കണ്ണൂര്‍ അറിയിപ്പുകള്‍ 08-07-2022
ഐ എച്ച് ആർ ഡി ടെക്‌നിക്കൽ എച്ച്എസ്എസിൽ പ്ലസ് വൺ: ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കാം
ഐ എച്ച് ആർ ഡി ടെക്‌നിക്കൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഏകജാലക പ്രവേശനത്തിന് http://ihrd.kerala.gov.in/thss/ മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ, സ്‌കൂളുകളുടെ വിവരങ്ങൾ എന്നിവയെല്ലാം വെബ്‌സൈറ്റിലുണ്ട്. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 22. ഓൺലൈൻ അപേക്ഷ പൂർത്തിയാക്കി പൂർണമായ അപേക്ഷ ഡൗൺലോഡ് ചെയ്യണം. ഇത് അനുബന്ധ രേഖകളും 110 രൂപ രജിസ്‌ട്രേഷൻ ഫീസും സഹിതം (എസ് സി/എസ് ടി വിദ്യാർഥികൾക്ക് 55 രൂപ) ജൂലൈ 25 വൈകിട്ട് മൂന്ന് മണിക്കകം ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കണം. സിബിഎസ്ഇ/ഐസിഎസ്ഇ വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്കും അപേക്ഷിക്കാം.
മുട്ടട (തിരുവനന്തപുരം), അടൂർ, മല്ലപ്പള്ളി (പത്തനംതിട്ട), ചേർത്തല, (ആലപ്പുഴ), പുതുപ്പള്ളി (കോട്ടയം), മുട്ടം, പീരുമേട് (ഇടുക്കി), കലൂർ, കപ്രാശ്ശേരി, ആലുവ (എറണാകുളം), വരടിയം (തൃശൂർ), വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ (മലപ്പുറം), തിരുത്തിയാട് (കോഴിക്കോട്) എന്നിവിടങ്ങളിലാണ് ഐ എച്ച് ആർ ഡി ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾ ഉള്ളത്.
നഴ്‌സിംഗ് സ്‌കൂൾ പ്രവേശനം
ആരോഗ്യ വകുപ്പിന് കീഴിലെ 14 നഴ്‌സിംഗ് സ്‌കൂളുകളിലേക്കും പട്ടികജാതി പട്ടികവർഗക്കാർക്കായുള്ള കൊല്ലം ആശ്രാമം നഴ്‌സിംഗ് സ്‌കൂളിലേക്കും ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ 40 ശതമാനം മാർക്കോടെ പ്ലസ് ടു പാസായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം. എസ് സി, എസ് ടി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. സയൻസ് വിഷയം പഠിച്ചവരുടെ അഭാവത്തിൽ പ്ലസ് ടു പാസായ മറ്റുള്ളവരെ പരിഗണിക്കും. അപേക്ഷകർക്ക് ഡിസംബർ 31ന് 17 വയസിൽ കുറയാനോ 27 വയസിൽ കൂടാനോ പാടില്ല. പിന്നോക്ക സമുദായക്കാർക്ക് മൂന്ന് വർഷവും എസ് സി, എസ് ടി വിഭാഗത്തിന് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഫോറവും പ്രോസ്‌പെക്റ്റസും www.dhskerala.gov.in ൽ ലഭിക്കും. അപേക്ഷാ ഫീസ് എസ് സി, എസ് ടി വിഭാഗത്തിന് 75 രൂപയും മറ്റുള്ളവർക്ക് 250 രൂപയുമാണ്. അപേക്ഷകൾ ചലാൻ സഹിതം ജൂലൈ 30ന് വൈകീട്ട് അഞ്ച് മണിക്കകം അതത് ജില്ലകളിലെ ഗവ. നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പലിന് ലഭിക്കണം. ഫോൺ: 04972 705158. ഇ-മെയിൽ: principalgnsknr@gmail.com
എംഎൽഎ ഫണ്ട്: ഭരണാനുമതി നൽകി
തളിപ്പറമ്പ് എംഎൽഎയുടെ പ്രത്യേക വികസനനിധിയിൽനിന്ന് 16 ലക്ഷം രൂപ വിനിയോഗിച്ച് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ചപ്പാരപ്പടവ് പിഎച്ച്‌സിക്ക് ചുറ്റുമതിൽ, പ്രവേശന കവാടം നിർമ്മാണ പ്രവൃത്തി നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
അഴീക്കോട് എംഎൽഎയുടെ പ്രത്യേക വികസനനിധിയിൽനിന്ന് ആറ് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപറേഷൻ ഡിവിഷൻ 13 വി ഹസൻ വീട് മുതൽ സാജിദ് വീട് ഭാഗത്തേക്ക് സോളിങ്ങും ടാറിങ്ങും നടത്തുന്നതിനും ആറ് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപറേഷൻ ഡിവിഷൻ 13 അരീക്കര സഹദ് വീട് മുതൽ അഷ്‌റഫ് വീട് ഭാഗത്തേക്ക് സോളിങ്ങും ടാറിങ്ങും നടത്തുന്നതിനും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തോട്ടട ഗവ. ഐടിഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ് സി വിഭാഗത്തിലെ മുൻഗണനാ വിഭാഗക്കാർക്ക് അപേക്ഷിക്കാം. അവരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്ത എസ് സി വിഭാഗക്കാരെയും പരിഗണിക്കും. ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ, ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം ജൂലൈ 13 ബുധൻ രാവിലെ 10.30ന് പ്രിൻസിപ്പൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04972 835183.
കേരളോത്സവം 2022: ലോഗോ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2022ന് ലോഗോ ക്ഷണിച്ചു. എ ഫോർ സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രി ജൂലൈ 25ന് വൈകീട്ട് അഞ്ച് മണിക്കകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദൻ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന് (പിഒ) തിരുവനന്തപുരം-43 എന്ന വിലാസത്തിൽ ലഭിക്കണം.
സംസ്ഥാന സീനിയർ വോളി:
ഫിക്‌സ്ചർ പ്രകാശനം ചെയ്തു
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സീനിയർ പുരുഷ-വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഫിക്‌സ്ചർ പുറത്തിറക്കി. ഡോ. വി ശിവദാസൻ എം പി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് ജൂലൈ 16 മുതൽ 19 വരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുക. 14 ജില്ലകളിൽ നിന്നുള്ള പുരുഷ ടീമുകളും 11 ജില്ലകളിലെ വനിത ടീമുകളും മത്സരിക്കും. ദേശീയ വോളി ചാമ്പ്യൻഷിപ്പിലേക്കുള്ള സീനിയർ ടീമിന്റെ തെരഞ്ഞെടുപ്പും ചാമ്പ്യൻഷിപ്പിൽ നടക്കും.
ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം അധ്യക്ഷനായി. ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. പി പി ബിനീഷ്, ടെക്‌നിക്കൽ കമ്മിറ്റി കൺവീനർ എം രവീന്ദ്രൻ, സംഘാടകസമിതിയംഗം ഷമീർ ഊർപ്പള്ളി, മീഡിയ കമ്മിറ്റിയംഗം ജി ദിനേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പടം: കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സീനിയർ പുരുഷ-വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഫിക്‌സ്ചർ ഡോ. വി ശിവദാസൻ എം പി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്ക് നൽകി പ്രകാശനം ചെയ്യുന്നു
സംരംഭകത്വ പരിശീലനം
വ്യവസായ വകുപ്പിന്റെ കീഡ് നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോൾ മീഡിയം എന്റർപ്രൈസും ചേർന്ന് ഫിഷറീസ് ആന്റ് അക്വാകൾച്ചർ എന്ന വിഷയത്തിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. തൊഴിൽ രഹിതരായ എസ് സി വിഭാഗക്കാർക്ക് അപേക്ഷിക്കാം. ജൂലൈ 20 മുതൽ ആഗസ്റ്റ് ആറ് വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ, അലങ്കാര മത്സ്യബന്ധനം, മാർക്കറ്റ് സർവേ, പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികൾ, നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡിന്റെ പദ്ധതികൾ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഹൈബ്രിഡ്, സോളാർ, വിൻഡ് എനർജി ആപ്ലിക്കേഷനുകൾ, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ ക്ലാസ്സുകൾ നടക്കും. www.kied.info സന്ദർശിച്ച് ജൂലൈ 15നകം അപേക്ഷിക്കണം. ഫോൺ; -0484 2532890, 2550322, 9605542061.
സൗരോർജ മേഖലയിൽ വനിതകൾക്ക് പരിശീലനം
അനർട്ടും കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസും (കെയ്‌സ്) ചേർന്ന് വനിതകൾക്കായി സൗരോർജമേഖലയിൽ നാലു ദിവസത്തെ പരിശീലനം നൽകുന്നു. എസ്എസ്എൽസിയാണ് യോഗ്യത. ഓരോ ജില്ലയിലും 10 പേർക്കാണ് അവസരം. ജൂലൈ 20നകം www.anert.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കണം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ: 9188119431, 18004251803.
ഇ-ടെണ്ടർ
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷന് (കൺസ്യൂമർഫെഡ്) പയറുവർഗങ്ങൾ, പഞ്ചസാര, പലചരക്ക് സാധനങ്ങൾ എന്നിവ ലഭ്യമാക്കാൻ ഇ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജൂലൈ 18ന് ഉച്ചക്ക് 12.30നകം ലഭിക്കണം. ടെണ്ടർ ഫോറം https://consumerfed.net/ അല്ലെങ്കിൽ https://www.tenderwizard.com/CFED ൽ ലഭിക്കും.
ആട് വളർത്തൽ പരിശീലനം
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂലൈ 13, 14 തീയതികളിൽ ആട് വളർത്തലിൽ പരിശീലനം നൽകുന്നു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ താൽപര്യമുള്ള കർഷകർ ജൂലൈ 12നകം 04972 763473 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.
അധ്യാപക ഒഴിവ്
പുഴാതി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ മലയാളം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 12 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഫോൺ: 0497 2749851, 9495744541.
വായനാ മാസാചരണം ക്വിസ് മത്സരം
വായന മാസാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം ജൂലൈ ഒമ്പത് ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ജിവിഎച്ച്എസ്എസിൽ നടക്കും. ഹൈസ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് വീതം വിദ്യാർഥികൾക്ക് പങ്കെടുക്കാം. സ്‌കൂൾ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റുമായി രാവിലെ 9.30ന് മുമ്പായി എത്തുക. വിജയികൾക്ക് സമ്മാനത്തിനൊപ്പം തിരുവനന്തപുരത്ത് ജൂലൈ 16ന് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും. വിദ്യാർഥിക്കും ഒരു രക്ഷിതാവിനുമുള്ള യാത്രാ ചിലവ് സംഘാടക സമിതി നൽകും. ഫോൺ: 9447482816, 9446457170.
- Log in to post comments