സ്വഭാവ രൂപീകരണത്തിൽ അധ്യാപകരുടെ പങ്ക് പ്രധാനം: മേയർ അഡ്വ. എം. അനിൽകുമാർ ജില്ലാതല അധ്യാപക ദിനാഘോഷം
ഏതൊരു വ്യക്തിയുടെയും സ്വഭാവ രൂപീകരണത്തിൽ, പ്രത്യേകിച്ച് വിദ്യാർത്ഥി കാലഘട്ടത്തിൽ അധ്യാപകരുടെ പങ്ക് എടുത്തുപറയേണ്ടതാണെന്ന് കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ. എറണാകുളം ജില്ലാതല അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ വിദ്യാർത്ഥികൾ വരെ മയക്കുമരുന്നിന് അടിമപ്പെടുമ്പോൾ അധ്യാപക സമൂഹം കൂടുതൽ ജാഗ്രതയുള്ള പ്രവർത്തനങ്ങൾ നടത്തണം. സമൂഹ്യ പരിഷ്ക്കരണത്തിൽ അധ്യാപകരുടെ പങ്ക് അനിഷേധ്യമായിരിക്കെ സ്വതന്ത്രവും സുതാര്യവുമായ ഇടപെടലുകൾക്ക് പൊതുസമൂഹം അധ്യാപകർക്ക് അവസരം നൽകണം. ലഹരിമാഫിയ ശക്തി പ്രാപിക്കുന്നതിലൂടെ വിദ്യാർത്ഥിസമൂഹം വലിയതോതിൽ മയക്കുമരുന്നുകൾക്ക് അടിമയാകുന്ന സാഹചര്യത്തിൽ എത് അവസ്ഥയേയും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന അധ്യാപകർ ക്രിയാത്മകമായ ഇടപെടലുകൾക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മൂല്യശോഷണം ഒരുപരിധിവരെ തടയുന്നതിന് അധ്യാപകസമൂഹത്തിന്റെ സജീവമായ ഇടപെടൽ അനിവാര്യമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. 33 വർഷം സർവീസ് പൂർത്തിയാക്കിയ അധ്യാപകരെ ചടങ്ങിൽ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ അധ്യാപക ദിന സന്ദേശം നൽകി. ഡി.ഇ.ഒ എ.ആർ സുധർമ, വിഎച്ച്എസ്ഇ എ.ഡി ലിസി ജോസഫ്, കൈറ്റ് കോർഡിനേറ്റർ സ്വപ്ന ജെ നായർ, എ.ഇ.ഒമാരായ ടി സതീഷ് കുമാർ, എൻ സുധാ, കെ.ജെ രശ്മി, ഡയറ്റ് പ്രതിനിധി ജോസ് മോൻ, ബി.പി.സി നിഷാദ് ബാബു, ടി.യു സാദത്ത്, ഏലിയാസ് മാത്യു, രഞ്ജിത്ത് മാത്യു, എം.വെങ്കിടേശ്, കെ.എം ഷറഫുദ്ദീൻ, കെ.എ അയ്യൂബ് തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments