Skip to main content
 കല്യശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ലൈബ്രറി

ഇവിടെ വിശ്രമവേളകളെ അക്ഷരങ്ങൾ സമ്പന്നമാക്കും

ജോലിത്തിരക്കുകൾക്കിടയിൽ അൽപ്പം വിശ്രമം. ആ നേരത്ത് വായനയുടെ കൂട്ട്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ജീവനക്കാർക്കായി ലൈബ്രറി ഒരുങ്ങിയത് അങ്ങനെയാണ്. പഴയങ്ങാടി താവത്തുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ താഴത്തെ നിലയിലാണ് വായനയുടെ കൊച്ചു ലോകം തുറന്നത്.

വൈജ്ഞാനിക സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലൈബ്രറി ഒരുക്കിയത്. 75000 രൂപ ചെലവഴിച്ച് ഇതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കി. ജോലിക്കിടയിലെ സമ്മർദം കുറക്കാനും പത്രങ്ങളും ആനുകാലികങ്ങളും വായിക്കുന്നതിലൂടെ കൂടുതൽ അറിവ് നേടാനും ഇതിലൂടെ സാധിക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. ആദ്യ ഘട്ടത്തിൽ ജനപ്രതിനിധികളും ജീവനക്കാരും സംഭാവനയായി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. വിശേഷ ദിവസങ്ങളിലും ജീവനക്കാർ പുസ്തകങ്ങൾ നൽകാറുണ്ട്. സാക്ഷരത പ്രേരക് കെ ഗീതയാണ് ലൈബ്രേറിയനായി പ്രവർത്തിക്കുന്നത്. ബുധൻ, ശനി ദിവസങ്ങളിലാണ് പുസ്തകങ്ങൾ വിതരണം ചെയ്യുക. കഥ, കവിത, നോവൽ, ലേഖനങ്ങൾ തുടങ്ങി മുന്നൂറോളം പുസ്തകങ്ങൾ ഇവിടെയുണ്ട്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ പുസ്തകങ്ങൾ വാങ്ങാനും ലൈബ്രറി പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യാനുമാണ് അടുത്ത ലക്ഷ്യമെന്ന് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ പറഞ്ഞു. ഭാവിയിൽ റഫറൻസ് ലൈബ്രറി ആക്കി മാറ്റാനും ആലോചനയുണ്ട്.

 

 

date