Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 01-08-2022

ആഗസ്റ്റ് നാലിന് റെഡ് അലർട്ട്

 

അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ ആഗസ്റ്റ് നാല് വ്യാഴാഴ്ച കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഉയർന്ന അലേർട്ടാണ് ഇത്. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ ആഗസ്റ്റ് രണ്ടിന് ശക്തമായ മഴക്കുള്ള മഞ്ഞ അലേർട്ടും അഞ്ചിന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ള ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.

 

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

 

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ആഗസ്റ്റ് അഞ്ച് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

 

സീറ്റൊഴിവ്

 

പട്ടുവം കയ്യംതടത്തെ ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്‌സി/എസ്ടി/ഒഇസി വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കും. ഫോൺ: 8547005048, 7012798048.

 

കർഷകർക്ക് പരിശീലനം

 

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർക്ക് കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ദ്വിദിന പരിശീലനം നൽകുന്നു. ആഗസ്റ്റ് ഒമ്പത്, 10 തീയ്യതികളിൽ ആട് വളർത്തലിലും, 11, 12 തീയ്യതികളിൽ പശു പരിപാലനത്തിലുമാണ് പരിശീലനം. 0497 2763473 എന്ന നമ്പറിൽ പരിശീലന തീയ്യതിയുടെ തലേദിവസം അഞ്ച് മണിക്കകം രജിസ്റ്റർ ചെയ്യണം.

 

ഫോറൻസിക് ഫിനാൻസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

എസ് ആർ സി കമ്യൂണിറ്റി കോളേജ് സർട്ടിഫിക്കറ്റ് ഇൻ ഫോറൻസിക് ഫിനാൻസ്, ഡിപ്ലോമ ഇൻ ഫോറൻസിക് ഫിനാൻസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു കൊമേഴ്സ്/അക്കൗണ്ടൻസി വിഷയമായി പഠിച്ച് ബിരുദം. 18 വയസ് പൂർത്തിയാവണം. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം എസ് ആർ സി ഓഫീസിൽ ലഭിക്കും. https://srccc.in/download ൽ നിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 20. ഫോൺ: 0471 2325101, 8281114464.

 

പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം ചൊവ്വാഴ്ച 

 

സാക്ഷരത മിഷനും കണ്ണൂർ കേന്ദ്രീയ വിദ്യാലയവും സംയുക്തമായി നടത്തുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനം ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് കേന്ദ്രീയ വിദ്യാലയത്തിൽ  ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിക്കും.

 

തോക്ക് പിടിച്ച കൈകളിൽ തൂമ്പയുമായി വി ടി മാത്യു

 

22 വർഷം നാടിന് കാവലായി അതിർത്തി രക്ഷാസേനയിൽ പ്രവർത്തിച്ച വി ടി മാത്യു ഇന്ന് ജില്ലയിലെ മികച്ച സംയോജിത കർഷകരിലൊരാളാണ്. ഏരുവേശ്ശി പൂപ്പറമ്പ് സ്വദേശിയായ ഇദ്ദേഹത്തിന്റെ പറമ്പിൽ വിവിധയിനം കൃഷികളാണ് പരീക്ഷിച്ച് വിജയിച്ചത്. കുരുമുളക്, അറേബ്യൻ കാപ്പി, തെങ്ങ്, കവുങ്ങ്, റബ്ബർ ഉൾപ്പടെ നാണ്യവിളകളും, മുന്തിരി മുതൽ ഡ്രാഗൺ ഫ്രൂട്ട് വരെയുള്ള വിവിധയിനം പഴവർഗങ്ങളും, പച്ചക്കറികളും, ഔഷധ സസ്യങ്ങളും അദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. 

1989ൽ 21ാമത്തെ വയസ്സിലാണ് മാത്യു അതിർത്തി രക്ഷാ സേനയിൽ ചേർന്നത്. 22 വർഷത്തെ സേവനത്തിന് ശേഷം 2011 മുതൽ കാർഷിക മേഖലയിൽ സജീവമായി. വീടിനോട് ചേർന്ന അര ഏക്കറിലായിരുന്നു കൃഷിയുടെ തുടക്കം. കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പിലാക്കിയ ശാസ്ത്രീയരീതികൾ വഴി കഴിഞ്ഞ മൂന്ന് വർഷമായി ഉല്പാദന, വരുമാന വർദ്ധനവുണ്ടാക്കാൻ മാത്യുവിന് സാധിച്ചു. കൃത്യമായ പരിപാലനവും ഓരോ പുരയിടത്തിനനുസരിച്ചുള്ള ശാസ്ത്രീയ രീതികളും അവലംബിച്ചാൽ കൃഷി എന്നും ലാഭകരമാണെന്ന് മാത്യു പറയുന്നു.

അത്യുൽപാദന ശേഷിയുള്ളതും കീടരോഗപ്രതിരോധ ശക്തിയുള്ളതുമായ മൂന്ന് ഇനം മരച്ചീനി, മൂന്ന് വ്യത്യസ്ത തരത്തിലുള്ള കൂവ, നീലിമ എന്ന ഔഷധ ഗുണമുള്ള കാച്ചിൽ, ഗജേന്ദ്ര ചേന ഉൾപ്പടെ പറമ്പിലെ പരീക്ഷണങ്ങളേറെയാണ്. കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മറ്റു കർഷകർക്ക് കൂടി ലഭ്യമാകുന്ന തരത്തിൽ പങ്കാളിത്ത വിത്തുൽപാദന കേന്ദ്രമായി മാറിയെന്നതും ഈ കർഷകന്റെ നേട്ടമാണ്. കൂടാതെ സംയോജന കൃഷി രീതികളിൽ ഉൾപ്പെടുത്തി മീൻ, മുയൽ, കോഴി കൃഷി, തേനീച്ച വളർത്തൽ എന്നിവയും തുടർന്നു വരുന്നു. കൃഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടേക്കർ കൃഷിയിടം പാട്ടത്തിനെടുത്തു. ഒരേക്കറിൽ പൂർണമായി കരനെൽ കൃഷിയും,  ബാക്കി സ്ഥലത്ത് കപ്പ, മഞ്ഞൾ, കൂവ, ചേന, ചേമ്പ്, കാച്ചിൽ, വാഴ ഉൾപ്പടെയുള്ള കൃഷിയും ചെയ്തു വരുന്നു.  

 

സൗജന്യ മത്സരപരീക്ഷാ പരിശീലനം

 

പി എസ് സി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം നൽകുന്നു. അപേക്ഷ പയ്യന്നൂർ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് അസിസ്റ്റൻസ് ബ്യൂറോയിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ആഗസ്റ്റ് മൂന്നിന് മുമ്പ് സമർപ്പിക്കണം. ഫോൺ : 9496703945.

ഇ മെയിൽ: eiabpnr.emp.lbr@kerala.gov.in

 

എസ്പിസി ദിനാചരണം ചൊവ്വാഴ്ച

 

എസ്.പി.സി 13 ാം ജന്മദിന ആഘോഷ പരിപാടികളുടെ കണ്ണൂർ സിറ്റി ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച രാവിലെ 9.30 ന് കൂടാളി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ 12 എസ്പിസി സ്‌കൂളുകളിലെ കേഡറ്റുകൾ പങ്കെടുക്കുന്ന സെറിമോണിയൽ പരേഡിൽ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കും.

 

ഓംബുഡ്സ്മാൻ സിറ്റിംഗ്

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ ആഗസ്റ്റ് ആറ് ശനിയാഴ്ച രാവിലെ 11 മണി മുതൽ ഒരു മണി വരെ കൂത്തുപറമ്പ് ബ്ലോക്ക് ഓഫീസിൽ പരാതി പരിഹാര സിറ്റിംഗ് നടത്തും.

 

വൈദ്യുതി മുടങ്ങും

 

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കടുക്കാരം, തണ്ടനാട്ടുപൊയിൽ ട്രാൻസ്ഫോമർ പരിധികളിൽ ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും.

 

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ആയങ്കി ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്ത് രണ്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

 

 

ചെമ്പേരി ഇലക്ട്രിക് സെക്ഷനിലെ വടക്കെമൂല ,ഓടയംപ്ലാവ്, വളയംകുണ്ട്, കെഡബ്ല്യുഎ, പുള്ളവനം എന്നിവിടങ്ങളിൽ ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മഠത്തിൽ വായനശാല ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്ത് രണ്ട് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ 9.30 വരെയും പൂത്തിരിക്കോവിൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 2.30 വരെയും ചാല ഈസ്റ്റ്, ദിനേശ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

 

ജല ശുചിത്വ മിഷൻ യോഗം ആറിന്

 

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ജൽജീവൻമിഷൻ പ്രവൃത്തി അവലോകനം ചെയ്യുന്നതിന് ജില്ലാതല ജല ശുചിത്വ മിഷൻ യോഗം ആഗസ്റ്റ് നാല് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറിൽ നടക്കും

 

 

 

date