Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 27-06-2022

വനമിത്ര അവാർഡ്: അപേക്ഷ ക്ഷണിച്ചു

 

കേരള വനം-വന്യജീവി വകുപ്പ് 'വനമിത്ര 2022-23' പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളിൽ ജൈവവൈവിധ്യം നിലനിർത്താനും (കാർഷിക ജൈവവൈവിധ്യം അടക്കം), കാവ്, കണ്ടൽ വനം, ഔഷധ സസ്യങ്ങൾ തുടങ്ങിയവ സംരക്ഷിക്കാനും സ്തുത്യർഹവും നിസ്വാർഥവുമായ സംഭാവനകൾ നൽകിയ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, കൃഷിക്കാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. പുരസ്‌കാരത്തിന് അർഹരാകുന്നവർക്ക് ഓരോ ജില്ലയിൽ നിന്നും 25000 രൂപയുടെ ക്യാഷ് അവാർഡും ഫലകവുമാണ് നൽകുക. കണ്ണൂർ ജില്ലയിലെ അപേക്ഷകർ അവാർഡിനുള്ള അർഹത സാധൂകരിക്കുന്ന കുറിപ്പും ഫോട്ടോകളും സഹിതം അപേക്ഷ ജൂലൈ 30 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി കണ്ണൂർ കണ്ണോത്തുംചാലിലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2705105.

 

മിനി ജോബ് ഫെയർ

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂൺ 29,30 തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു. പൈത്തൺ-ഡിജാങ്കോ, പൈത്തൺ-ഡാറ്റ സയൻസ്, ഫ്‌ളട്ടർ, ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, യു ഐ /യു എക്‌സ് / ഡവലപ്പർ, മേൺ സ്റ്റേക്ക്, റിയാക്ട് ജെ എസ്, സോഫ്റ്റ് വെയർ ടെസ്റ്റിങ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ബ്രാഞ്ച് മാനേജർ, കളക്ഷൻ മാനേജർ, ബുക്കിങ് ഓഫീസർ, കളക്ഷൻ എക്‌സിക്യൂട്ടീവ്, സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, ഫൈബർ എഞ്ചിനീയർ, ഇലക്ട്രീഷ്യൻ, സ്റ്റുഡന്റ് കൗൺസലർ, പ്രോഗ്രാമിംഗ് ഫാക്കൽറ്റി, അക്കൗണ്ടിങ് ഫാക്കൽറ്റി, ബ്യൂട്ടീഷ്യൻ ഫാക്കൽറ്റി, എം എൽ ടി/ ഡി ഡി എം എൽ ടി ഫാക്കൽറ്റി, സർവീസ് അഡൈ്വസർ/ ബോഡി ഷോപ് അഡൈ്വസർ, മെക്കാനിക്, സ്‌പെയർ പാർട്‌സ് മാനേജർ/ അസിസ്റ്റന്റ്, സർവീസ് പ്രൊമോഷൻ എക്‌സിക്യൂട്ടീവ്, ടെലി-കോളർ, ഏജൻസി മാനേജർ, ഏജൻസി പാർട്ട്‌നർ, ബ്രാഞ്ച് കോ-കോർഡിനേറ്റർസ് എന്നിവയിലാണ് ഒഴിവുകൾ.

യോഗ്യത: പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ ടി ഐ, ഡിപ്ലോമ, ഓട്ടോമൊബൈൽ മെക്കാനിക്കൽ. താൽപര്യമുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

 

കാവുകൾക്ക് ധനസഹായം

 

ജൈവവൈവിധ്യങ്ങളുടെ കലവറയായ കാവുകൾ സംരക്ഷിക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് സഹായധനം നൽകുന്നു. താൽപര്യമുള്ള ദേവസ്വം കാവുടമസ്ഥർ, ട്രസ്റ്റുകൾ എന്നിവരിൽ നിന്ന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു. കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ സഹിതം അപേക്ഷ ജൂലൈ 30നകം കണ്ണൂർ കണ്ണോത്തുംചാലിലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. മുൻപ് ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറം വനം വകുപ്പ് വെബ്‌സൈറ്റിൽ നിന്നോ കണ്ണോത്തുംചാലിലെ വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്നോ ലഭിക്കും. വെബ്‌സൈറ്റ് : www.forest.kerala.gov.in ഫോൺ: 0497 2705105.

 

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

 

തോട്ടടയിലെ കണ്ണൂർ ഗവ. ഐ ടി ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ, ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി /എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ള എസ് സി വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ ഒന്നിന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. മുൻഗണനാ വിഭാഗക്കാരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ: 0497 2835183.

 

എരഞ്ഞോളിയിൽ രണ്ടു പേപ്പർ ബാഗ് നിർമാണ യൂണിറ്റ് തുടങ്ങും

 

പ്ലാസ്റ്റിക്കിന് പകരം ഹരിതബദൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ രണ്ടു പേപ്പർ ബാഗ് നിർമാണ യൂണിറ്റുകൾ തുടങ്ങും. വടക്കുമ്പാട്, എരഞ്ഞോളി എന്നിവിടങ്ങളിലാണ് ജൂലൈയിൽ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുക. പേപ്പർ ബാഗ്, പാള പ്ലേറ്റ് എന്നിവയാണ് കുടുംബശ്രീ മുഖേന നിർമിക്കുക. രണ്ടിടങ്ങളിലായി മുപ്പതോളം കുടുംബശ്രീ അംഗങ്ങൾക്ക് വരുമാന മാർഗം കണ്ടെത്താനും പഞ്ചായത്തിന്റെ ഈ പദ്ധതിയിലൂടെ കഴിയും. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ സ്ത്രീ സംരംഭകർക്കായി വകയിരുത്തിയ ആറു ലക്ഷം രൂപയിൽ നിന്നാണ് യൂണിറ്റിനുള്ള തുക വിനിയോഗിക്കുക. ജൂലൈ ഒന്നുമുതൽ കടകളിൽ പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. ഇതു സംബന്ധിച്ച മുന്നറിയിപ്പുകൾ വ്യാപാരികൾക്ക് നൽകിക്കഴിഞ്ഞു. പഞ്ചായത്തിൽ 350 കടകൾ പ്രവർത്തിക്കുന്നുണ്ട്. എരഞ്ഞോളിയെ പൂർണമായും പ്ലാസ്റ്റിക് മുക്ത പഞ്ചായത്താക്കി മാറ്റുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം. വ്യാപാരികൾ പഞ്ചായത്തിന്റെ കീഴിൽ നിർമിക്കുന്ന പേപ്പർ ബാഗുകൾ പരമാവധി വാങ്ങാൻ തയ്യാറാകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ പറഞ്ഞു.

 

മന്ത്രി അഡ്വ.ജി ആർ അനിൽ ജൂലൈ രണ്ടിന് ജില്ലയിൽ

 

ഭക്ഷ്യവിതരണ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ.ജി ആർ അനിൽ ജൂലൈ രണ്ട് ശനിയാഴ്ച ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉച്ചക്ക് രണ്ട് മണിക്ക് വലിയ വെളിച്ചം എൻ എഫ് എസ് എ ഗോഡൗൺ ഉദ്ഘാടനം, മൂന്ന് മണിക്ക് മാങ്ങാട്ടിടം മാവേലി സ്റ്റോർ ഉദ്ഘാടനം, നാല് മണിക്ക് തലശ്ശേരി.

 

കെ പി പി നമ്പ്യാർ അനുസ്മരണം 30ന്

 

കെൽട്രോൺ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഡോ. കെ പി പി നമ്പ്യാരുടെ ഏഴാം ചരമ വാർഷിക ദിനമായ ജൂൺ 30ന് മാങ്ങാട്ടുപറമ്പ് കെൽട്രോൺ ക്യാമ്പസിലെ കെ പി പി നമ്പ്യാർ സ്മാരക ഇലക്ട്രോണിക് ഗവേഷണ കേന്ദ്രത്തിനടുത്തുള്ള സ്മൃതി മണ്ഡപത്തിൽ രാവിലെ ഒമ്പത് മണിക്ക് പുഷ്പാർച്ചനയും അനുസ്മരണവും നടത്തും. 

 

ഖാദി മേള ജൂലൈ ഒന്നിന് തുടങ്ങും

 

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബക്രീദ് ഖാദി മേളക്ക് ജൂലൈ ഒന്നിന് തുടക്കമാകും. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ രാവിലെ 10.30ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ജൂലൈ ഒന്ന് മുതൽ എട്ട് വരെയാണ് മേള. ഖാദിക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് ലഭിക്കും

 

ക്വട്ടേഷൻ ക്ഷണിച്ചു

 

സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര നിർമ്മാതാക്കളിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് കോർപ്പറേഷന്റെ രജിസ്‌റ്റേർഡ് ഓഫീസുമായി ബന്ധപ്പെടുകയോ കോർപ്പറേഷൻ വെബ്‌സൈറ്റായ www.keralapottery.org സന്ദർശിക്കുകയോ ചെയ്യുക. ക്വട്ടേഷൻ നൽകേണ്ട അവസാന തീയതി ജൂലൈ നാല് വൈകിട്ട് അഞ്ച് മണി. ഫോൺ: 0471 2727010

 

വാഹന ലേലം

 

കെ എ പി നാലാം ബറ്റാലിയനിൽ സൂക്ഷിച്ചതും ഉപയോഗശൂന്യവുമായ ഏഴ് വാഹനങ്ങൾ www.mstcecommerce.com മുഖേന ജൂലൈ ഏഴിന് ഇ- ലേലം ചെയ്യും. താൽപര്യമുളളവർക്ക് എം എസ് ടി സി ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഫോൺ: 9447485913.

 

തേക്ക് ലേലം

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ തലശ്ശേരി എരഞ്ഞോളിപ്പാലത്തെ ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്‌സിന് പിൻവശത്തുള്ള തേക്ക് മരം ജൂലൈ 11ന് പകൽ 11 മണിക്ക് സ്ഥാപന പരിസരത്ത് ലേലം ചെയ്യും. താൽപര്യമുള്ളവർക്ക് 1000 രൂപ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കാം. ഫോൺ: 04902343121.

 

ഒരു മാസം ഗതാഗത നിരോധനം

 

തലശ്ശേരി-വളവുപാറ കെ എസ് ടി പി റോഡിലുള്ള പഴയ ഇരിട്ടി പാലത്തിന്റെ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഈ പാലത്തിലൂടെയുള്ള വാഹന ഗതാഗതവും കാൽനട യാത്രയും ജൂൺ 29 മുതൽ ഒരു മാസംവരെ നിരോധിക്കും. ഇതുവഴി യാത്രചെയ്യുന്നവർ പുതിയ പാലം വഴി പോകേണ്ടതാണെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.

 

യു.പി സ്‌കൂൾ ടീച്ചർ അഭിമുഖം 

 

ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ യു പി സ്‌കൂൾ ടീച്ചർ (മലയാളം മാധ്യമം) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ജൂലൈ ആറ്, ഏഴ് തീയതികളിൽ പി എസ് സി  ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ബയോഡാറ്റ പ്രഫോർമ എന്നിവ പ്രൊഫൈലിൽ ലഭിക്കും. കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും ഡൗൺലോഡ് ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ, ഒ ടി വി സർട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം.

 

അപേക്ഷ ക്ഷണിച്ചു

 

കണ്ണൂർ ഗവ ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ ക്യു എ ക്യുസി എൻഡിടി കോഴ്സിലേക്കും ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഓയിൽ ആന്റ് ഗ്യാസ് മാനേജ്മെന്റ് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ് ടു, ഐ ടി ഐ, വി എച്ച് എസ് ഇ, ഡിപ്ലോമ, ഡിഗ്രി, ബി ടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ : 8301098705.

 

വുമൺ ഫിലിം ഫെസ്റ്റിന് ബുധനാഴ്ച തുടക്കമാകും

 

കുടുംബശ്രി 25ാം വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെയും ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തിൽ ജില്ലയിലെ 81 കേന്ദ്രങ്ങളിൽ നടത്തുന്ന വുമൺ ഫിലിം ഫെസ്റ്റ് ബുധനാഴ്ച ആരംഭിക്കും. സിഡിഎസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് തലശ്ശേരി ടൗൺഹാളിൽ നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാ റാണി ടീച്ചർ നിർവഹിക്കും. സ്ത്രീപക്ഷ സിനിമകൾക്ക് പ്രാമുഖ്യം നൽകി ദേശീയ അന്തർ ദേശീയ ചിത്രങ്ങളുടെ പ്രാദേശിക പ്രദർശനമാണ് നടക്കുക. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, 2022 ഫ്രീഡം ഫൈറ്റ്,  ഒഴിവ് ദിവസത്തെ കളി, ഒറ്റമുറി വെളിച്ചം, ഒഴിമുറി, തിങ്കളാഴ്ച നിശ്ചയം, ഹൈദി, ചിൽഡ്രൻസ് ഓഫ് ഹെവൻ, ബസന്തി, പെണ്ണിനെന്താ കുഴപ്പം, ഫോർ എ ബെറ്റർ ടുമാറോ തുടങ്ങിയ സിനിമകളും ഹ്രസ്വ സിനിമകളും പ്രദർശിപ്പിക്കും.

ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ എം  സുർജിത്ത്, ചലച്ചിത്ര അക്കാദമി കമ്മിറ്റി അംഗം പ്രദീപ് ചൊക്ലി, പി കെ ബൈജു തുടങ്ങിയവർ  പങ്കെടുക്കും. ചലച്ചിത്ര അക്കാദമിയുടെ പുസ്തകോത്സവവും വിവിധ കേന്ദ്രങ്ങളിൽ നടക്കും. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് ഫിലിം ഫെസ്റ്റ് നടക്കുക.

വൈദ്യുതി മുടങ്ങും

 

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ പൂതപ്പാറ, ചക്കരപ്പാറ, കല്ലടത്തോട് എന്നീ ഭാഗങ്ങളിൽ ജൂൺ 28 ചൊവ്വ രാവിലെ ഏഴ് മുതൽ ഉച്ച രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട്, വട്ടപ്പൊയിൽ, വട്ടപ്പൊയിൽ ദിനേഷ്, മതുക്കൊത്ത്, പട്ട്യം റോഡ് എന്നീ ട്രാൻസ്‌ഫോർ പരിധിയിൽ ജൂൺ 28 ചൊവ്വ രാവിലെ 9.30 മുതൽ 11.30 വരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കീഴ്ത്തള്ളി, ചാലക്കുന്നു ഗുരുമഠം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 28 ചൊവ്വ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും .

 

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പുറവട്ടം, ഏണ്ടി, കടുക്കാരം, ചേപ്പാത്തോട്, ചക്കാലക്കുന്ന്, കക്കറ ക്രഷർ എച്ച് ടി, കക്കറ, കക്കറ ടവർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 28 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കുനിയാമ്പുഴ, കുനിയാമ്പുഴ എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ ജൂൺ 28 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും വൈദ്യുതി മുടങ്ങും.

date