Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 13-05-2022

യോഗോത്സവ് ബോധവത്കരണം

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിനു മുന്നോടിയായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ യോഗോത്സവ് പ്രചാരണ പരിപാടിക്ക് തുടക്കമായി. കണ്ണൂരിലെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ഇരിട്ടി ബ്ലോക്ക് ഐ സി ഡി എസുമായി ചേർന്നു പെരുമ്പറമ്പ് യു പി സ്‌കൂളിൽ നടത്തിയ യോഗോത്സവ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ശാരീരിക, ബൗദ്ധിക, മാനസിക ആരോഗ്യമുള്ള സമൂഹ നിർമ്മിതിക്ക്  യോഗ വലിയ തോതിൽ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ ആയുഷ് ഗ്രാമം യോഗ ഇൻസ്ട്രക്ടർ ഷീല ജനാർദനൻ പ്രഭാഷണവും യോഗ പ്രദർശനവും നടത്തി.
ഇരിട്ടി ബ്ലോക്ക് വനിതാ ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ അധ്യക്ഷയായി. കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ മാത്യു, സ്‌കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണ കുറുപ്പ്, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് കെ എസ് ബാബു രാജൻ, ഐ സി ഡി എസ് സൂപ്പർവൈസർ കെ ഗീത  എന്നിവർ സംസാരിച്ചു.

പട്ടികവർഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

പട്ടികവർഗ വിഭാഗത്തിലെ യുവജനങ്ങളിൽ നിന്ന് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് പട്ടിക വർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 30 വയസിന് താഴെയുള്ളവരും കുറഞ്ഞത് 50 ശതമാനം മാർക്കാടെ ബിരുദം പൂർത്തീകരിച്ചവരോ ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം അപേക്ഷകർ. സെമസ്റ്റർ സമ്പ്രദായത്തിൽ ബിരുദപഠനം നടത്തിയവരാണെങ്കിൽ അവസാന സെമസ്റ്റർ പരീക്ഷകളിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.  കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.
പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതമുള്ള അപേക്ഷ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ജൂൺ ഒന്നിന് വൈകിട്ട് അഞ്ച് മണിക്കകം നേരിട്ടോ തപാൽ മാർഗമോ ലഭ്യമാക്കണം.  വിലാസം: പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാംനില, തിരുവനന്തപുരം - 695033.  ഫോൺ: 04972 700357 (കണ്ണൂർ).

നിയമസഭാ സമിതി തെളിവെടുപ്പ് ജൂൺ ഏഴിന്

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി മെയ് 17ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന യോഗം ജൂൺ ഏഴിന് രാവിലെ 10.30 മണിയിലേക്ക് മാറ്റിയതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ്: മദ്യശാലകൾ അടച്ചിടും

കണ്ണൂർ കോർപ്പറേഷനിലെ കക്കാട് (വാർഡ് 10), പയ്യന്നൂർ നഗരസഭയിലെ മുതിയലം (വാർഡ് 7), കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (വാർഡ് 7), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുംപുറം (വാർഡ് 6), മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവ്വേലി (വാർഡ് 5)  എന്നിവിടങ്ങളിൽ മെയ് 17ന് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ  മെയ് 15ന് വൈകീട്ട് അഞ്ച് മുതൽ 17ന് വൈകീട്ട് ആറ് വരെയും വോട്ടെണ്ണൽ ദിവസമായ മെയ് 18നും ഉപതെരഞ്ഞെടുപ്പ് പരിധിയിലുള്ള മദ്യശാലകൾ അടച്ചിടാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു.

വോട്ട് ചെയ്യാൻ അനുമതി നൽകണം

മെയ് 17ന്   ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂർ കോർപ്പറേഷനിലെ കക്കാട് (വാർഡ് 10), പയ്യന്നൂർ നഗരസഭയിലെ മുതിയലം (വാർഡ് 7), കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (വാർഡ് 7), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുംപുറം (വാർഡ് 6), മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവ്വേലി (വാർഡ് 5)  എന്നീ വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷൻ എന്നിവയിലെ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ
 ബന്ധപ്പെട്ടവർ അനുമതി നൽകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ദേശീയ ചൂണ്ടയിടൽ മത്സരം 22ന് ഏഴോത്ത്

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മെയ് 22ന് രാവിലെ 10ന് ഏഴോം പുഴയോരത്ത് ദേശീയ ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കും. രജിസ്്രേടഷൻ ഫീസായ ആയിരം രൂപ അടച്ച് ഡി ടി പി സി യുടെ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഏറ്റവും ഭാരം കൂടിയ മത്സ്യം പിടിക്കുന്നവർക്ക് ഒന്നാം സമ്മാനമായി 50,000 രൂപയും രണ്ടാം സമ്മാനമായി 25,000 രൂപയും ലഭിക്കും.  ഫോൺ 0497 2706336

വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ വൻകുളത്ത് വയൽ, കൊട്ടാരത്തുംപാറ, പുന്നക്കപ്പാറ,  അക്ലിയത്ത് അമ്പലം, പണ്ടാരത്തുംകണ്ടി, കച്ചേരിപ്പാറ, തെക്കൻമാർകണ്ടി, പൂതപ്പാറ എന്നീ ഭാഗങ്ങളിൽ മെയ് 14 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചെറുവത്തലമൊട്ട ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 14 ശനി രാവിലെ 7.30 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിപ്പറമ്പ്, എ പി സ്റ്റോർ പള്ളിപ്പറമ്പ് , കോടിപൊയിൽ, മുബാറക് റോഡ്, സദ്ദാംമുക്ക്, കാവുംചാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 14 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ കീരിയാട് ബുഷ്റ കമ്പനി, ഗ്രീൻ വുഡ് കമ്പനി, കൊല്ലറത്തിക്കൽ താഴെ ഭാഗം, എം ആർ എഫ് ടയർ ഗോഡൗൺ പരിസരം എന്നീ ഭാഗങ്ങളിൽ മെയ് 14 ശനി രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

date