ജില്ലയിലെ 15 സ്‌കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ജില്ലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 15 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം രണ്ട് ചടങ്ങുകളിലായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഇതിൽ തീരദേശ വികസന കോർപറേഷൻ മുഖേന നിർമ്മിച്ച ഒമ്പത് സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടും.
മൂന്നു കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത പയ്യന്നൂർ മണ്ഡലത്തിലെ മാതമംഗലം സി പി എൻ എസ് ജി എച്ച് എസ് എസ്, തളിപ്പറമ്പിലെ ടാഗോർ വിദ്യാനികേതൻ ഗവ. എച്ച് എസ്.എസ്, ഒരു കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത കല്യാശ്ശേരിയിലെ ചെറുകുന്ന് ഗവ. വെൽഫെയർ എച്ച് എസ് എസ്, അഴീക്കോട്ടെ കാട്ടാമ്പള്ളി ജി എം യു പി എസ്, ഇരിക്കൂറിലെ കണിയഞ്ചാൽ ജി എച്ച് എസ്.എസ്, രയരോം ജി എച്ച് എസ്, ഉളിക്കൽ ജി എച്ച് എസ് എസ്, പ്ലാൻഫണ്ട് ഉപയോഗിച്ച് പണിത മട്ടന്നൂരിലെ മമ്പറം ഗവ.എച്ച് എസ് എസ്, എടയന്നൂർ ജി വി എച്ച് എസ് എസ് എന്നീ സ്‌കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനതലത്തിൽ 75 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഇവ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.
രണ്ടാമത്തെ ചടങ്ങിൽ ജില്ലയിൽ കേരള സംസ്ഥാന തീരദേശ കോർപ്പറേഷൻ മുഖേന പൂർത്തീകരിച്ച ധർമ്മടം, കണ്ണൂർ, കല്ല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിലെ ആറ് വിദ്യാലയങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 2.03 കോടി രൂപ ചെലവിൽ നിർമ്മിച്ച കല്ല്യാശ്ശേരി മണ്ഡലത്തിലെ ജി ജി എച്ച് എസ് എസ് മാടായി സ്‌കൂൾ കെട്ടിടം, 1.13 കോടി രൂപ ചെലവിൽ നിർമ്മിച്ച ധർമ്മടത്തെ ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട് കെട്ടിടം, 67.68 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പയ്യന്നൂരിലെ ജി എം യു പി എസ് കവ്വായി കെട്ടിടം, 1.35 കോടി രൂപ ചെലവിൽ നിർമ്മിച്ച ജി എച്ച് എസ് എസ് എട്ടിക്കുളം കെട്ടിടം, 1.40 കോടി രൂപ ചെലവിൽ നിർമ്മിച്ച കണ്ണൂർ ഗവ. സിറ്റി എച്ച് എസ് എസ് കെട്ടിടം, 73.67 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ജി യു പി എസ് നീർച്ചാൽ കെട്ടിടം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തീകരിച്ച 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയായി.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ, എംഎൽഎമാരായ ടിഐ മധുസൂദനൻ, എം വിജിൻ, കെ വി സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, അഡ്വ സജീവ് ജോസഫ്, കെ കെ ശൈലജ ടീച്ചർ എന്നിവർ വിവിധ സ്‌കൂളുകളിലെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.
- Log in to post comments