Skip to main content

സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കും; ഓഫീസുകളിൽ ദീപാലങ്കാരം

 

 

കൊവിഡ്  നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി നടത്താൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആസാദി കാ അമൃത് വർഷമെന്ന സവിശേഷത കൂടി പരിഗണിച്ച് നിശ്ചല ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ രീതിയിൽ പരേഡ് സംഘടിപ്പിക്കാനും തീരുമാനിച്ചു. പൊലീസ്, മറ്റ് സേന വിഭാഗങ്ങൾ, എൻ സി സി, സ്റ്റുഡന്റസ് പോലീസ് കാഡറ്റ്്സ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവർ പരേഡിൽ പങ്കെടുക്കും. ജില്ലയിലെ സർക്കാർ ഓഫീസുകളിൽ 13 മുതൽ 15 വരെ ദീപാലങ്കാരം നടത്താനും യോഗം നിർദേശം നൽകി. അതത് ഓഫീസുകൾ ഇതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കണം. 

കഴിഞ്ഞ രണ്ട് വർഷം കോവിഡ് നിയന്ത്രണങ്ങൾ കാരണം പരിമിതമായ നിലയിൽ മാത്രമാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടത്തിയിരുന്നത്. വിദ്യാർഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചിരുന്നില്ല. ഇത്തവണ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വിപുലമായ രീതിയിലായിരിക്കും സ്വാതന്ത്ര്യ ദിനാഘോഷം. ഇതിനായി എല്ലാ വകുപ്പുകളും ആവശ്യമായ് ക്രമീകരണങ്ങൾ ഒരുക്കണമെന്ന് കലക്ടർ നിർദേശിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാലയങ്ങളിൽ പതാക ഉയർത്തിയ ശേഷം വിദ്യാലയ പരിസരത്ത് വിദ്യാർഥികളുടെ ഘോഷയാത്ര സംഘടിപ്പിക്കാനും കലക്ടർ നിർദേശിച്ചു.

സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, സബ് കളക്ടർ അനുകുമാരി, എ ഡി എം കെ കെ ദിവാകരൻ, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date