ആലങ്ങാട് കൃഷിഭവൻ്റെ ശർക്കരവരട്ടിയും ചിപ്സും
ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ഓണ സമൃദ്ധി കർഷക ചന്തയിൽ ഫ്രഷ് ശർക്കര വരട്ടിയും ചിപ്പ്സും ലൈവായി വാങ്ങാൻ അവസരം. ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നിയന്ത്രണത്തിലുള്ള ആലങ്ങാട് കാർഷിക കർമ്മസേനയാണ് ശർക്കരവരട്ടിയും ചിപ്സും ലൈവായി നിർമ്മിച്ചു നൽകുന്നത്. പച്ചക്കറി വാങ്ങാൻ വരുന്ന പൊതുജനങ്ങൾക്ക് മായമില്ലാത്ത ശർക്കരവരട്ടിയും ഉപ്പേരിയും വാങ്ങാം. ആലങ്ങാടിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന നാടൻ നേന്ത്രക്കുല കർഷകരിൽ നിന്നും വാങ്ങിയാണ് വിഭവങ്ങൾ ഒരുക്കിയത്.
ആലങ്ങാടിൻ്റെ പഴയകാല കാർഷിക പെരുമ പ്രസിദ്ധമാണ്. കരിമ്പിൻ്റെ നാടെന്നാണ് ആലങ്ങാട് അറിയപ്പെടുന്നത്. ആലങ്ങാടൻ ശർക്കര ലോകപ്രശസ്തമായിരുന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ കരിമ്പു കൃഷി തിരിച്ചു കൊണ്ടുവരുവാനുള്ള വലിയ പരിശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ.
കരിമ്പ് കൃഷി സജീവമാകുമ്പോൾ ആലങ്ങാട് ശർക്കരയും പുനർജനിക്കപ്പെടും. അടുത്ത ഓണത്തിന് ആലങ്ങാട് ശർക്കര ഉപയോഗിച്ച് ശർക്കരവരട്ടിയുണ്ടാക്കുവാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ.
- Log in to post comments