മന്ത്രിയെത്തി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈമാറി
സഹനപര്‍വ്വം താണ്ടുന്ന രമ്യക്കും കുടുംബത്തിനും ആശ്വാസം
വൃക്കരോഗിയായ ഭര്‍ത്താവ്, ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസും, അനുബന്ധ പരിശോധകളും, മരുന്നുകളും, പതിമൂന്നുകാരിയായ മകളുടെ പഠന ചെലവുകള്‍ വേറെ.വരുമാനമോ തുച്ഛം. അഴീക്കോട് പഞ്ചായത്തിലെ ആരംഭന്‍ ഹൗസില്‍ എ രമ്യയുടെ ജീവിതമാണിത്. ജീവിത ദുരിതങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കേണ്ടി വന്ന ഈ വീട്ടമ്മ ഒരു സഹായമെന്ന നിലയ്ക്കാണ് മുന്‍ഗണനാ റേഷന്‍ കാര്‍ഡിനായി കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷിച്ചത്. ആഴ്ചകള്‍ക്കിപ്പുറം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനിലില്‍ നിന്ന് മുന്‍ഗണനാ റേഷന്‍കാര്‍ഡ് നേരിട്ട് ഏറ്റുവാങ്ങിയപ്പോള്‍ ഏറെ ആശ്വാസത്തിലാണിവര്‍. ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഒരു പിടിവള്ളി കിട്ടിയതിന്റെ ആശ്വാസം.
പട്ടികജാതി വിഭാഗക്കാരിയായ രമ്യയുടെ കുടുംബത്തില്‍ ആര്‍ക്കും ജോലിയില്ല. ഇരു വൃക്കകളും തകരാറിലായ ഭര്‍ത്താവ് ബൈജു ഗോപാലിന് ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം. വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. വൃക്ക മാറ്റിവെക്കാനുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍. എ എ വൈ കാര്‍ഡ് ലഭിച്ചതോടെ ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ചികിത്സ ലഭിക്കുമെന്ന ആശ്വാസവും ഇവര്‍ക്കുണ്ട്. മുന്‍ഗണനാ കാര്‍ഡിന്റെ ആനുകൂല്യങ്ങളും ഈ കുടുംബത്തിന് സഹായകമാകും. ഇത്രയും വേഗത്തില്‍ കാര്‍ഡ് ലഭ്യമാക്കിയ മന്ത്രിക്കും സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിച്ചാണ് രമ്യ മടങ്ങിയത്.
കണ്ണൂര്‍ കോര്‍പറേഷന്‍ പുഴാതി ഡിവിഷനിലെ അത്താഴക്കുന്ന് സ്വദേശിനി റഹീനാസിനുള്ള പി എച്ച് എച്ച് കാര്‍ഡും മന്ത്രി നല്‍കി. ഏക മകന്‍ മുഹമ്മദ് സെയിന്‍ സാഹിദ് കഴിഞ്ഞ 14 വര്‍ഷമായി സെറിബ്രല്‍ പാള്‍സി രോഗത്തിന് ചികിത്സ തേടുകയാണ്. ചികിത്സക്കായുള്ള പണം കണ്ടെത്താന്‍ പോലും പ്രയാസം അനുഭവിക്കുന്ന കുടുബത്തിനായി മന്ത്രി നേരിട്ട് ഇടപെട്ടാണ് പി എച്ച് എച്ച് കാര്‍ഡ് അനുവദിച്ചത്. ജില്ലാ സപ്ലൈ ഓഫീസ് സന്ദര്‍ശിക്കാനെത്തിയ മന്ത്രിക്കും ഇതൊരു സന്തോഷ നിമിഷമായി. ദുരിതമനുഭവിക്കുന്ന രണ്ട് കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നേരിട്ട് നല്‍കാനായതിന്റെ സന്തോഷം.
മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കുന്നതിലെ അപാകത പരിഹരിക്കുമെന്നത് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ വരുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 10 മാസത്തിനിടെ അര്‍ഹരായ 1.54 ലക്ഷം കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡ് നല്‍കാന്‍ കഴിഞ്ഞു. ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണന കാര്‍ഡ് നല്‍കാനുള്ള നടപടി പൂര്‍ത്തിയായെന്നും മന്ത്രി അഡ്വ.ജി ആര്‍ അനില്‍ പറഞ്ഞു.
മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബേബി കാസ്ട്രോ, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ രാജീവ്, കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രകാശന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
- Log in to post comments