Skip to main content
കുറ്റിക്കകം മുനമ്പ് ബണ്ട് പാലത്തിന്റെ ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ നിർവ്വഹിക്കുന്നു

ഇനി ഉപ്പുവെള്ളം കയറില്ല;  കുറ്റിക്കകം ബണ്ട് പാലം ഉദ്ഘാടനം ചെയ്തു

കടലിൽ നിന്നും നടാൽ പ്രദേശത്തേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ നിർമ്മിച്ച കുറ്റിക്കകം മുനമ്പ് ബണ്ട് പാലം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇതോടെ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതിനും കുടിവെള്ളം മലിനമാകുന്നതിനും ശാശ്വത പരിഹാരമായി.

1966ൽ ജലസേചന വകുപ്പ് കുറ്റിക്കകം മുനമ്പിൽ നിർമ്മിച്ച ബണ്ട് കാലപ്പഴക്കത്താൽ നശിച്ചിരുന്നു. ഇതോടെ ഇരു കരകളിലും ഉപ്പുവെള്ളം കയറി പാടങ്ങൾ കൃഷിയോഗ്യമല്ലാതായി. കിണറുകളിൽ ഉപ്പിന്റെ കാഠിന്യം കൂടിയതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് പുതിയ ബണ്ട് പാലം നിർമ്മിച്ചത്. ഇതിനായി രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ 2017-18 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. 95.11 ലക്ഷം രൂപ ചെലവിൽ ജലസേചന വകുപ്പാണ്  നിർമ്മാണം നടത്തിയത്. നടാൽ തോടിനു കുറുകെയുള്ള 14 തൂണുകൾക്കിടയിലെ 13 വെന്റുകളിൽ ആധുനിക ഫൈബർ ഷട്ടർ ഒരുക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. മഴക്കാലം കഴിഞ്ഞ് ഷട്ടർ അടക്കുന്നതോടെ മുകൾഭാഗത്ത് ശുദ്ധജലം ശേഖരിക്കാനും നടാൽ, ഈരാളിപ്പാലം, ചാലവയൽ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാനും കഴിയും. ബണ്ടിൽ ശേഖരിക്കുന്ന വെള്ളം പ്രദേശത്തെ കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ഉപ്പുവെള്ളം തടയുന്നതോടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. ബണ്ടിനോട് ചേർന്ന് നിർമ്മിച്ച നടപ്പാലം ഇരുകരകളിലേക്കുമുള്ള യാത്ര എളുപ്പമാക്കും.

കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഫിറോസ ഹാഷിം അധ്യക്ഷയായി. ജലസേചന വകുപ്പ് എക്്‌സിക്യൂട്ടീവ് എജിനീയർ കെ ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ വി സവിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പ്രകാശൻ, സി ലക്ഷ്മണൻ, പി കെ മഹമൂദ്, കെ എം രാജീവൻ,  വി രാജീവൻ, കെ ശിവദാസൻ മാസ്റ്റർ, മഹമ്മൂദ് പറക്കാട്ട്, കോട്ടയിൽ ബാബു എന്നിവർ പങ്കെടുത്തു.

date