അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം
നിത്യജീവിതത്തില്‍ യോഗയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സരസകവി മൂലൂര്‍ സ്മാരകത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. എഫ് ഫോര്‍ ഫ്രഷ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എം.വി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങ് മുന്‍ എംഎല്‍എ കെ. സി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗദിനത്തിന്റെ പ്രമേയമായ ''മനുഷ്യത്വത്തിനായി യോഗ'' എന്ന വിഷയത്തില്‍ എന്‍.വൈ.എഫ് യോഗ പരിശീലക അക്കാമ്മ ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. ശാരീരിക മാനസികാരോഗ്യത്തിന് ഓരോ വ്യക്തിയും നിത്യജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട യോഗാസനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു.
കൃഷിയും സംയോജിത വള പ്രയോഗവും എന്ന വിഷയത്തില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് (അഗ്രോണമി) വിനോദ് മാത്യുവും സഹകരണ മേഖലയിലെ വളനിര്‍മ്മാണ കമ്പനിയായ ഇഫ്‌കോ പ്രതിനിധി രാജേഷിന്റെ നേതൃത്വത്തില്‍ നാനോ വളങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, സരസകവി മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ. ഡി പ്രസാദ്, ഡോ.സിന്ധു സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments