വിനീതം സ്നേഹസാന്ദ്രം ഈ സംഗീത രാവ്
മഴ പരിഭവം മറന്ന് മാറി നിന്ന രാവില്‍, പെയ്തൊഴിയാതെ ബാക്കിയായ ഇരുളില്‍ അലിഞ്ഞു ചേര്‍ന്നൊരു സംഗീത നിശ. നിശാഗന്ധിയില്‍ വിനീത് ശ്രീനിവാസന്റെ ശബ്ദം മാന്ത്രികത തീരക്കുമ്പോള് ഒപ്പം ചേര്‍ന്ന് സദസ്സും.
വേദിയിലെത്തിയ വിനീതിനോട് ആരാധകര്‍ കുശലാന്വേഷണം നടത്തി. തിരുവനന്തപുരത്തിന്റെ സ്നേഹം വിലമതിക്കാനാവാത്തതെന്ന് താരം മറുപടിയും നല്കി.
തുടര്‍ന്ന് അദേഹത്തിന്റെ ശബ്ദവും ഈണവും സദസ്സ് ഏറ്റെടുത്തു. 'ഓമനപ്പുഴ കടപ്പുറത്തിന് ഓമനേ' എന്ന ഗാനം വിനീത് പാടിയപ്പോള്‍ സ്റ്റേജ് ഒന്നടക്കം ഒപ്പം ചേര്‍ന്നു. അവര്‍ താളമിട്ടും നൃത്തം ചെയ്തും ഒപ്പം ചേര്‍ന്നു. എല്ലാവര്ക്കും ഒരേ മനസ്, സംഗീതത്തില്‍ ഇഴുകി ചേര്‍ന്ന ഒരുമയുടെ താളം. ഓണപ്പാട്ടുകളാല്‍ സൃഷ്ടിക്കപ്പെട്ട ഓണം വൈബ്. തുടര്‍ന്ന് ഓരോ ഗായകരും പാടി മനോഹരമാക്കിയ നിമിഷങ്ങള്‍.
കാലവും പ്രായവും കടന്നു സഞ്ചരിക്കാന്‍ സംഗീതത്തിന് കഴിയുമെന്ന് പറയുന്നത് എത്ര ശരിയാണ്. യുവതലമുറയ്ക്കും പഴയതലമുറയ്ക്കും. ഒരുപോലെ ഇഷ്ടമാകുന്ന ഗാനങ്ങള്‍ പരിപാടിയില്‍ ഉള്‍പെടുത്തിയിരുന്നു. വിനീത് ഈണമിട്ടതും പാടിയതുമായ ഗാനങ്ങള്‍ പുതുമ ഒട്ടും ചോരാതെ സദസിന് നല്കാന് ഗായക സംഘത്തിന് കഴിഞ്ഞു. ഓണം വാരാഘോഷത്തിന്റെ ഭാഗമായാണ് വിനീത് ശ്രീനിവാസന് നൈറ്റ്സ് എന്ന സംഗീത നിശ കനകക്കുന്നിലെ നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചത്.
- Log in to post comments