മേളയില്‍ ജനകീയനായി ജനീഷ് കുമാര്‍ എംഎല്‍എ
ഭരണ നിര്‍വഹണം നടത്താന്‍ മാത്രമല്ല ബാസ്‌കറ്റ് ബോള്‍ കളിക്കാനും അറിയാം അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എക്ക്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എക്‌സൈസ് വകുപ്പിന്റെ വിമുക്തി സ്റ്റാളിലാണ് എംഎല്‍എ ബാസ്‌കറ്റ് ബോള്‍ എറിഞ്ഞ് താരമായത്.
ആദ്യ അവസരം തെല്ലിട വ്യത്യാസത്തില്‍ വിജയിക്കാതെ പോയപ്പോള്‍ അടുത്ത ബോള്‍ കൃത്യമായി ബാസ്‌ക്കറ്റിലിട്ട് സമ്മാനവും വാങ്ങി എംഎല്‍എ കാണികളെ ഞെട്ടിച്ചു. എംഎല്‍എയോടൊപ്പം സെല്‍ഫി എടുക്കുവാന്‍ തിരക്കായിരുന്നു മേളയില്‍. എല്ലാ സ്റ്റാളുകളിലും കയറിയിറങ്ങി സ്റ്റാള്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞാണ് അദ്ദേഹം സ്റ്റാള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്.
സ്റ്റാളില്‍ സജീകരിച്ച ബസ് വയര്‍ ഗെയിമിലും ഒരു കൈ നോക്കി. വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ കലണ്ടര്‍ കാല്‍ക്കുലേഷന്‍ നടത്തുന്ന ഭിന്നശേഷിക്കാരനായ ക്രിസ്റ്റി തോമസ് അലക്‌സാണ്ടറുടെ അടുത്തും അദ്ദേഹം സമയം ചെലവഴിച്ചു. ആരോഗ്യ വകുപ്പിന്റെ സ്റ്റാളുകളില്‍ കയറി വിവരങ്ങള്‍ തിരക്കി. പോലീസിന്റെ വാര്‍ത്താവിനിമയ ശൃംഖല, വയര്‍ലസ് സെറ്റ് പ്രവര്‍ത്തനം എന്നിവയും പരിശോധിച്ചു. സാമൂഹിക നീതി വകുപ്പിന്റെ ജില്ലയിലെ വിവിധ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍, ബഡ് സ്‌കൂള്‍ എന്നിവര്‍ നടത്തുന്ന വിപണിയിലെത്തിയപ്പോള്‍ ജനപ്രതിനിധി കുടുംബസ്ഥനായി, വീട്ടിലേക്കുള്ള ഒരു കുപ്പി ലോഷനും വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്.
- Log in to post comments