കണ്ണൂര് അറിയിപ്പുകള് 20-06-2022
ഓംബുഡ്സ്മാൻ സിറ്റിംഗ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്സ്മാൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തുന്നു. ജൂൺ 22 ബുധനാഴ്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് ഓംബുഡ്സ്മാന് നൽകാം.
ആർ ടി എ യോഗം മാറ്റി
ജൂൺ 21ന് നടത്താൻ തീരുമാനിച്ച ആർ ടി എ യോഗം ജൂൺ 28 ലേക്ക് മാറ്റിയതായി കണ്ണൂർ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
വൈദ്യുതി മുടങ്ങും
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ വൻകുളത്തുവയൽ, ഹെൽത്ത് സെന്റർ, അക്ലിയത്ത് അമ്പലം, കൊട്ടാരത്തുംപാറ, പുന്നക്കപ്പാറ, പണ്ടാരത്തുംകണ്ടി, വായ്പറമ്പ്, കച്ചേരിപ്പാറ, ഗോവിന്ദൻ പീടിക, മസ്കോട്ട് എന്നിവിടങ്ങളിൽ ജൂൺ 21 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഉറുമ്പച്ചൻ കോട്ടം, താഴെതെരുമണ്ഡപം, ഏഴര, ക്ലീനാങ്കണ്ടികാവ്, സലഫിപള്ളി മുനമ്പ്, ബത്തമുക്ക്, നാരാണത്ത് പാലം എന്നിവിടങ്ങളിൽ ജൂൺ 21 ന് രാവിലെ 8.30 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണപുരം - മാടായി ഭൂഗർഭ കേബിൾ പ്രവൃത്തിയുടെ ഭാഗമായി ധർമ്മശാല സെക്ഷന്റെ കീഴിലുള്ള കണ്ടൻ ചിറ, ഹാൻഡ് ലൂം, എസ്.ഐ മുക്ക്, യൂനിവേഴ്സിറ്റി ഹൈറ്റ്സ്, പാലത്തും കുണ്ട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ജൂൺ 21 ചൊവ്വ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദുതി മുടങ്ങും.
ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ടൻ ചിറ, ഹാൻഡ്ലൂം, എസ്.ഐ മുക്ക് , യൂണിവേർസിറ്റി ഹൈറ്റ്സ്, പാലത്തും കുണ്ട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ജൂൺ 21 ചൊവ്വ രാവിലെ 9.30 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ കണ്ണപുരം - മാടായി യു ജി കേബിൾ പ്രവൃത്തിയുടെ ഭാഗമായി വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിൽ ജൂൺ 21 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ ചാത്തൻപാറ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ വള്ളൂരില്ലം, ചാല എച്ച് എസ്, പനോന്നേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 21 ചൊവ്വ രാവിലെ ഒമ്പത്് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിൽ തായത്തെരു, തായത്തെരു കട്ടിങ്ങ്, കണ്ണൂർ യൂനിവേഴ്സിറ്റി, മുഴത്തടം, കസാന കോട്ട, പി ആൻ്റ് ടി ക്വാർട്ടേർസ് എന്നിവിടങ്ങളിൽ ജൂൺ 21 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിൽ നരിയൻമാവ്, നെല്ലിക്കുറ്റി, ഏറ്റുപാറ, കുടിയാന്മല അപ്പർ, വെളിയനാട് എന്നിവിടങ്ങളിൽ ജൂൺ 21 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ സംഗമം, ബാവോട്ടുപാറ, മഞ്ചേരിപ്പൊയിൽ പ്രദേശങ്ങളിൽ ജൂൺ 21 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഖാദി സർവേ ഉദ്ഘാടനം 22ന്
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, പയ്യന്നൂർ ഖാദി കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഖാദി സർവേയുടെ ഉദ്ഘാടനം ജൂൺ 22ന് നടക്കും. രാവിലെ 11ന് ജില്ലാ കളക്ടറുടെ ചേംബറിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. കലക്ടർ എസ് ചന്ദ്രശേഖർ സംബന്ധിക്കും. ഓണം ഖാദി മേളയുടെ പ്രചരണത്തിന്റെ ഭാഗമായി സർക്കാർ അർധ സർക്കാർ, സഹകരണ ജീവനക്കാർക്ക് ഖാദിയോടുള്ള താൽപര്യം അറിയാനാണ് സർവേ നടത്തുന്നത്.
സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ്
കേരള അക്കാമദി ഫോർ സ്കിൽ എക്സലൻസും ഐ എച്ച് ആർ ഡിയും ചീമേനി അപ്ലൈഡ് സയൻസ് കോളേജിൽ വനിതകൾക്കായി ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ/പ്ലംബിങ്, ഇലക്ട്രോണിക്സ് സർവീസ് എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകൾക്ക് ജൂലൈ ആറിനകം അപേക്ഷിക്കണം. അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവർ, എസ് സി / എസ്.ടി/ ഒ ബി സി വിഭാഗം, കോവിഡ്/പ്രളയം മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, സിങ്കിൾ പാരന്റ് ഉള്ളവർ, ഭിന്നശേഷിക്കാരുടെ മാതാവ്, വിധവ/വിവാഹ ബന്ധം വേർപെടുത്തിയവർ, ഒറ്റ പെൺകുട്ടിയുടെ മാതാവ് എന്നിവർക്കാണ് അർഹത. യോഗ്യത: എസ് എസ് എൽ സി. കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക. ഫോൺ: 9605446129
ഇഎംഎസിന്റെ ലോകം; സെമിനാർ 23ന്
ജില്ലാ സെൻട്രൽ ലൈബ്രറിയിലെ ഇഎംഎസ് ചെയറിന്റെ ആഭിമുഖ്യത്തിൽ ഇഎംഎസിന്റെ ലോകം എന്ന പേരിൽ ജൂൺ 23 രാവിലെ 10 മണിക്ക് സെമിനാർ സംഘടിപ്പിക്കും. കണ്ണൂർ ശിക്ഷക് സദനിൽ നടക്കുന്ന സെമിനാറിൽ 'വികസനം കേരള മാതൃക' എന്ന വിഷയത്തിൽ ഡോ. വി ശിവദാസൻ എം പിയും മതനിരപേക്ഷ ഇന്ത്യ എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും പ്രഭാഷണം നടത്തും
മട്ടന്നൂർ ജില്ലാ അഡീഷണൽ ട്രഷറി കെട്ടിടോദ്ഘാടനം 21ന്
മട്ടന്നൂർ ജില്ലാ അഡീഷണൽ ട്രഷറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 21 ചൊവ്വാഴ്ച രാവിലെ 11.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയാകും.
തലശ്ശേരി- വളവുപാറ റോഡിൽ മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് സമീപമാണ് ജില്ലാ അഡീഷണൽ ട്രഷറിക്കായി ആധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടം നിർമ്മിച്ചത്. പഴശ്ശി ഇറിഗേഷന്റെ കീഴിലെ 20 സെന്റ് സ്ഥലത്താണിത്. 2.3 കോടി രൂപ ചെലവിൽ പി ഡബ്ല്യുഡി ആണ് നിർമ്മാണ പ്രവൃത്തി നടത്തിയത്. തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ, പേരാവൂർ, ഇരിട്ടി, മട്ടന്നൂർ സബ് ട്രഷറികൾ, പെൻഷൻ പെയ്മെന്റ് സബ് ട്രഷറി തലശ്ശേരി എന്നിവയാണ് മട്ടന്നൂർ ജില്ലാ അഡീഷണൽ ട്രഷറിക്ക് കീഴിൽ വരുന്നവ. 2000ൽ പ്രവർത്തനം ആരംഭിച്ച ട്രഷറി വാടക കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.
പഴയങ്ങാടി സബ് ട്രഷറി കെട്ടിടോദ്ഘാടനം 21ന്
പഴയങ്ങാടി സബ് ട്രഷറിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 21ന് രാവിലെ 10ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. 4150 ച.മീ വിസ്തീർണത്തിൽ രണ്ടു നിലകളിലായാണ് അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടം ഒരുക്കിയത്. 2.43 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഇടപാടുകാർക്ക് മികച്ച സേവനം നൽകാനുള്ള കൗണ്ടറുകൾ, ഓപ്പൺ ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ഇൻകലാണ് കെട്ടിട നിർമ്മാണ നിർവഹണം നടത്തിയത്. 39 വർഷമായി മാടായി ബാങ്കിന്റെ വാടക കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിക്കുന്നത്.
ക്ഷീര കർഷകർക്ക് പരിശീലനം
ബേപ്പൂർ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശുദ്ധമായ പാലുൽപ്പാദന പരിശീലനം സംഘടിപ്പിക്കുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂൺ 28, 29 തീയ്യതികളിലാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപ. തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് ഹാജരാക്കണം. താൽപര്യമുള്ളവർ ജൂൺ 25ന് വൈകിട്ട് അഞ്ചു മണിക്കകം dd-dtc-kkd.dairy@kerala.gov.in എന്ന മെയിൽ ഐഡി വഴിയോ 0495 2414579 എന്ന നമ്പർ മുഖേനയോ പേര് രജിസ്റ്റർ ചെയ്യണം.
ആരോഗ്യ മേള ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേതൃത്വത്തിൽ ബ്ലോക്ക്തല ആരോഗ്യമേളകൾ സംഘടിപ്പിക്കുന്നു. മേളയുടെ ജില്ലാതല ഉദ്ഘാടനം ഇരിവേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജൂൺ 21ന് രാവിലെ പത്ത് മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവ്വഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിക്കും.
എല്ലാ റവന്യൂ ബ്ലോക്കുകളിലുമാണ് മേളകൾ സംഘടിപ്പിക്കുന്നത്. സർക്കാർ നടപ്പിലാക്കുന്ന വിവിധ ആരോഗ്യ പരിപാടികളെ പരിചയപ്പെടുത്തുക, പകർച്ചവ്യാധികളും സാംക്രമികേതര രോഗങ്ങളും തടയുന്നതിന് അവബോധം വർധിപ്പിക്കുക, നേരത്തെയുള്ള രോഗനിർണ്ണയം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. മേളയിൽ വിവിധ ആരോഗ്യ ബോധവൽക്കരണ സ്റ്റാളുകൾ സജ്ജമാക്കും. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഇതിന് പുറമേ കായിക മത്സരങ്ങൾ, ആരോഗ്യ ബോധവൽക്കരണ സെമിനാറുകൾ, ഫ്ളാഷ് മോബ്, ആരോഗ്യ സന്ദേശ റാലി, യോഗ പ്രദർശനം എന്നിവയും നടക്കും.
---------------------------------------------------------------------------------------------------
ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കുന്നു
ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് പ്രവ്യത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, സാങ്കേതിക അനുമതി നൽകൽ, നിർവ്വഹണ മേൽനോട്ടം, ബിൽ തയ്യാറാക്കൽ എന്നീ സേവനങ്ങൾ നൽകുന്നതിനായി ജില്ലാ ആസൂത്രണ സമിതി ജില്ലാതലത്തിൽ ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കുന്നു. പൊതുമരാമത്ത് (ഇലക്ട്രിക്കൽ/ഇലക്ടോണിക്സ്), കെഎസ്ഇബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കെൽട്രോൺ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയർമാർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും പ്രവൃത്തി പരിചയം സംബന്ധിച്ച രേഖകളുടെ പകർപ്പും സഹിതം ജൂൺ 30നകം ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ പ്ലാനിംഗ് ഓഫീസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ-2 എന്ന വിലാസത്തിൽ അപേക്ഷിക്കാം. ഫോൺ 0497 2700765. ഇമെയിൽ dpokannur@gmail.com
- Log in to post comments