വെള്ളൂർ കുടുംബാരോഗ്യ ഉപകേന്ദ്രം സമർപ്പിച്ചു
സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ആധുനിക ചികിത്സ ഉറപ്പുവരുത്തും; മന്ത്രി വീണ ജോർജ്
സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ആധുനിക ചികിത്സ ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ ആരോഗ്യകേന്ദ്രങ്ങളും ജനസൗഹൃദമാക്കുകയും ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തുകയുമാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു. വെളളൂർ കുടുംബാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാമ്പത്തിക പ്രതിസന്ധി മൂലം ഒരാൾക്കും ചികിത്സ നിഷേധിക്കില്ല. സർക്കാർ മെഡിക്കൽ കോളേജുകളിൽ വൃക്ക മാറ്റിവയ്ക്കൽ, കരൾ മാറ്റിവയ്ക്കൽ തുടങ്ങി ചെലവേറിയ ശസ്ത്രക്രിയകൾ നടന്നു എന്നത് സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജുകളിൽ സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി സേവനങ്ങൾ ഏറ്റവും മികവോടെ സാധ്യമാക്കുകയാണ് ചെയ്യുന്നത്. തൃശൂർ മെഡിക്കൽ കോളേജിൽ സർജിക്കൽ ഓങ്കോളജി സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
നവകേരളം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. 'ജീവിതശൈലീ രോഗങ്ങളെ എങ്ങനെ നിയന്ത്രിക്കാം എങ്ങനെ പ്രതിരോധിക്കാം' എന്ന ക്യാമ്പയിൻ ഇതിന്റെ ഭാഗമായി നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ഒന്നാം ഘട്ടത്തിൽ ജില്ലയിൽ 18 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. രണ്ടാം ഘട്ടത്തിൽ 48 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 44 ഉം കുടുംബാരോഗ്യ കേന്ദ്രങ്ങളായി. മൂന്നാം ഘട്ടത്തിൽ 15 പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കാൻ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ ഒന്നിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
വി ആർ സുനിൽകുമാർ എം എൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 80 ലക്ഷം രൂപ ഉപയോഗിച്ചാണ് വെള്ളൂരിൽ കുടുംബരോഗ്യ ഉപകേന്ദ്രം നിർമിച്ചത്. ഉപകേന്ദ്രം യാഥാർത്ഥ്യമായതോടെ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലായുള്ള എണ്ണായിരത്തിലധികം പേർക്ക് പ്രയോജനം ലഭിക്കും. രണ്ട് നിലകളിലായി ഒരു മിനി പിഎച്ച്സിയുടെ സൗകര്യങ്ങളോടെയാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.
വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി വിദ്യാധരൻ, ഡിഎംഒ ഡോ. ശ്രീദേവി ടി പി, സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ടി വി ബിനു, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, മെമ്പർമാർ, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments