ഇവിടെ മെയ്ക്കരുത്തിന്റെ, മനക്കരുത്തിന്റെ പാഠങ്ങളും
തൊഴുതമർന്ന് അമർച്ചയിൽ ഇടത്ത് വെച്ച് വലത്തുകൊണ്ട് ചവിട്ടി....
അക്ഷരമാലകൾക്കും കുട്ടിക്കവിതകൾക്കും പുറമെ മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്കൂളിൽ ഈ വായ്ത്താരികൾ ഉയരുകയാണ്. സ്കൂൾ അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാൻ കളരി പാഠശാല രണ്ട് വർഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം വീണ്ടും സജീവമാവുകയാണ്.
പാഠ പുസ്തകങ്ങളിലെ അറിവുകൾക്കൊപ്പം മനക്കരുത്തും മെയ്ക്കരുത്തും നൽകി പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഇവിടെ. സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പേ തുടങ്ങുന്നു ഈ കളരിയുടെ ചരിത്രം. നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ എ കെ ശങ്കരൻ നമ്പ്യാരാണ് ഈ കളരി ആരംഭിച്ചത്. വർഷങ്ങൾക്ക് ശേഷം പ്രവർത്തനം മുടങ്ങിയെങ്കിലും 2000 ത്തിൽ കളരി പുനസ്ഥാപിച്ചു. കൊവിഡ് കാലത്ത് അടച്ചിടേണ്ടി വന്നെങ്കിലും കളരിമുറകളാൽ ഇവിടം വീണ്ടും സജീവമായി.
126 വർഷം പഴക്കമുള്ള മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്കൂളിന്റെ മുൻവശത്താണ് കളരി പാഠശാല. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 98 പേരാണ് പരിശീലനം നേടുന്നത്. എല്ലാ ദിവസവും പുലർച്ചെ അഞ്ചു മണിക്കും വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷവുമാണ് കളരി അഭ്യസിക്കുന്നത്. വി കെ രവീന്ദ്രൻ ഗുരുക്കളാണ് പരിശീലകൻ. അറപ്പക്കൈ സമ്പ്രദായമാണ് പ്രാധാനമായും പരിശീലിപ്പിക്കുന്നത്. മത്സരങ്ങൾക്കായി തെക്കൻ അടിതടയും പരിശീലിപ്പിക്കാറുണ്ട്. പ്രവേശന ഫീസായി 1000 രൂപയും പ്രതിമാസം 500 രൂപ ഫീസായും നൽകണം. ശങ്കരവിലാസം സ്കൂളിലെ വിദ്യാർഥികൾക്ക് ഫീസിളവും ഉണ്ട്
- Log in to post comments