളി, പുഷ്പ ടി, ചെറുതാഴം ചന്ദ്രന്‍, കെവി വിജിന്‍ കാന്ത്, എം വി വിനോദ് കുമാര്‍ സ്വാഗതവും ബബിത പീറ്റര്‍ എന്നിവര്‍  പങ്കെടുത്തു.

 വൈദ്യുതി മുടങ്ങും

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വാവല്‍മട, പട്ടുവം, കരുവാടകം, ഹാജിമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 11 ബുധന്‍ രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍  ഇലക്ട്രിക്കല്‍ സെക്ഷനിലെ ചട്ടുകപ്പാറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 11 ബുധന്‍ രാവിലെ 7.30 മുതല്‍ 11 മണി വരെയും ചട്ടുകപ്പാറ സ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട്  മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ  ഏര്യം ടവര്‍, ഏര്യം ടൗണ്‍ എന്നീ ഭാഗങ്ങളില്‍ മെയ് 11 ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ  പുതിയതെരു കപ്പാലം, വിവേകാനന്ദ റോഡ്, ആശാരി കമ്പനി, പുഴാതി പി എച്ച് സി, കൊല്ലറത്തിക്കല്‍, എ കെ ജി റോഡ് എന്നീ ഭാഗങ്ങില്‍ മെയ് 11 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും
   
മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 12,13  തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക്  രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.
സ്റ്റോര്‍ മാനേജര്‍, ഫ്‌ളോര്‍ മാനേജര്‍, ഫിനാന്‍സ് മാനേജര്‍, ഇന്‍വെന്ററി മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, മാനേജ്മന്റ്‌ട്രെയിനി, ഗ്രാഫിക് ഡിസൈനര്‍, ടെലികോളര്‍, സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, റീസീവിങ് സ്റ്റാഫ്, കമ്മ്യൂണിക്കേഷന്‍ മാനേജര്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ബില്ലിങ്, ഹോസ്റ്റസ്, സോര്‍സിങ് എക്‌സിക്യൂട്ടീവ്, സിവില്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഡ്രൈവര്‍, ലോഡിങ് സ്റ്റാഫ്, സെക്യൂരിറ്റി ഗാര്‍ഡ്‌സ്, ഇലക്ട്രിഷ്യന്‍, ഫൈബര്‍ എഞ്ചിനീയര്‍, മെക്കാനിക് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു/ ഡിഗ്രി, പി ജി, എം ബി എ, ബി ടെക്, ഐ ടി ഐ, ഡിപ്ലോമ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, സിവില്‍.
താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. 0497 2707610, 6282942066.

ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിസരത്തും മോട്ടോര്‍ വാഹന വകുപ്പിന്റെ  തോട്ടട ടെസ്റ്റ് ഗ്രൗണ്ട് പരിസരത്തും കെട്ടികിടക്കുന്ന വാഹനങ്ങള്‍ സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നികുതി കുടിശ്ശിക അടച്ച് തിരിച്ചെടുക്കാവുന്നതാണ്. ഇതിനായി വാഹന ഉടമകള്‍ ആര്‍ ടി ഓഫീസുമായി ബന്ധപ്പെടുക. അല്ലാത്തപക്ഷം ഇനിയൊരറിയിപ്പില്ലാതെ വാഹനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2700566

ദര്‍ഘാസ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ  സെന്‍ട്രല്‍ ലൈബ്രറിയില്‍ ഇലക്ട്രിക്കല്‍ വയറിങ്ങ് പ്രവൃത്തി ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് നമ്പര്‍, തീയതി എന്നിവ രേഖപ്പെടുത്തി മുദ്ര വച്ച കവറുകള്‍ പ്രിന്‍സിപ്പല്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജ് , കണ്ണൂര്‍- എന്ന വിലാസത്തില്‍ അയക്കണം. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 22 ന് വൈകിട്ട് മൂന്ന് മണി വരെ. ഫോണ്‍: 0497 2780226.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ മെയിന്‍ ബ്ലോക്കിലെയും ബി ബ്ലോക്കിലെയും ടോയ്‌ലറ്റുകളിലെ വാതിലുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 21ന്  ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.    
 

date