Skip to main content

ഊർജ വിഭവങ്ങൾ വിവേകത്തോടെ ഉപയോഗിക്കുക: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

വൈദ്യുതി മഹോത്സവ് 

ഊർജ വിഭവങ്ങൾ വിവേകത്തോടെ ഉപയോഗിക്കുക എന്നതാണ് ഊർജ സംരക്ഷണത്തിന്റെ കാതലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര ഊർജ മന്ത്രാലയം സംഘടിപ്പിച്ച 'ഭാരത് ഉജ്ജ്വൽ ഭവിഷ്യ പവർ അറ്റ് 2047' വൈദ്യുതി മഹോത്സവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരാശിയുടെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാക്കുന്നതാണ് ഊർജ രംഗത്തെ പ്രതിസന്ധി. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ കേവലം സാമ്പത്തിക നേട്ടമുണ്ടാക്കുന്നതല്ല, ഭൂമിയുടെ നിലനിൽപിന് ഒരു കൈ സഹായം എന്ന നിലയിൽ കൂടിയാണ്. വർധിച്ചു വരുന്ന ജനസംഖ്യയുടെ ഊർജ ആവശ്യങ്ങളെ എങ്ങനെ മറികടക്കണമെന്ന കാര്യത്തിൽ നിരവധി അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഊർജ സംരക്ഷണം കേരളത്തിലെ കെട്ടിട ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ വൈദ്യുതി മേഖലയിൽ കഴിഞ്ഞ എട്ട് വർഷമായി നടന്ന വികസന പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ പരിപാടിയിൽ അവതരിപ്പിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ ജ്യോതി യോജന, ഇൻറഗ്രേറ്റഡ് പവർ ഡവലപ്‌മെൻറ് സ്‌കീം, സൗഭാഗ്യ, പി എം കുസും, റർബൻ  മിഷൻ എന്നീ പദ്ധതികളും കേരള സംസ്ഥാന സർക്കാർ കെ എസ് ഇ ബി ലിമിറ്റഡും ചേർന്ന് നടപ്പാക്കിയ സമ്പൂർണ്ണ വൈദ്യുതീകരണം, ട്രാൻസ്ഗ്രിഡ് 2.0, ദ്യുതി, ഫിലമെന്റ് രഹിത കേരളം, സൗര തുടങ്ങിയ പദ്ധതികളും വൈദ്യുതി വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. 

കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്‌സിൽ നടന്ന പരിപാടിയിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.  കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, കെ പി മോഹനൻ എംഎൽഎ,  കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷമീമ ടീച്ചർ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, പവർ ഫിനാൻസ് കോർപ്പറേഷൻ സിജിഎം പി സി ഹെമ്പ്രം , കണ്ണൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം എ ഷാജു എന്നിവർ സംസാരിച്ചു

date