സൗജന്യ ചികിത്സയൊരുക്കി ആരോഗ്യ വകുപ്പ്
സംസ്ഥാന സര്‍ക്കാരിന്റെ ഓന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാളുകള്‍ പ്രവര്‍ത്തന മികവില്‍ വ്യത്യസ്തമാകുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അലോപ്പതി- ആയുര്‍വേദ - ഹോമിയോപ്പതി സ്റ്റാളുകളില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യ പരിശോധന ഒരുക്കിയും, രോഗങ്ങളെക്കുറിച്ചും രോഗികളുടെ സംശയങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശവും നല്‍കിയാണ് വ്യത്യസ്തമാകുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'ആരോഗ്യ കേരളം' സ്റ്റാളില്‍ അലോപ്പതി പരിശോധന ഒരുക്കിയിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങളായ രക്തസമ്മര്‍ദം, പ്രമേഹം എന്നിവ പരിശോധിക്കാനും ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനവും സൗജന്യ ചികിത്സക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാഥമിക ചികിത്സ സൗകര്യവും ഇവിടെയുണ്ട്. എലിപ്പനി, കോളറ, മന്ത് തുടങ്ങിയ രോഗങ്ങള്‍ - രോഗകാരികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ശുചിത്വം പാലിക്കാം തുടങ്ങി ബോധവത്കരണ ഭാഗമായി ഒരുക്കിയിട്ടുള്ള പോസ്റ്റര്‍ പ്രദര്‍ശനവും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. കൊതുക്, ഈച്ച നശീകരണത്തിനുപയോഗിക്കുന്ന ഫോഗ്ഗിംഗ് മെഷീന്, യു.എല്‍.വി ആപ്ലിക്കേറ്റര്‍, സ്പ്രെയര്‍ എന്നീ ഉപകരണങ്ങളും സ്റ്റാളില്‍ പ്രാദര്ശിപ്പിച്ചിട്ടുണ്ട്.
ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ള സ്റ്റാളില്‍ ആയൂര്‍വേദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കൂടാതെ സൗജന്യ നേത്ര പരിശോധനയും ചികിത്സയമുണ്ട്. ഔഷധ സസ്യങ്ങളെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി നീര്‍മരുത്, ആര്യവേപ്പ്, അശോകം, നെല്ലി, ശംഖുപുഷ്പം, വയമ്പ്, ചെറൂള, പനികൂര്‍ക്ക തുടങ്ങി വിവിധയിനം ഔഷധ സ്യങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഔഷധ സസ്യങ്ങളുടെ പേര് അവയുടെ ശാസ്ത്രീയ നാമം, ഔഷധമായി ഉപയോഗിക്കേണ്ട ഭാഗം, ഏത് തരം രോഗ കാരണങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും പ്ലക്കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവക്ക് പുറമെ വിവിധ അങ്ങാടി മരുന്നുകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന മേളയില്‍ ഒരുക്കിയിട്ടുള്ള സ്റ്റാളിലും ഡോക്ടറുടെ സൗജന്യ സേവനം ലഭ്യം. ഇവിടെ ശരീരഭാരം, പൊക്കം, ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ) എന്നിവ പരിശോധിക്കാനുള്ള ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ബി.എം.ഐ പരിശോധനയില്‍ തൂക്കം, പൊക്കം എന്നിവ അറിയുന്നതിനൊപ്പം അമിത വണ്ണം, തൂക്ക കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും ഭക്ഷണ ക്രമീകരണ നിര്‍ദേശങ്ങളും ഡോക്ടര്‍മാര്‍ നല്‍കും. ഇവയ്ക്ക് പുറമെ സൗജന്യ പ്രമേഹ - രക്തസമ്മര്‍ദ പരിശോധനയ്ക്കും സൗകര്യമുണ്ട്. ഹോമിയോ ആശുപത്രികളില്‍ ജനനി, ആയുഷ്മാന്‍ ഭവ, സീതാലയം തുടങ്ങി ഹോമിയോപ്പതിയിലെ വിവിധ വിഭാഗങ്ങളില്‍ ലഭ്യമാകുന്ന ചികിത്സാ പദ്ധതികളുടെ വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.
- Log in to post comments