തടിയമ്പാടും രാജാക്കടും കര്‍ഷക ചന്ത ആരംഭിച്ചു
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും കൃഷിഭവനും ഹോര്‍ട്ടിക്കോര്‍പ്പും സംയുക്തമായി നടത്തുന്ന ഓണസമൃദ്ധി 2022 'കര്‍ഷക ചന്ത' തടിയമ്പാട് സഹകരണ ബാങ്കിന്റെ എക്കോഷോപ്പില്‍ ആരംഭിച്ചു. സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. കെ. വിജയന്‍ കര്‍ഷക ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
7-ാം തിയതി (ബുധന്‍) വരെ കര്‍ഷക ചന്ത പ്രവര്‍ത്തിക്കും. മറയൂര്‍ ശര്‍ക്കര, നാടന്‍ പച്ചക്കറികള്‍, ശര്‍ക്കര വരട്ടി, ചിപ്‌സ് തുടങ്ങിയവ ഇവിടെ ലഭിക്കും. നാടന്‍ പച്ചക്കറികള്‍ വിപണി വിലയെക്കാള്‍ 30 ശതമാനം വരെ വിലക്കുറവില്‍ ഇവിടെ വില്‍പ്പന നടത്തും. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി വിലയെക്കാള്‍ പരമാവധി 20 ശതമാനം വരെ അധിക വിലയും നല്‍കും. ചടങ്ങില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം സിജി ചാക്കോ, കൃഷി ഓഫീസര്‍ ലിനറ്റ് ജോര്‍ജ്, കൃഷി അസിസ്റ്റന്റ്. സി എസ്. ദയ തുടങ്ങിയവര്‍ പങ്കെടുത്തു.
രാജാക്കാട് പഞ്ചായത്തിന്റേയും കൃഷി ഭവന്റെയും നേതൃത്വത്തില്‍ രാജാക്കാട് ടൗണില്‍ ആരംഭിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സതി ഉദ്ഘാടനം ചെയ്തു. 10 ശശതമാനം വില കൂടുതല്‍ നല്‍കി തദ്ദേശീയ കര്‍ഷകരില്‍ നിന്നും വാങ്ങിയ പച്ചക്കറിയുള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ 30 ശതമാനം വിലക്കുറവിലാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതെന്ന് കൃഷി ഓഫീസര്‍ റജബ് കെ.കലാം പറഞ്ഞു.
വില വര്‍ദ്ധനവ് പിടിച്ചു നിര്‍ത്തുന്നതിനായി ഓണ വിപണികളിലേക്ക് ആവശ്യമായ പഴം- പച്ചക്കറികള്‍ പരമാവധി അതതു ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണിയിലെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. കേരളത്തില്‍ ലഭ്യമല്ലാത്ത പച്ചക്കറികള്‍, ഇതര സംസ്ഥാനങ്ങളിലെ കര്‍ഷക ഗ്രൂപ്പുകള്‍ വഴിയും വിപണിയില്‍ എത്തിക്കും.
- Log in to post comments