സംസ്ഥാനത്ത് മികച്ച മാതൃകയായി ജില്ലയിലെ വയോജന അയല്‍ക്കൂട്ടങ്ങള്‍
കൊച്ചി: മണീട് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വയോജന അയല്‍കൂട്ടങ്ങള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ടും വയോജന സംരംഭക ഗ്രൂപ്പുകള്‍ക്കുള്ള ലൈവ് ലി ഹുഡ് ഫണ്ടും വിതരണം ചെയ്തു. അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ ചടങ്ങി ഉദ്ഘാടനം ചെയ്തു.
മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന വയോജന അയല്‍കൂട്ടങ്ങള്‍ സമൂഹത്തിന് ഏറെ ഗുണകരമാണെന്ന് എം.എല്‍.എ പറഞ്ഞു. പൊതുകാര്യങ്ങളില്‍ മുതിര്‍ന്ന പൗരന്മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയുന്നത് പദ്ധതിയുടെ വിജയമാണ്.
പഞ്ചായത്തില്‍ 45 അയല്‍ക്കൂട്ട യൂണിറ്റുകള്‍ ഉണ്ട്. ഇതില്‍ അഫിലിയേഷന്‍ ഉള്ള 35 യൂണിറ്റുകള്‍ക്ക് 15000 രൂപ വീതം 525000 രൂപ വിതരണം ചെയ്തു. ഇവയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്വയംസംരംഭക ഗ്രൂപ്പുകള്‍ക്ക് 15000 രൂപ വീതം ലൈവ് ലി ഹുഡ് ഫണ്ടും ചടങ്ങില്‍ വിതരണം ചെയ്തു.
2015ല്‍ ജില്ലയില്‍ മുളന്തുരുത്തി ബ്ലോക്കിന് കീഴിലും കൊല്ലം ജില്ലയില്‍ ചവറ ബ്ലോക്കിന് കീഴിലുമാണ് വയോജന അയല്‍കൂട്ട പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ജില്ലയിലെ അയല്‍കൂട്ട യൂണിറ്റുകള്‍ സംസ്ഥാന തലത്തില്‍ മികച്ച മാതൃകയാണെന്ന് കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വിജയം.കെ പറഞ്ഞു. പദ്ധതി നിര്‍ത്തുമെന്ന പ്രചാരം തെറ്റാണെന്നും പദ്ധതിയ്ക്ക് ആവശ്യമായ തുക കൃത്യ സമയത്ത് ലഭ്യമാകുമെന്നും അവര്‍ വ്യക്തമാക്കി.
ഓണത്തിന് ഒരു മുറം പച്ചക്കറി, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സഹായം തുടങ്ങി വിവിധ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ ചൈതന്യ അയല്‍ക്കൂട്ട യൂണിറ്റിനെ ചടങ്ങില്‍ അനുമോദിച്ചു. നല്ല സംരംഭത്തിനുള്ള റിവോള്‍വിംഗ് ഫണ്ട് ജ്യോതി വയോജന അയല്‍ക്കൂട്ടം സ്വന്തമാക്കി. വിവിധ തരം ഡിറ്റര്‍ജെന്റ് ഉത്പന്നങ്ങള്‍ യൂണിറ്റ് വിപണില്‍ എത്തിക്കുന്നു.
പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ജെ ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എസ് രാജേഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ധന്യ സിനേഷ്, പഞ്ചായത്ത് സെക്രട്ടറി യു.കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: മണീട് പഞ്ചായത്തിലെ വയോജന അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് വിതരണം എം.എല്‍.എ അഡ്വ. അനൂപ് ജേക്കബ് നിര്‍വ്വഹിക്കുന്നു
- Log in to post comments