കോഴിക്കോട്ടുകാർ ഓണാഘോഷത്തെ ഏറ്റെടുത്തു- മന്ത്രി പി.എ മുഹമ്മദ് റിയാസ്
റിവഞ്ച് ടൂറിസം പോലെ തന്നെ ഓണാഘോഷത്തെ റിവഞ്ച് ഓണാഘോഷമായി കോഴിക്കോട്ടുകാർ ഏറ്റെടുത്തെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഓണോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആഭ്യന്തര സഞ്ചാരത്തിന്റെ സാധ്യതകളെ തിരിച്ചറിഞ്ഞു കൊണ്ട് ഒട്ടനവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനു മുന്നോടിയായി നാളെ( സെപ്റ്റംബർ 10) ചാലിയാറിൽ വള്ളംകളി നടക്കുകയാണ്. കോഴിക്കോടിനെ ആകെ ഇളക്കിമറിച്ചു കൊണ്ടുള്ള ഓണാഘോഷം ഭാവിയിൽ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വിശിഷ്ടാതിഥിയായി എത്തിയ ചലച്ചിത്ര താരം ടോവിനോ തോമസ് കോഴിക്കോട്ടുകാർക്ക് ഹൃദ്യമായ ഓണാശംസകൾ നേർന്നു. കോരിച്ചൊരിയുന്ന മഴയോടൊപ്പം ടോവിനോയുടെ ആരാധകരും ആർത്തിരമ്പി. മന്ത്രി പി.എ മുഹമ്മദ് റിയാസ് ടോവിനോ തോമസിന് ഓണക്കോടി സമ്മാനിച്ചു.
ചടങ്ങിൽ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ പി. ബി നൂഹ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എമാരായ പി ടി എ റഹിം, കാനത്തിൽ ജമീല, കെ. എം സച്ചിൻദേവ്, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, സാമൂഹ്യ- സാമുദായിക -രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി സ്വാഗതവും ടൂറിസം ജോയിന്റ് ഡയറക്ടർ ടി.ജി അഭിലാഷ് കുമാർ നന്ദിയും പറഞ്ഞു.
- Log in to post comments