ലൈഫ് മിഷന്‍ : രണ്ടാംഘട്ട അപ്പീല്‍ കമ്മിറ്റി പരാതികള്‍ തീര്‍പ്പാക്കി; കരട് പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും
ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാനാകാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി അന്തിമ പട്ടിക തയാറാക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ലൈഫ്മിഷന്‍ അപ്പീല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ലഭിച്ച അപ്പീലുകള്‍ തീര്‍പ്പാക്കി. രണ്ടാം ഘട്ട അപ്പീലിനു ശേഷം കരട് പട്ടിക 2022 ജൂലൈ 22 ന് പ്രസിദ്ധീകരിക്കും. പത്തനംതിട്ട ജില്ലയില്‍ ഭൂരഹിത ഭവനരഹിതരില്‍ 65 അപേക്ഷകളും ഭവന രഹിതലിസ്റ്റില്‍നിന്ന് 279 അപേക്ഷകളുമാണ് രണ്ടാംഘട്ട അപ്പീലില്‍ ലഭിച്ചത്. ഇവയില്‍ ഭിന്നശേഷിക്കാര്‍ വസിക്കുന്ന ഭവനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുവാന്‍ ശുപാര്‍ശ ചെയ്യുവാനും കമ്മിറ്റി തീരുമാനിച്ചു.
അപ്പീലുകളുടെ ഫീല്‍ഡ് വേരിഫിക്കേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായിരുന്നു. ജില്ലാതല ഉദ്യോഗസ്ഥരുടെ വേരിഫിക്കേഷന് ശേഷമാണ് അപ്പീല്‍ കമ്മിറ്റി ചേര്‍ന്നത്. കമ്മിറ്റിയില്‍ നഗരകാര്യ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ അഹമ്മദ് ഹുസൈന്‍, അസി. ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് സി. അലക്‌സ്, ജില്ലാ പട്ടികജാതി ഓഫീസര്‍ ആര്‍.രഘു, ജില്ലാ പട്ടിക വര്‍ഗ ഓഫീസര്‍ എസ്.എസ്. സുധീര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിനീത സോമന്‍, അസി. സെറികള്‍ച്ചര്‍ ഓഫീസര്‍ കെ.എച്ച്. സലീന, കുടുംബശ്രീ പ്രതിനിധി ബിന്‍സി വി. ജോയ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments