Skip to main content

മഴക്കെടുതി: പൂർണ സജ്ജമായി ആരോഗ്യ വകുപ്പ്

 

 

ജില്ലയിൽ മഴക്കെടുതി കാരണം ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങൾ ലഘൂകരിക്കാനായി ജില്ലാ ആരോഗ്യ വകുപ്പ് സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. പ്രകൃതി ദുരന്തത്തെ നേരിടാൻ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സജ്ജമാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. പനി ലക്ഷണങ്ങളുള്ളവരെ പ്രത്യേകം നിരീക്ഷണത്തിലാക്കണം. എല്ലാ ക്യാമ്പുകളിലും അത്യാവശ്യ പ്രതിരോധ സാമഗ്രികൾ, മരുന്നുകൾ, ബ്ലീച്ചിങ് പൗഡർ, എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്. 

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി. മലിന ജലവുമായി സമ്പർക്കത്തിൽ വരുന്ന സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണം. ഈ കാലയളവിൽ പാമ്പുകടി ഏൽക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അടിയന്തിരമായി വൈദ്യസഹായം തേടണം. ജലജന്യ രോഗങ്ങൾ തടയാൻ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ ചെയ്യുന്നതിനൊപ്പം കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പ്വരുത്തണം. പഴകിയതും തുറന്നു വെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കണം. കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം.

ജില്ലാതല മാനസിക ആരോഗ്യ വിഭാഗത്തിന്റെ സേവനവും ലഭ്യമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. ഫോൺ-0497 2713437

date