സ്കൂളിലെ പ്രാതൽ സൂപ്പറാണ്
പയ്യന്നൂർ ജി എൽ പി സ്കൂളിലെ ഒന്നാം ക്ലാസുകാരി അമയക്ക് സ്കൂളിലെ ദോശയും കടലക്കറിയുമാണ് ഏറെ ഇഷ്ടം. കൂട്ടുകാർക്കൊപ്പമിരുന്നാൽ കൂടുതൽ ഇഡലി കഴിക്കുമെന്ന് ആദിഷ. പയ്യന്നൂർ നഗരസഭയ്ക്ക് കീഴിലെ പ്രൈമറി വിദ്യാലയങ്ങളിലെ കുഞ്ഞുങ്ങൾ ഇപ്പോൾ പ്രാതൽ കഴിക്കാതെ വിശന്നിരിക്കാറില്ല. രാവിലെ ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കൊച്ചു കുട്ടികൾക്കായി പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കുകയാണ് പയ്യന്നൂർ നഗരസഭ. നഗരസഭയുടെ 2021-22 വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് തെരെഞ്ഞെടുത്ത അഞ്ച് പ്രൈമറി വിദ്യാലയങ്ങളിൽ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. മണിയറ ജിഎൽപിഎസ്, പെരുമ്പ ജിഎംയുപിഎസ്, വെള്ളൂർ ജിഎംഎൽപിഎസ്, കവ്വായി ജിഎഫ്എൽപിഎസ്, പയ്യന്നൂർ
ജിഎൽപിഎസ് എന്നിവിടങ്ങളിലാണ് നിലവിൽ പ്രഭാത ഭക്ഷണ പരിപാടി നടത്തുന്നത്.
രാവിലെ പ്രാർത്ഥന കഴിഞ്ഞാൽ അര മണിക്കൂർ പ്രഭാത ഭക്ഷണത്തിന്റെ സമയമാണ്. ദോശ, ഇഡലി, പത്തൽ, ഉഴുന്നുവട തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ. ഒപ്പം കടലക്കറി, സാമ്പാർ, മസാലക്കറി, ചട്നി എന്നിവയും ലഭിക്കും. ഒരു കുട്ടിക്ക് ദിവസവും 20 രൂപ നിരക്കിലാണ് തുക വകയിരുത്തിയത്. നാൽപത് ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ അനുവദിച്ചത്. പിടിഎകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും മേൽനോട്ടത്തിലാണ് സ്കൂളുകളിൽ പ്രാതൽ തയ്യാറാക്കുന്നത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പോഷകസമൃദ്ധമായ ഭക്ഷണമാണ് നൽകുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പദ്ധതി പുരോഗതി വിലയിരുത്താൻ നഗരസഭ അധികൃതർ സ്കൂളുകൾ സന്ദർശിക്കും.
അതിരാവിലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ പ്രയാസമുള്ള കുട്ടികൾക്ക്പദ്ധതി ഏറെ ഗുണകരമാണെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. കൂടുതൽ വിദ്യാലയങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ വി ലളിത അറിയിച്ചു.
- Log in to post comments