Skip to main content
കല്യാശ്ശേരി ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു

കല്യാശ്ശേരി ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു

ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും നിലനിർത്താൻ എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞു തരികയാണ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യമേള. പഴയങ്ങാടി താലൂക്കാശുപത്രിയിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

പോഷക സമൃദ്ധമായ ഭക്ഷ്യ രീതികളെ പരിചയപ്പെടുത്തുന്ന ന്യൂട്രീഷൻ കോർണർ, ജീവിതശൈലി രോഗങ്ങളെ അകറ്റിനിർത്താനുള്ള ബോധവൽക്കരണ പരിപാടികൾ, ഗാർഹിക മാലിന്യ സംസ്‌കരണത്തിനുള്ള നൂതന പദ്ധതികൾ തുടങ്ങി 13 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളുടെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് മേള സംഘടിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ-ആരോഗ്യാനുബന്ധ സേവനങ്ങളും പദ്ധതികളും ജനങ്ങളിലെത്തിക്കാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആയുഷ് വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നിവ സംയുക്തമായാണ് മേള ഒരുക്കിയത്. 

ആയുഷ് ആയുർവേദ, ഹോമിയോ, അലോപ്പതി വകുപ്പുകൾ, കൃഷി വകുപ്പ്, കാരുണ്യ,  വിമുക്തി, സാന്ത്വന പരിചരണം, കുടുംബശ്രീ ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും ശ്രദ്ധേയമായി. ഇതോടനുബന്ധിച്ച് സ്ത്രീകൾക്കായി പ്രശ്നോത്തരി, മൊബൈൽ ഫീവർ ക്ലിനിക്ക്, അതിഥി തൊഴിലാളികൾക്കായി സ്‌ക്രീനിംഗ് ക്യാമ്പ്, സെമിനാറുകൾ, ആരോഗ്യ പ്രവർത്തകരുടെ കലാപരിപാടികൾ എന്നിവയും നടത്തി.

ഉദ്ഘാടന ചടങ്ങിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി കെ അനിൽ കുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ.വി പി രാജേഷ് എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, കല്യാശ്ശേരി ബ്ലോക്ക് ജോ. ബി ഡി ഒ കെ സി ശശിധരൻ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date