മെഡിസെപ് പട്ടികയില്‍ 1920 രോഗങ്ങള്‍, സംശയദൂരീകരണത്തിന് നോഡല്‍ ഓഫീസര്‍മാരുണ്ട്
മെഡിസെപ് പദ്ധതിയെക്കുറിച്ചുള്ള എന്ത് സംശയങ്ങളും ചോദിക്കാം. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആശങ്കകള്‍ പരിഹരിക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍ ഏത് സമയവും തയ്യാറാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഘട്ടത്തിലും മുന്‍കൂറായും എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികളില്‍ നിന്നും ലഭിക്കുന്ന മറുപടികള്‍ അവ്യക്തമെന്ന് തോന്നുകയാണെങ്കില്‍ ഉപഭോക്താക്കളായവര്‍ക്കെല്ലാം നോഡല്‍ ഓഫീസര്‍മാരെ ബന്ധപ്പെടാം.
ജില്ലയില്‍ പെന്‍ഷന്‍കാരും ജീവനക്കാരുമുള്‍പ്പെടെ 31670 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതി ആരംഭിച്ച് രണ്ട് മാസം കൊണ്ട് 3.16 കോടിരൂപ പ്രീമിയം ഇനത്തില്‍ ഈടാക്കിയിട്ടുണ്ട്. ഇതുവരെ ജില്ലയിലെ 164 പേര്‍ക്കായി 51.38 ലക്ഷം രൂപ അനുവദിച്ചതായി ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കാണ്. 159 തവണകളായി 50.66 ലക്ഷം രൂപയാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കായി അനുവദിച്ചത്.
ആശുപത്രിയില്‍ 24 മണിക്കൂറിലധികം സമയം കിടത്തിചികിത്സ നടത്തുന്നത് മുതല്‍ മെഡിസെപ് ആനുകൂല്യത്തിനര്‍ഹത നേടുന്നുവെന്നതും പദ്ധതിയുടെ നേട്ടമാണ്. വിദഗ്ധ ചികിത്സ ആവശ്യമാകുമ്പോഴും സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നുവെന്നത് നേട്ടമാണ്. പദ്ധതി പ്രകാരം എല്ലാ വര്‍ഷവും മൂന്ന് ലക്ഷം രൂപ വരെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ഗുരുതരമായ രോഗങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്ന തുക അനുവദിക്കും. ആദ്യ വര്‍ഷത്തില്‍ ക്ലെയിം ചെയ്യാത്ത തുകയില്‍ നിന്ന് 1.5 ലക്ഷം രൂപ വരെ അടുത്ത വര്‍ഷത്തേക്ക് കൊണ്ടുപോകാമെന്നതും മെഡിസെപ് പദ്ധതിയുടെ നേട്ടമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള 15 ദിവസത്തെ ചെലവുകളും പദ്ധതിക്ക് കീഴില്‍ ക്ലെയിം ചെയ്യാമെന്നതും ഏറെ ഗുണകരമാണ്.
സംശയദൂരീകരണത്തിന് നോഡല്‍ ഓഫീസര്‍മാര്‍ക്ക് പുറമെ പരാതി പരിഹാരത്തിന് ജില്ലാതല സമിതിയും നിലവിലുണ്ട്. നോഡല്‍ ഓഫീസര്‍മാര്‍ ഫോണ്‍ 7994665210, 7736799929.
- Log in to post comments