Skip to main content

മാസ്റ്റര്‍പ്ലാന്‍ : പൊതു സെമിനാറുകള്‍ സംഘടിപ്പിക്കും

പത്തനംതിട്ട നഗരത്തിന്റെ മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചതിന്റെ ഭാഗമായി പൊതു സെമിനാറുകള്‍ ജൂണ്‍ മാസത്തില്‍ സംഘടിപ്പിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍. ഒരു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്നിരുന്ന മാസ്റ്റര്‍പ്ലാനിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിലേറിയതിനു ശേഷമാണ് സജീവമായത്. മാസ്റ്റര്‍പ്ലാനിന് അന്തിമരൂപം നല്കാന്‍ നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനായ 17 അംഗ സ്പെഷ്യല്‍ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

 

ഫെബ്രുവരിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം നിലവിലുള്ള അഞ്ച് നഗരാസൂത്രണ പദ്ധതികളെ മാസ്റ്റര്‍പ്ലാനില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. സ്‌കീം ഏരിയകളിലുള്ള വിവിധ റോഡുകള്‍ക്ക് ഏഴുമീറ്റര്‍ മുതല്‍ 21 മീറ്റര്‍ വരെ വീതി ഉണ്ടാകണമെന്ന സ്പെഷ്യല്‍ കമ്മറ്റിയുടെ ശുപാര്‍ശ കൗണ്‍സില്‍ അംഗീകരിച്ചു. മാസ്റ്റര്‍പ്ലാന്‍ നിലവില്‍ വരുന്നതോടെ ഭൂവിനിയോഗത്തില്‍ സമഗ്രമായ മാറ്റമുണ്ടാകും.

 

കൂടാതെ, നിലവിലുണ്ടായിരുന്ന പല നിയന്ത്രണങ്ങള്‍ക്കും ഇളവുണ്ടാകും. ടൂറിസം സാധ്യത കൂടി കണക്കിലെടുത്ത് റിങ് റോഡിനെയും സ്പെഷ്യല്‍ പ്രൊജക്റ്റ് ആയി പരിഗണിക്കും. വികസന-സാമൂഹിക-പശ്ചാത്തല മേഖലകളില്‍ വിപുലമായ പഠനമാണ് ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന്റെ  നേതൃത്വത്തില്‍ നടന്നത്. നിര്‍ദിഷ്ട മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയാക്കാന്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ ജി.അരുണ്‍, അസി.ടൗണ്‍ പ്ലാനര്‍ വിനീത് എന്നിവര്‍ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date