Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 17-05-2022

മന്ത്രി ജി ആർ അനിൽ ബുധനാഴ്ച ജില്ലയിൽ

 

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ മെയ് 18 ബുധനാഴ്ച ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഒമ്പത് മണി കലക്ടറേറ്റ്, 12.30-ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണ ശാല ശിലാസ്ഥാപനം-പയ്യന്നൂർ പുല്ലുപാറ, വൈകിട്ട് മൂന്ന് മണി-ആദിവാസി ഊരുകളിലേക്കുള്ള മൊബൈൽ റേഷൻ വിതരണം ജില്ലാതല ഉദ്ഘാടനം-ആറളം.

 

സഞ്ചരിക്കുന്ന റേഷൻകട: ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച

 

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗോത്രവർഗ കോളനികളിൽ ആരംഭിക്കുന്ന സഞ്ചരിക്കുന്ന റേഷൻകടകളുടെ ജില്ലാതല ഉദ്ഘാടനം ഇരിട്ടി കീഴ്പ്പള്ളിയിൽ മെയ് 18ന് നടക്കും. കീഴ്പ്പള്ളി 18ാം നമ്പർ റേഷൻ കട പരിസരത്ത് വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. യാത്രാസൗകര്യം കുറഞ്ഞ ഗോത്രവർഗ കോളനികളിലേക്ക് റേഷൻകടയിൽ നിന്നു ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ നേരിട്ട് എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

ഭക്ഷ്യധാന്യ സംഭരണ ശാല: സംസ്ഥാനതല ശിലാസ്ഥാപനം മെയ് 18ന്

 

സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന ഭക്ഷ്യധാന്യ സംഭരണ ശാലകളുടെ സംസ്ഥാനതല ശിലാസ്ഥാപനം മെയ് 18നു പയ്യന്നൂർ താലൂക്കിലെ പുല്ലുപ്പാറയിൽ നടക്കും. രാവിലെ 11 മണിക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ശിലാസ്ഥാപനം നിർവഹിക്കും. സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സംഭരിക്കാനാണ് സംഭരണ ശാലകൾ നിർമിക്കുന്നത്. പുല്ലുപാറ പൊതുജന വായനശാല സൗജന്യമായി നൽകിയ 50 സെൻറ് സ്ഥലത്താണ് സംഭരണശാല നിർമ്മിക്കുന്നത്. ചടങ്ങിൽ ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനാവും.

 

രജിസ്‌ട്രേഷൻ പുതുക്കൽ മെയ് 31 വരെ

 

വിവിധ കാരണങ്ങളാൽ 2000 ജനുവരി ഒന്ന് മുതൽ 2022 മാർച്ച് 31വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം. രജിസ്‌ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 01/2022 വരെ രേഖപ്പെടുത്തിയവർക്ക് ഈ ആനുകൂല്യം ലഭിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് നിശ്ചിത സമയത്തിനുള്ളിൽ ചേർക്കാത്തവർക്കും നിയമനം ലഭിച്ച് ജോലിയിൽ പ്രവേശിക്കാനാകാതെ നിയമനാധികാരിയിൽ നിന്നും ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവർക്കും ജോലി ലഭിച്ചിട്ടും ആരോഗ്യപരമായ കാരണങ്ങളാലും ഉപരിപഠനാർഥവും തൊഴിൽ കാലയളവ് പൂർത്തിയാക്കാനാകാത്തവർക്കും സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സീനിയോറിറ്റി പുന:സ്ഥാപിച്ച് ലഭിക്കും. അവസാന തീയതി മെയ് 31.

 

സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കാം

 

തളിപ്പറമ്പ് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 1999 ഒക്ടോബർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം. സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തരമോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ്/നോൺ ജോയിനിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവ മേൽ പറഞ്ഞ കാലയളവിൽ നിശ്ചിത സമയ പരിധിക്കുള്ളിൽ ഹാജരാവാൻ സാധിക്കാതെ വന്ന ഉദ്യോഗാർഥികൾക്കും ആരോഗ്യപരമായ കാരണത്താലും ഉപരിപഠനാർഥവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലിയിൽ നിന്ന് വിടുതൽ ചെയ്തവർക്കുമാണ് അവസരം. അപേക്ഷകൾ മെയ് 31 വരെ ഓൺലൈനായും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് സഹിതം നേരിട്ടോ ദൂതൻ മുഖേനയോ തളിപ്പറമ്പ് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സമർപ്പിക്കാം.  www.eemployment.kerala.gov.in എന്ന വെബ് സൈറ്റിലെ ഹോം പേജിൽ നൽകിയ Special Renewal ഓപ്ഷൻ വഴി ഓൺലൈനായും സ്മാർട്ട് ഫോൺ ഉപയോഗിച്ചും രജിസ്‌ട്രേഷൻ പുതുക്കാം. ഫോൺ: 0460 2209400.

 

വനിതാ കമ്മീഷൻ അദാലത്ത്

 

വനിതാ കമ്മീഷൻ അദാലത്ത് മെയ് 21ന് രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.

 

അസിസ്റ്റന്റ് പ്രൊഫസർ ഇന്റർവ്യൂ 23ന്

 

ഐ എച്ച് ആർ ഡിയുടെ ചീമേനി അപ്ലൈഡ് സയൻസ് കോളേജിൽ  കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് മെയ് 23ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടത്തുന്നു.  അതത് വിഷയങ്ങളിൽ പി ജി, നെറ്റ് എന്നിവയാണ് യോഗ്യത.  നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.  താൽപര്യമുള്ളവർ യോഗ്യതകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.

 

ദേവസ്വം പട്ടയകേസുകൾ മാറ്റി

 

കലക്ടറേറ്റിൽ മെയ് 18, 19 തീയതികളിൽ വിചാരണ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ യഥാക്രമം ജൂൺ എട്ട്, ഒമ്പത് തീയ്യതികളിൽ രാവിലെ 11 മണിയിലേക്കു മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

 

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 21ന്

 

സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിന്റെ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ മെയ് 21ന് കണ്ണൂർ തളാപ്പ് ചിൻമയ മിഷൻ കോളേജിൽ നടക്കും.  പരീക്ഷയുമായി ബന്ധപ്പെട്ട ഹാൾടിക്കറ്റോ, നിരസന അറിയിപ്പോ ലഭിക്കാത്തവർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം.  ഫോൺ: 0497 2999201.

 

ഗസ്റ്റ് ലക്ചറർ നിയമനം

 

പെരിങ്ങോം ഗവ.കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ്, കൊമേഴ്സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ജേണലിസം എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കൊമേഴ്സ് വിഷയത്തിന്റെ ഇന്റർവ്യൂ മെയ് 24നും ഇംഗ്ലീഷ്, ഹിസ്റ്ററി 25നും, മലയാളം, ഹിന്ദി 26നും സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്  27നും ജേണലിസം ജൂൺ രണ്ടിനുമാണ് ഇന്റർവ്യൂ നടക്കുക. കോഴിക്കോട്  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് ദിവസം രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.  ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരേയും പരിഗണിക്കും.  ഫോൺ: 04985 295440, 8304816712. ഇ മെയിൽ: govtcollegepnr@gmail.com.

 

വൈദ്യുതി മുടങ്ങും

 

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം ടവർ, ഏര്യം ടൗൺ, കണ്ണംകൈ എന്നീ  ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പട്ടുവം, വാവൽമട, ഹാജിമുക്ക്, കരുവാടകം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച്  മണി വരെ  വൈദ്യുതി മുടങ്ങും.

ചൊവ്വ  ഇലക്ട്രിക്കൽ സെക്ഷനിലെ കിഴുത്തള്ളി, രാജൻപീടിക, ഐടിഐ പരിസരം, ജെടിഎസ് എന്നീ ഭാഗങ്ങളിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച്  മണി വരെ  വൈദ്യുതി മുടങ്ങും.

ചെമ്പേരി  ഇലക്ട്രിക്കൽ സെക്ഷനിലെ ചേറ്റടി, പുള്ളവനം, മൈകാട്, കോട്ടയംതട്ട്, പുരയിടതിൽ കവല, കാണാമല, കുടിയാന്മല ലോവർ എന്നീ ഭാഗങ്ങളിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച്  മണി വരെ  വൈദ്യുതി മുടങ്ങും.

     പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചീത്തപാറ ഭാഗങ്ങളിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ  വൈദ്യുതി മുടങ്ങും.

     ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മലബാർ ക്രഷർ, മലബാർ പെയിന്റ്, മോഡേൺ വുഡ്, സിബ്ഗ, കല്യാട്  പറമ്പ്, കല്യാട് പടിഞ്ഞാറേക്കര, കല്യാട് സ്‌കൂൾ, കിനാക്കൂൽ ക്രഷർ എന്നീ ഭാഗങ്ങളിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച്  മണി വരെ  വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ഉരുവച്ചാൽ, പഴശ്ശി, സംഗമം, ബാവോട്ടുപാറ, മഞ്ചേരിപ്പൊയിൽ എന്നീ ഭാഗങ്ങളിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച്  മണി വരെ  വൈദ്യുതി മുടങ്ങും.

 

മരം ലേലം

 

കണ്ണൂർ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ് കോമ്പൗണ്ടിൽ കെട്ടിടത്തിന് അടുത്തായി ലാബിൽ വരുന്ന രോഗികൾക്ക് ഭീഷണിയുയർത്തുന്ന മരം മുറിച്ചുമാറ്റുന്നതിനുള്ള അവകാശം മെയ് 24ന് രാവിലെ 11 മണിക്ക് ഓഫീസിൽ ലേലം ചെയ്യും.

 

ടെൻഡർ ക്ഷണിച്ചു

 

വനം വന്യജീവി വകുപ്പ് കണ്ണൂർ ഡിവിഷന്റെ കീഴിൽ കണ്ണോത്തുംചാൽ ഫോറസ്റ്റ് കോംപ്ലക്സ് കോമ്പൗണ്ട് റീ ടാറിങ് പ്രവൃത്തി, കണ്ണോത്തുംചാൽ ക്വാർട്ടേഴ്സ് കോമ്പൗണ്ടിൽ ഡ്രെയിനേജ് പ്രവൃത്തി എന്നിവ ഏറ്റെടുത്ത് നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത അംഗീകൃത എ, ബി, സി, ഡി ക്ലാസ് കരാറുകാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മെയ് 27 വൈകിട്ട് മൂന്ന് മണി വരെ ടെൻഡർസ്വീകരിക്കും.  ഫോൺ: 0497 2704808.

 

ദർഘാസ്/ ലേലം

 

കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലുള്ള ഉപയോഗശൂന്യമായ വിവിധ സാധനങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതിന് ദർഘാസ് ക്ഷണിച്ചു.  ജൂൺ നാലിന് വൈകിട്ട് മൂന്ന് മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0497 2704808

date