കണ്ണൂര്‍ അറിയിപ്പുകള്‍ 03-08-2022
നിടുമ്പൊയിൽ-മാനന്തവാടി റോഡ്
ഭാഗികമായി തുറന്നു
ഉരുൾപൊട്ടലിൽ തകർന്ന നിടുമ്പൊയിൽ-മാനന്തവാടി റോഡിൽ ബുധനാഴ്ച വൈകീട്ടോടെ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു. ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. വലിയ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. റോഡിലെ മണ്ണും പാറക്കല്ലുകളും നീക്കുന്ന പ്രവൃത്തി തുടരുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ ഉരുൾപൊട്ടൽ മേഖല സന്ദർശിക്കും
ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പ്രദേശം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ ആഗസ്റ്റ് നാല് വ്യാഴാഴ്ച സന്ദർശിക്കും. രാവിലെ 10.30ന് അദ്ദേഹം പൂളക്കുറ്റിയിലെത്തും. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മന്ത്രി സന്ദർശിക്കും. തുടർന്ന് പൂളക്കുറ്റി പാരിഷ് ഹാളിൽ അവലോകന യോഗം ചേരും.
കെഎസ്ഇബി ഇൻസ്പക്ഷൻ ബംഗ്ലാവ് ഉദ്ഘാടനം വെള്ളിയാഴ്ച
കെഎസ്ഇബി ബർണശ്ശേരിയിൽ നിർമ്മിക്കുന്ന ഇൻസ്പക്ഷൻ ബംഗ്ലാവിന്റെ ഉദ്ഘാടനം ആഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച വൈകിട്ട് 3.30ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിർവഹിക്കും. പരിപാടിയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. എംപിമാരായ കെ സുധാകരൻ, ഡോ വി ശിവദാസൻ എന്നിവർ പങ്കെടുക്കും. നിർദ്ദിഷ്ട ദേശീയപാത 66 വിപുലീകരിക്കുന്നതിന്റെ ഭാഗമായി മുണ്ടയാട് കെഎസ്ഇബി ഇൻസ്‌പെക്ഷൻ ബംഗ്ലാവ് നീക്കിയതിനെത്തുടർന്നാണ് ആധുനിക സൗകര്യങ്ങളോടെ ബർണശ്ശേരിയിൽ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് നിർമിച്ചത്.
ഐ ടി ഐ പ്രവേശന തീയതി നീട്ടി
മാടായി, കണ്ണൂർ ഗവ. ഐ ടി ഐ കളിൽ പ്രവേശനത്തിന് ഓലൈൻ അപേക്ഷ സമർപ്പിക്കാനുളള അവസാന തീയ്യതി ആഗസ്റ്റ് പത്ത് വരെ നീട്ടി. മാടായി ഐടിഐയിൽ എൻ സി വി ടി അഫിലിയേഷനുളള ദ്വി വത്സര ട്രേഡുകളായ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, ഏക വത്സര ട്രേഡായ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ്ങ് അസിസ്റ്റന്റും കണ്ണൂർ ഐടിഐയിൽ മെട്രിക് നോൺമെട്രിക് വിഭാഗങ്ങളിലായി 21 ട്രേഡുകളുമാണ് ഉള്ളത് ഓലൈനായി 100 രൂപ ഫീസടച്ച് https://itiadmissions.kerala.gov.in എന്ന പോർട്ടലിലോ, https://det.kerala.gov.in എന്ന ലിങ്കിലോ അപേക്ഷ സമർപ്പിക്കാം. മാടായി ഫോൺ: 0497 2876988.
അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ നിയമനം
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ തസ്തികയിലേക്ക് പട്ടികവർഗ യുവതീ യുവാക്കളെ നിയമിക്കുന്നതിന് അപേക്ഷ സമർപ്പിച്ചവരുടെ കൂടിക്കാഴ്ച ആഗസ്റ്റ് എട്ടിന് രാവിലെ 10.30 മുതൽ കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ നടത്തുന്നു. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സഹിതം ഇന്റർവ്യൂവിന് ഹാജരാവണം. ഫോൺ: 0497 2700357.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പയ്യന്നൂർ താലൂക്കിൽ എരമം വില്ലേജിലെ എരമം തൃപ്പന്നിക്കുന്ന് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 27ന്് വൈകിട്ട് അഞ്ച് മണിക്കകം നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോം കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇൻസ്‌പെക്ടറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റിലും ലഭിക്കും.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 23 ഐ ടി ഐ കളിൽ ഈ അധ്യയന വർഷം എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ഏലത്തൂർ ഗവ ഐ ടി ഐയിൽ ഇൻർവ്യൂവിന് നേരിട്ട് ഹാജരാവുക. ഫോൺ: 0495 2461898.
ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി
അപ്പാരൽ ട്രെയിനിങ്ങ് ആൻഡ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും നടത്തുന്ന മൂന്ന് വർഷത്തെ ബി വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്‌സിൽ പ്രവേശനം തുടരുന്നു. പ്ലസ്ടു യോഗ്യതയുള്ള അപേക്ഷകർ അപ്പാരൽ ട്രെയിനിങ്ങ് ആൻഡ് ഡിസൈൻ സെന്റർ കിൻഫ്ര ടെക്‌സ്‌റ്റൈൽ സെന്റർ നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ്, കണ്ണൂർ-670142 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 9995004269, 9744917200.
താലൂക്ക് വികസന സമിതി
കണ്ണൂർ താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് ആറിന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.
പി ജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം
സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ പിജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആന്റ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് പി ജി ഡിപ്ലോമ കോഴ്സുകൾക്ക് ആഗസ്റ്റ് പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബിരുദം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എസ്ടി, എസ്ടി, ഒ ഇ സി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവും ഫീസിളവും. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഫോൺ: 0484 2422275 ഇ-മെയിൽ: kmaadmission2022@gmail.com.
വാഹന ലേലം
കണ്ണൂർ ഡിവിഷൻ പരിധിയിലെ വിവിധ അബ്കാരി/എൻ ഡി പി എസ് കേസുകളിലുൾപ്പെട്ട 107 വാഹനങ്ങൾ www.mstcecommerce.com മുഖേന ആഗസ്റ്റ് 12ന് ഇ-ലേലം ചെയ്യും. താൽപര്യമുളളവർക്ക് എം എസ് ടി സി ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ ബൈയറായി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഫോൺ: 04972706698.
ടെണ്ടർ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക്് ഏഴ് സീറ്റുള്ള വാഹനവും, മുത്തത്തി-പയ്യന്നൂർ, പാട്യം-ചെറുവാഞ്ചേരി എന്നീ ഡേ കെയർ സെന്ററുകളിലേക്ക് 12 സീറ്റുള്ള വാഹനവും ആറ് മാസത്തേക്ക് കരാറുകാരിൽ നിന്നും/ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 17ന് രാവിലെ 12 മണി.
ടെണ്ടർ ക്ഷണിച്ചു
കല്ല്യാശ്ശേരി ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ സാമ്പത്തിക വർഷം കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് എട്ട് ഉച്ചക്ക് ഒരു മണി. ടെണ്ടറുകൾ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ബിൽഡിങ്ങ് ഒന്നാം നില താവം പി ഒ 670301 എന്ന വിലാസത്തിൽ സമർപ്പിക്കണം.
ജല ശുചിത്വ മിഷൻ യോഗം നാലിന്
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ജൽജീവൻമിഷൻ പ്രവൃത്തി അവലോകനം ചെയ്യുന്നതിന് ജില്ലാതല ജല ശുചിത്വ മിഷൻ യോഗം ആഗസ്റ്റ് നാല് വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറിൽ നടക്കും.
വൈദ്യുതി മുടങ്ങും
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പെരുമാച്ചേരി, സി ആർ സി പെരുമാച്ചേരി, പാടിയിൽ ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് നാല് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചക്കാലക്കുന്നു, തണ്ടനാട്ടുപൊയിൽ ട്രാൻസ്‌ഫോമർ പരിധിയിൽ ആഗസ്റ്റ് നാല് വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ തിലത്തിൽ ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് നാല് വ്യാഴം രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും കടമ്പൂർ ഹൈസ്‌കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ ഒരു മണി മുതൽ 2.30 വരെയും ചാല ഈസ്റ്റ്, ചാല ദിനേശ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചുടല, ചാലിൽ മെട്ട, പൊലുപ്പിൽ കാവ്, കടാംകോട്, കടാംകോട് പള്ളി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് നാല് വ്യാഴം രാവിലെ 8.30 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ മാമ്പള്ളം ട്രാൻസ്ഫോർമറിനു കീഴിൽ ആഗസ്റ്റ് നാല് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ നെല്ലിക്കുന്ന്, നിടിയെങ്ങ, വരിഞ്ഞം എന്നിവിടങ്ങളിൽ ആഗസ്റ്റ് നാല് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
- Log in to post comments