ലാവണ്യം - 2022 എറണാകുളം ജില്ലാതല ഓണാഘോഷങ്ങൾക്ക് തുടക്കം ഇത് വീണ്ടെടുപ്പിന്റെയും പ്രതീക്ഷയുടെയും ഓണം: മന്ത്രി പി.രാജീവ്
മഹാമാരിയുടെ പിടിയിലമർന്ന രണ്ടു വർഷങ്ങൾക്ക് ശേഷം വീണ്ടെടുപ്പിലേക്കും ഒത്തുചേരലിലേക്കും നാം വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയാണുള്ളതെന്ന് മന്ത്രി പി. രാജീവ്. ദർബാർ ഹാൾ മൈതാനിയിൽ ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലാവണ്യം - 2022 ജില്ലാതല ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറെ ഗൃഹാതുരത്വമുള്ള സമത്വത്തിന്റെ സന്ദേശങ്ങൾ നിറയുന്ന ആഘോഷമാണ് മലയാളികൾക്ക് ഓണം. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കതീതമായി മലയാളിയുടെ ദേശീയ ഉത്സവമാണ് ഓണം.
എല്ലാ വിഭാഗം ആളുകളും ആഘോഷിക്കുന്ന സന്ദർഭമാണിത്. ഇത്തവണ പരിമിതികൾക്കിടയിലും ഓണം ആഘോഷിക്കാൻ കഴിയാത്ത സാഹചര്യം ഒരാൾക്കു പോലുമുണ്ടാകരുത് എന്ന നിർബന്ധബുദ്ധിയോടെയാണ് സർക്കാരും പ്രവർത്തിച്ചത്. എല്ലാ വീടുകളിലും ഭക്ഷ്യ കിറ്റ് എത്തിക്കാൻ സർക്കാരിന് കഴിഞ്ഞു.
മറ്റെല്ലാ സഹായങ്ങളും പദ്ധതികളും നടപ്പാക്കുന്നതോടൊപ്പം ആഘോഷങ്ങളിൽ എല്ലാവരും നിറഞ്ഞ മനസോടെ കണ്ണി ചേരേണ്ടതുണ്ട് എന്ന കാഴ്ചപ്പാടാണ് ഇത്തവണയും ഓണക്കിറ്റ് നൽകുന്നതിലേക്ക് സർക്കാരിനെ നയിച്ചത്.
ഓണത്തിന്റെ ആഘോഷം വിനോദ സഞ്ചാരത്തിന്റെ വേള കൂടിയാണ്. നിർബന്ധമായും കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളിൽ ഒന്നായി ടൈം മാസിക അടുത്തിടെ കേരളത്തെ തിരഞ്ഞെടുത്തിരുന്നു. ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികൾ കേരളത്തിന്റെ സംസ്കാരം അറിയുന്നതിനായി ഇങ്ങോട്ട് വരുന്നുണ്ട്.
കോവിഡിനു ശേഷമുള്ള വീണ്ടെടുക്കലിന്റെ ഈ സന്ദർഭത്തിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയെ കൂടുതൽ ടൂറിസത്തിന് അനുയോജ്യമാക്കി മാറ്റുന്നതിന് ഒക്ടോബർ മാസത്തിൽ ബോട്ട് റേസും സംഘടിപ്പിക്കുന്നുണ്ട്. അത് ഇവിടേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പാരമ്പര്യ തനിമയും പകൽപ്പൂര ദൃശ്യ വൈവിധ്യങ്ങളും അണിനിരന്ന ഓണാഘോഷ വരവേൽപ്പിനു ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ്. പുലി കളിയും ചെണ്ട മേളയും തെയ്യവും ഓണത്തിന്റെ വരവറിയിച്ചു. വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ചടങ്ങിൽ അണിനിരന്നു. തുമ്പപ്പൂ അവതരിപ്പിച്ച ഓണക്കളിയും നടന്നു.
ഈ ആയുസിലെ ഏറ്റവും നല്ല ഓണക്കാലമായി ഈ ഓണത്തെ മാറ്റണമെന്ന് ചടങ്ങിൽ ഓൺലൈനായി ഓണ സന്ദേശം നൽകിയ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചാരികൾക്കും ഉറ്റവരിലേക്ക് വിരുന്നെത്തുന്ന ലോകമലയാളികൾക്കും ആനന്ദാനുഭവങ്ങളുടെ പൂക്കാലമാണ് വിനോദസഞ്ചാര വകുപ്പ് കാത്തുവെച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംഗീത സംവിധായകൻ അൽഫോൻസ് ജോസഫിനെ മന്ത്രി പി. രാജീവ് ആദരിച്ചു.
ടി. ജെ. വിനോദ് എം എൽ.എ അധ്യക്ഷത വഹിച്ചു. ആന്റണി ജോണ്‍ എം എൽ എ,
കൊച്ചി കോര്പ്പറേഷന് മേയര്‍ അഡ്വ.എം.അനില്‍കുമാർ, ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ പി. വിഷ്ണു രാജ്, വാര്‍ഡ് കൗണ്‍സിലര്‍ പത്മജാ മേനോന്, ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ആർ. റെനീഷ്, ജോര്‍ജ് ഇടപ്പരത്തി, ഷബീബ്, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കര്‍, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണന് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments