Skip to main content

നിശാഗന്ധിയില്‍ 'ദേവദൂതര്‍' പാടി ; അനന്തപുരി കൂടെപാടി

അനന്തപുരിയെ സംഗീതസാന്ദ്രമാക്കി 'ഔസേപ്പച്ചന്‍ നൈറ്റ്‌സ്'. നാല് പതിറ്റാണ്ടുകളായി പാട്ടുകളെ പൊന്നാക്കി മാറ്റിയ ഔസേപ്പച്ചന്റെ ഓണവിരുന്ന് സ്വീകരിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. മഴ പെയ്ത് തോര്‍ന്ന സായം സന്ധ്യയില്‍ ജനപ്രിയ ഗാനങ്ങള്‍ നിശാഗന്ധിയില്‍ വിരിഞ്ഞപ്പോള്‍ ഹര്‍ഷാര്‍വത്തോടെ വേദി ഒന്നടങ്കം അത് സ്വീകരിച്ചു.

സര്‍ക്കാര്‍ ഓണം വരാഘോഷ പരിപാടികളുടെ ഭാഗമായി കൈരളി ടി വി യും റെഡ് എഫ് എമും സംയുക്തമായി സംഘടിപ്പിച്ച ഔസേപ്പച്ചന്‍ നയിച്ച 'ചിങ്ങനിലാവ്' സംഗീത വിരുന്നില്‍ വിജയ് യേശുദാസ്,റിമി ടോമി,സുദീപ് കുമാര്‍,രാജലക്ഷ്മി, ഹരിശങ്കര്‍, അപര്‍ണ രാജീവ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

യേശുദാസ് 1985 ല്‍ പാടി അനശ്വരമാക്കിയ 'ദേവദൂതര്‍ പാടി' എന്ന ഗാനം വര്‍ഷങ്ങള്‍ക്കിപ്പുറം ഔസേപ്പച്ചന്‍ പാടിയപ്പോള്‍ വമ്പിച്ച കരഘോഷത്തോടെ ജനം സ്വീകരിച്ചു. പതിവ് ശൈലിയിലുള്ള റിമി ടോമിയുടെ  ചുവടുകളും ചടുലമായ സംഗീതവും നിശാഗന്ധിയെ ഇളക്കി മറിച്ചു. പരിപാടിയില്‍ ഉടനീളം ഒരേ തരത്തില്‍ ആഹ്ലാദത്തിന്റെ 'വൈബ്' നിലനിര്‍ത്താന്‍ ഗായകര്‍ക്ക് സാധിച്ചു.

അതോടൊപ്പം സിജ റോസ് ,മാളവിക മേനോന്‍ തുടങ്ങിയ താരനിര അവതരിപ്പിച്ച തട്ടുപൊളിപ്പന്‍ നൃത്തവിരുന്ന് വേദിയെ ഉത്സവലഹരിയിലാക്കി. അനന്തപുരിയുടെ ഹൃദയത്തുടിപ്പറിഞ്ഞുള്ള ഗാനാലാപനം എല്ലാവരും ഒരു പോലെ നെഞ്ചേറ്റി. പ്രായഭേദമന്യേ താളമിട്ടും ചുവടുവെച്ചും ഓരോ നിമിഷവും കാണികള്‍ ആഘോഷ രാവാക്കി മാറ്റി.

date