കണ്ണൂര് അറിയിപ്പുകള് 11-08-2022
ഖാദിവസ്ത്രം ധരിക്കുന്നവരുടെ സംഗമം ആഗസ്റ്റ് 15ന്
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലയിലെ ഖാദിവസ്ത്രം ധരിക്കുന്നവരുടെ സംഗമം ഖാദി കസ്റ്റമേഴ്സ് മീറ്റ് 2022 ആഗസ്റ്റ് 15ന് തിങ്കളാഴ്ച രാവിലെ 9.30 ന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കും. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിക്കും. മേയർ അഡ്വ ടി ഒ മോഹനൻ ഉപഹാരസമർപ്പണം നടത്തും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ എന്നിവർ യൂണിഫോം വിതരണം നിർവ്വഹിക്കും.
വാദ്യ സംഗീത പരിപാടി ആഗസ്റ്റ് 13ന്
ആവേശം തീർക്കാനൊരുങ്ങി നേവൽ അക്കാദമി ബാൻഡ് സംഘം
കാണികളിൽ ആവേശം തീർക്കാനൊരുങ്ങി ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി ബാൻഡ് സംഘം. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13ന് വൈകീട്ട് മൂന്ന് മണിക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് വാദ്യ സംഗീത പരിപാടി അവതരിപ്പിക്കുക. അന്തർദേശീയ തലത്തിൽ പ്രശസ്തമായ നേവൽ ബാൻഡ് സംഘത്തിൽ 25 പേരാണ് അണിനിരക്കുക. ആയോധന ബീറ്റുകൾ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവ അവതരിപ്പിക്കും.
ജില്ലാ ഭരണകൂടം, ഡിടിപിസി, കണ്ണൂർ കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കണ്ണൂരിൽ പരിപാടി ഒരുക്കുന്നത്. പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടാവും. മേയർ ടി ഒ മോഹനൻ, എം പിമാരായ കെ സുധാകരൻ, വി ശിവദാസൻ, അഡ്വ. പി സന്തോഷ് കുമാർ, എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളാകും.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കർണാടക തീരത്ത് ആഗസ്റ്റ് 11 മുതൽ 15 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് ആഗസ്റ്റ് 13 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗതയിലും 14, 15 തീയ്യതികളിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ആഗസ്റ്റ് 12ന് രാത്രി 11.30 വരെ 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചാൽ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
ലാറ്ററൽ എൻട്രി ഡിപ്ലോമ കൗൺസിലിംഗ്
ജില്ലയിലെ ഗവ, എയ്ഡഡ്, സെൽഫ് ഫിനാൻസിങ്ങ്, ഐ എച്ച് ആർ ഡി പോളിടെക്നിക് കോളേജുകളിലേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി കൗൺസലിംഗ് കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് തോട്ടടയിൽ ആഗസ്റ്റ് 17, 19 തീയതികളിൽ നടത്തുന്നു. ലാറ്ററൽ എൻട്രി പ്രവേശനത്തിനായി പ്ലസ് ടു/വിഎച്ച്എസ്ഇ/ ഐടിഐ/ കെജിസിഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ജില്ലയിലേക്ക് കൗൺസിലിങ്ങിനായി രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. വെബ് സൈറ്റ് www.polyadmission.org/let ഫോൺ: 04972 835106, 04972 836310.
നഞ്ചിയമ്മയെ ആദരിക്കൽ ആഗസ്റ്റ് 12ന്
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ നഞ്ചിയമ്മയെ കേരള ഫോക്ലോർ അക്കാദമി ആദരിക്കുന്നു. 'പാട്ടമ്മയ്ക്കൊപ്പം' എന്ന പരിപാടി ആഗസ്റ്റ് 12 വെള്ളി വൈകീട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചെറുകഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. നഞ്ചിയമ്മയും അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും അരങ്ങേറും. കേരള ഫോക്ലോർ അക്കാദമി മുൻ അവാർഡ് ജേതാവ് കൂടിയാണ് നഞ്ചിയമ്മ.
ഖാദിയിൽ ഇനി കാക്കിയും; ഒപ്പം ചേർന്ന് ഓട്ടോ തൊഴിലാളികൾ
'പഴയ ഖാദി അല്ല പുതിയ ഖാദി' എന്ന സന്ദേശവുമായി ഖാദിയുടെ കാക്കി നിറത്തിലുള്ള തുണി പുറത്തിറക്കി. പയ്യന്നൂർ ഖാദി കേന്ദ്രമാണ് കാക്കിത്തുണി നെയ്തെടുത്തത്. പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ ഇനി ഈ കാക്കി അണിയും.
കാക്കി ഖാദിയാവും ഇനി പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യൂനിഫോം. മുന്നൂറോളം ഡ്രൈവർമാരാണ് ഖാദിക്കായി കൈകോർക്കുന്നത്. ഇതു സംബന്ധിച്ച് തൊഴിലാളി നേതാക്കൾ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജനുമായി ആശയ വിനിമയം നടത്തി. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു പേരു കേട്ട പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർമാരുടെ നീക്കം ശ്ലാഘനീയമാണെന്ന് പി ജയരാജൻ പറഞ്ഞു. ഖാദി ധരിക്കുന്നതോടെ യൂനിഫോം ഖാദിയാക്കിയ കേരളത്തിലെ ആദ്യ ഡ്രൈവർമാരായി പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ മാറും.
പടം) പയ്യന്നൂർ ഖാദിയിൽ ഉത്പാദിപ്പിച്ച കാക്കിത്തുണി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നോക്കിക്കാണുന്നു
ഡി ടി പി സി യോഗം ആഗസ്റ്റ് 12 ന്
ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ജില്ലാ ആസ്ഥാനത്ത് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ആഗസ്റ്റ് 12ന് ഉച്ചക്ക് രണ്ട് മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരുമെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.
സ്കോൾ കേരള പ്രവേശനം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള മുഖേന, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഡി സി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി/തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ആഗസ്റ്റ് 11 മുതൽ www.scolekerala.org വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ സെപ്റ്റംബർ 12 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 20 വരെയും രജിസ്ട്രേഷൻ നടത്താം. ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം രേഖകൾ സഹിതം അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2342950, 2342271, 2342369.
ഭരണാനുമതി നൽകി
ധർമ്മടം നിയോജക മണ്ഡലത്തിൽ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ തട്ടാരി പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ എം എൽ എ പ്രത്യേക വികസന നിധിയിൽ നിന്നും 2,19,000 രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ അരിയിൽ ചാൽറോഡ് വികസനത്തിന് എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 4.95 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. ആറ് മാസത്തിനകം പദ്ധതികൾ പൂർത്തീകരിക്കണം.
വായ്പ, സബ്സിഡി, ലൈസൻസ് മേള
2022-23 സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ആറളം ഗ്രാമപഞ്ചായത്ത് പരിധിയിലെ സംരംഭകർക്ക് ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വായ്പ, സബ്സിഡി, ലൈസൻസ് മേള നടത്തുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ മുഴുവൻ ബാങ്കുകളും പങ്കെടുക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9400404543.
ലേലം
കോടതി കുടിശ്ശിക ഈടാക്കാൻ ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് കൊട്ടിയൂർ അംശം ദേശത്തിൽ പ്രൊ സർവേ 880ൽപെട്ട 0.1862 ഹെക്ടർ ഭൂമി ആഗസ്റ്റ് 19ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ കൊട്ടിയൂർ വില്ലേജ് ഓഫീസിൽ നിന്നോ ലഭിക്കും.
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 22 ഉച്ച 12.30 മണി. വിശദ വിവരങ്ങൾ www.gcek.ac.in എന്ന വെബ്സൈറ്റിൽ. ഫോൺ: 0497 2780226
വാഹനം ക്വട്ടേഷൻ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസ് ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ എഴ് സീറ്റുള്ള എ സി വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 24 വൈകിട്ട് മൂന്ന് മണി. ഫോൺ: 0497 2711621.
ഐ സി ഡി എസ് ഇരിട്ടി അഡീഷണൽ, മട്ടന്നൂർ ഓഫീസിൽ 2022-23 വർഷം വാഹനം വാടകയ്ക്ക് ഓടിക്കുന്നതിന് ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത വാഹനം ലഭ്യമാക്കുവാൻ താൽപര്യമുള്ള ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 19 ഉച്ചക്ക് രണ്ട് മണി. ഫോൺ : 0490 2471420.
വൈദ്യുതി മുടങ്ങും
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കടുക്കാരം, കാഞ്ഞിരപൊയിൽ ട്രാൻസ്ഫോർമറിനു കീഴിൽ ആഗസ്റ്റ് 12 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
- Log in to post comments