Skip to main content

സംതൃപ്തിയുടെ ഇടങ്ങളും ഉത്രാടപാച്ചിലിന്റെ ഓളവുമായി കനകക്കുന്നിലെ സായാഹ്നങ്ങള്‍

ഒരു അപരിചിത പ്രദേശത്തെ ജനജീവിതം, സംസ്‌കാരം, ഭാഷ, ഭക്ഷണം തുടങ്ങിയ എല്ലാ വൈവിധ്യങ്ങളും ഒരു സഞ്ചാരിയെ ആകര്‍ഷിക്കും. ഇത്തരത്തില്‍ അന്തര്‍ സംസ്ഥാന- അന്തര്‍ ദേശീയ സഞ്ചാരികള്‍ക്ക് കേരള സംസ്‌കാരത്തിന്റെയും ജനജീവിതത്തിന്റെയും നിറകാഴ്ചയാവുകയാണ് കനകക്കുന്നിലെ വൈകുന്നേരങ്ങള്‍. കുടുംബസമേതം ഓണാഘോഷത്തിനെത്തുന്നവര്‍, വ്യാപാരികള്‍, നിശാഗന്ധിയില്‍ അരങ്ങുവാഴുന്ന പാരമ്പര്യ കലാരൂപങ്ങള്‍, ഫുഡ്കോര്‍ട്ടിലൊരുങ്ങുന്ന നാടന്‍ ഭക്ഷണങ്ങള്‍ എന്നിങ്ങനെ നീളുകയാണ് ഇവിടത്തെ അനുഭവങ്ങള്‍. ഒരു നാട്ടിലെ സാധാരണക്കാരുടെ ഇടയിലൂടെ സഞ്ചരിച്ച്, അവിടത്തെ രുചികളറിഞ്ഞ്, അവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ഇടങ്ങളിലൂടെ അലഞ്ഞ്, നാടിന്റെ ഹൃദയത്തെ അറിയുമ്പോള്‍ മാത്രമാണ് ഒരു യഥാര്‍ഥ സഞ്ചാരി തൃപ്തനാകുന്നത്. ഇതെല്ലാം തലസ്ഥാന നഗരിയിലെ ഓണാഘോഷവേദികളിലുണ്ട്. തിരുവനന്തപുരത്ത് എത്തുന്ന ഏതൊരാളും തങ്ങളുടെ വൈകുന്നേരം ഇവിടെ ചെലവഴിക്കാതെ പോകാന്‍ തരമില്ല.

തദ്ദേശീയരെ സംബന്ധിച്ച് ഓണം വാരാഘോഷവും അതിനോടനുബന്ധിച്ച ട്രേഡ് ഫെയറും ഉത്രാടപ്പാച്ചിലിന്റെ കൂടി ഭാഗമായി. ഉത്രാടനാളില്‍ കേരളത്തിലെ വിപണികള്‍ സജീവമാകുകയും സമൃദ്ധിയുടെ ഓണമുണ്ണാന്‍ മലയാളികള്‍ തയ്യാറാകുകയും ചെയ്യുമ്പോള്‍ വിപണിയില്‍ വില കത്തിക്കയറുന്നത് സ്വാഭാവികമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഓണച്ചന്തകളില്‍ ആളുകളുടെ നീണ്ടനിരയുണ്ടായെങ്കിലും അവര്‍ തൃപ്തരാണ്. ഓണം ട്രേഡ് ഫെയറിലും ഉത്രാടപ്പാച്ചിലിന്റെ തിക്കും തിരക്കും തെല്ലും കുറവല്ല. ജനക്കൂട്ടത്തിനിടയില്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ചെറുകിട കച്ചവടക്കാര്‍ക്കും ഇതൊരുക്കുന്ന കച്ചവടസാധ്യത വലുതാണ്. വീട്ടിലെത്തിയ അതിഥികളെ വൈകുന്നേരങ്ങളില്‍ നഗരം ചുറ്റി കാണിക്കാനും കനകക്കുന്നിലേയും മറ്റു വേദികളിലേയും കലാപരിപാടികള്‍ കാട്ടികൊടുക്കാനും തിരുവനന്തപുരത്തുക്കാര്‍ മറന്നില്ല. ഇത്തരത്തില്‍ കോവിഡ് മരവിപ്പിച്ച സഞ്ചാരം, ആഘോഷം, ഉപജീവനം തുടങ്ങി എല്ലാ മേഖലകളുടെയും തിരിച്ചു പിടിക്കലാകുകയാണ് സംസ്ഥാനത്തല ഓണം വാരാഘോഷം.

date