സാഗരം സാക്ഷിയായി ത്രികായ കൊട്ടി കയറി
കോഴിക്കോട് ബീച്ചിനെ സാക്ഷിയാക്കി ആസ്വാദകരുടെ മനം നിറച്ച് ത്രികായ കൊട്ടി കയറി. ജില്ലയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഇന്നലെ വൈകുന്നേരമാണ് ത്രികായ ഫ്യൂഷനുമായി വാദ്യ കുലപതി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും കീ ബോർഡ് മാന്ത്രികൻ പ്രകാശ് ഉള്ളിയേരിയും ചേർന്നൊരുക്കിയ ഫ്യുഷൻ വിസ്മയത്തിന് കടപ്പുറം വേദിയായത്. ജനപ്രിയ സംഗീതത്തിന്റെ ചേരുവ കൂടി ചേർത്തുള്ള സംഗീതം ആസ്വാദക ഹൃദയം കവർന്നു. ജനപ്രിയ രാഗമായ ഷൺമുഖ പ്രിയ രാഗത്തിലായിരുന്നു ത്രികായ ഫ്യൂഷന്റെ തുടക്കം. പിന്നാലെ ലെവഗിയിലും തുടർന്ന് ചാരുകേശിയിലും, മധുവന്തി എന്നീ അപൂർവ്വ രാഗങ്ങളിലും ആസ്വദകരുടെ മനസിൽ സംഗീതം പെയ്തിറങ്ങി.
ചെണ്ട, മദ്ദളം, തിമില, ഇലത്താളം എന്നിവയെ കീബോർഡ്, ഗിറ്റാർ , വയലിൻ, ഡ്രംസ് എന്നിവ സംയോജിപ്പിച്ചായിരുന്നു ത്രികായ ഫ്യൂഷൻ. പഴമയുടെ പ്രൗഡി നിലനിർത്തി എല്ലാ വിഭാഗം ജനങ്ങൾക്കും പുതിയ ട്രെൻഡിൽ സംഗീതത്തെ ആസ്വദിക്കാൻ കഴിയുന്നുവെന്നാണ് നിറഞ്ഞ സദസ്സിന്റെ കരഘോഷത്തിൽ നിന്നും വ്യക്തമായത്.
അവസാന റൗണ്ടിലേക്ക് കടന്നപ്പോൾ മന്ത്രി പി.എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ട നരേൻ സിനിമയിലെ ഗാനവും ഫ്യൂഷനായി അവതരിപ്പിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് ഒപ്പം മക്കളായ
ശ്രീകാന്തും ശ്രീരാജും വേദിയിൽ അണിനിരന്നു. ഫ്യൂഷൻ മ്യൂസിക് കംബോസിഷനും കീ ബോർഡും നിർവഹിച്ചത് പ്രകാശ് ഉള്ള്യേരിയാണ്. കോട്ടയ്ക്കൽ രവിയാണ് മദ്ദളം. ഒറ്റപ്പാലം ഹരി തിമിലയും മട്ടന്നൂർ അജിത് മാരാർ ഇലത്താളവും റോജോ ആന്റണി വയലിനും ഋഷികേശ് ഡ്രമ്മും അനീഷ് ഗിറ്റാറും ചാരു ഹരിഹരൻ മൃദംഗവും കൊന്നക്കോലും ഒരുക്കി.
- Log in to post comments