കൈതേരി 11-ാം മൈലിൽ മാവേലി സൂപ്പർ സ്റ്റോർ തുറന്നു
ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ചുരുങ്ങിയ നിരക്കിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കൈതേരി 11-ാം മൈലിൽ മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂടുതൽ മെച്ചപ്പെട്ട പൊതുവിതരണ കേന്ദ്രങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം. കേരളത്തിൽ 10 വർഷം മുന്നേ റേഷൻ കടകളിൽ വരുന്നവരുടെ എണ്ണം കുറവായിരുന്നു. എന്നാൽ ഇപ്പോൾ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം സമ്പന്നർ ഉൾപ്പെടെ ഉപയോഗിക്കുന്ന തരത്തിലേക്ക് മാറി. 13 സബ്സിഡി ഉൽപ്പന്നങ്ങൾ 2016ലെ അതേ വിലയിൽ ജനങ്ങൾക്ക് നൽകാൻ സാധിക്കുന്നുണ്ട്. പൊതുവിതരണ മേഖലയിൽ സൗജന്യമായും സബ്സിഡി ഇനത്തിലും നൽകുന്ന സാധനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു വീട്ടിൽ രണ്ട് കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിൽ രണ്ട് റേഷൻ കാർഡുകൾ നൽകും. മുൻഗണന കാർഡ് വിതരണവുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കണ്ടു വരികയാണ്. 2,56,000 കാർഡുകൾ അർഹതയുള്ളവർക്ക് നൽകിയപ്പോൾ 1,73,000 കാർഡ് അനർഹരിൽ നിന്ന് തിരിച്ചെടുക്കാൻ സർക്കാറിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിലെ രണ്ടാമത്തെ മാവേലി സ്റ്റോറാണ് കൈതേരിയിലേത്. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച സ്റ്റോറിൽ ഓൺലൈനായി ബുക്ക് ചെയ്തും സാധനങ്ങൾ വാങ്ങാം. വിപണിയിൽ ഉള്ളതിനെക്കാൾ 30 ശതമാനം സബ്സിഡിയോടെയാണ് സാധനങ്ങൾ വിൽക്കുക.
ചടങ്ങിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയായി. ആദ്യവിൽപ്പന്ന പ്രദേശവാസിയായ കുന്നുംപുറം വാസുവിന് നൽകി പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഷീന, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി ബാലൻ, എം കെ സുധീർ കുമാർ, ഷാജി കരിപ്പായി, സപ്ലൈകോ കോഴിക്കോട് മേഖലാ മാനേജർ എൻ രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസർ കെ അജിത്ത് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് സപ്ലൈകോ കോഴിക്കോട് മേഖലയിലെ കൂട്ടായ്മ നടത്തിയ വിവിധ കലാമത്സരങ്ങളുടെ സമ്മാനദാനവും മന്ത്രി നിർവ്വഹിച്ചു.
- Log in to post comments