റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, ത്രീഡി മോഡലിങ്; 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പിന് തുടക്കം
നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, ത്രീഡി ക്യാരക്ടർ മോഡലിങ്ങ് തുടങ്ങിയവ സ്കൂൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിലായി നടത്തിയ ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 1030 പേരിൽ നിന്നും തിരഞ്ഞെടുത്ത 85 പേരാണ് എളയാവൂർ സി എച്ച് എം എച്ച് എസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടക്കുന്ന ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ നമ്മുടെ പൊതുവിദ്യാലയങ്ങളിലേയ്ക്കെത്തിക്കുന്ന തരത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളെ സജ്ജമാക്കുമെന്ന് ആമുഖ പ്രഭാഷണത്തിൽ കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് പറഞ്ഞു. 3.1 ലക്ഷം രക്ഷിതാക്കൾക്ക് സൈബർ സുരക്ഷയിലും വ്യാജവാർത്തകളെ പ്രതിരോധിക്കുന്നതിനും പരിശീലനം നൽകിയ മാതൃകയിൽ ഇത് നടപ്പാക്കും. ഈ വർഷം തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുള്ള എല്ലാ സ്കൂളുകളിലും റോബോട്ടിക് ലാബ് സംവിധാനവും നിലവിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി.) സങ്കേതമുപയോഗിച്ചാണ് ഹോം ഓട്ടോമേഷൻ സംവിധാനം കുട്ടികൾ തയാറാക്കുന്നത്. റാസ്പ്ബെറി പൈ കമ്പ്യൂട്ടർ, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ സംവിധാനങ്ങൾ തയാറാക്കുന്നതിന് പരിശീലനത്തിൽ ഉപയോഗിക്കുന്നു. സ്വതന്ത്ര ത്രീഡി ഗ്രാഫിക്സ് സോഫ്റ്റ്വെയറായ ബ്ലെൻഡർ ഉപയോഗിച്ച്, ത്രീഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ്, ത്രീഡി അനിമേഷൻ എന്നിവയാണ് അനിമേഷൻമേഖലയിലെവിദ്യാർഥികൾക്കുള്ള പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ തന്നെ കാരക്ടർ ഡിസൈൻ ചെയ്ത് അനിമേഷൻ തയാറാക്കുകയാണ് ചെയ്യുന്നത്.മൊബൈൽ ആപ്പ് നിർമ്മാണം, റാസ്പ്ബെറി പൈ-ഇലക്ട്രോ ബ്രിക് എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, നെറ്റ് വർക്കിലുള്ള ഫാൻ, ലൈറ്റ് എന്നിവ ശബ്ദസിഗ്നലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഹോം ഓട്ടോമേഷൻ സംവിധാനം, ഇതിലേക്കാവശ്യമായ കണക്ടിവിറ്റി പ്രോഗ്രാമുകൾ തയാറാക്കുന്നതിനുള്ള ലഘു ആപ്ലിക്കേഷനുകളുടെ നിർമ്മാണം എന്നിവയാണ് പ്രോഗ്രാമിങ് മേഖലയിൽ പങ്കെടുക്കുന്ന കുട്ടികൾ പരിചയപ്പെടുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ഐ.ഒ.ടി ഉപകരണമാതൃക എന്നിവയുടെ കോഡിങ് തയാറാക്കുന്നതിനായി പൈത്തൺ പ്രോഗ്രാമിങ്ങും പരിശീലിക്കുന്നു.സമാപന ദിവസമായ ഞായറാഴ്ച വൈകീട്ട് 3.30ന് പൊതുവിദ്യാഭ്യാസ വകപ്പ് മന്ത്രി വി ശിവൻകുട്ടി ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും. രണ്ടു ദിവസത്തെ പരിശീലനത്തിലൂടെ കുട്ടികൾ തയ്യാറാക്കിയ ഉപകരണങ്ങളുടേയും പ്രോഗ്രാമുകളുടേയും പ്രദർശനവും മൂന്ന് മണി മുതൽ ഉണ്ടാകും.
- Log in to post comments