മികവ് 2022 അവാർഡ് വിതരണം നടത്തി
ടി.ജെ. വിനോദ് എം.എൽ.എ യുടെ വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങ് "മികവ് 2022" ഉദ്ഘാടനം കേരള ചീഫ് സെക്രട്ടറി വി.പി ജോയ് ഓൺലൈനിലൂടെ നിർവഹിച്ചു. ടി.ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി നിലവിളക്ക് തെളിയിച്ചു.
എറണാകുളം നിയോജകമണ്ഡലത്തിന് അകത്തും പുറത്തുമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 1640 ഓളം വിദ്യാർഥികൾക്കാണ് മികവ് 2022 അവാർഡ് നൽകിയത്.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ബി.എ ഹിന്ദി കോഴ്സിൽ രണ്ടാം റാങ്ക് നേടിയ ആഗ്ന ഫ്രാൻസീനയ്ക്ക് ഹൈബി ഈഡൻ പുരസ്‌കാരം നൽകി ആദരിച്ചു.
ലഹരി മരുന്ന് മാഫിയകൾ അരങ്ങുവാഴുന്ന ഇന്നത്തെ ഈ കാലഘട്ടത്തിൽ പഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം ഊട്ടിയുറപ്പിക്കുകയും കുട്ടികൾക്കു പ്രചോദനമാവുകയും ചെയ്യുന്ന ഇത്തരത്തിലുള്ള അവാർഡുകൾ ഓരോ അധ്യയന വർഷത്തിലും നൽകുന്നത് മാതൃകാപരമാണെന്നു ചീഫ് സെക്രട്ടറി പറഞ്ഞു.
പൊതു വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി . കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു, സിനിമ താരം നാദിർഷ, പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്‌ക്കരൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, ഡിവിഷൻ കൗൺസിലർ മനു ജേക്കബ്, ഹിൻഡാൽകോ സിഇഓ അരുൺ കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധർമ്മ, സെന്റ് തെരേസാസ് ഡയറക്ടർ ഡോ. സിസ്റ്റർ വിനീത തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments