Skip to main content

പ്രണയാനുഭവങ്ങളുടെ സംഗീത മഴ പെയ്യിച്ച് സൂഫി സംഗീതം

 

കുറ്റിച്ചിറയിൽ പ്രണയാനുഭവങ്ങളുടെ സംഗീത മഴ പെയ്യിച്ച് സൂഫി സംഗീതം. പ്രശസ്ത സൂഫി ഗായകരായ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറുമാണ് 'കോഴിക്കോടിന്റെ ഓണോത്സവത്തിന്റെ' ഭാഗമായി സൂഫി സംഗീതവുമായെത്തിയത്.
ഗായകന്‍ മിഥുലേഷ് ചോലക്കലും ഇവര്‍ക്കൊപ്പം ചേര്‍ന്നു. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായാണ്   സൂഫി സംഗീതം സംഘടിപ്പിച്ചത്.

സൂഫി കാവ്യാലാപനത്തില്‍ പതിറ്റാണ്ടുപിന്നിട്ട ഗായകരാണ് സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും. 
 ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെ മിസ്റ്റിക് പ്രഭ ചൊരിഞ്ഞ സൂഫി സംഗീതത്തെ ജനകീയവും ജീവസ്സുറ്റതാക്കുന്നതുമായിരുന്നു  ആലാപനം. സൂഫി കാവ്യാലാപനത്തിന്റെ ജനകീയതയും ആസ്വാദനവും സദസ്സിനെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ചു. സൂഫി സംഗീതത്തെ അടുത്തറിയാന്‍ നിരവധി പേരാണ് കുറ്റിച്ചിറയിലെ വേദിയിലേക്ക് എത്തിയത്. 

ഇച്ച മസ്താൻ, അബ്ദുൽ റസാഖ് മസ്താൻ, മസ്താൻ കെ.വി.അബൂബക്കർ മാസ്റ്റർ,  തുടങ്ങിയവരുടെ മലയാളം സൂഫി കാവ്യങ്ങൾ വേദിയെ ഇളക്കിമറിച്ചു. 
ഇബ്നു അറബി, മൻസൂർ ഹല്ലാജ്, അബ്ദുൽ യാ ഖാദിർ ജീലാനി, റാബിഅ ബസരിയ്യ, ഉമർ ഖാദി തുടങ്ങിയവരുടെ അറബി കാവ്യങ്ങളും ജലാലുദ്ദീൻ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേർഷ്യൻ കാവ്യങ്ങളും ഖാജാ മീർ ദർദ്, ഗൗസി ഷാ തുടങ്ങിയവരുടെ ഉർദു ഗസലുകളും മനം കവർന്നു.
സ്നേഹ മൈത്രിയുടെ നിദര്‍ശനങ്ങളായ ഇവരുടെ സൂഫി സംഗീതത്തില്‍ നാരായണ ഗുരു , ഗുരു നിത്യചൈതന്യയതി തുടങ്ങിയവരുടെ യോഗത്മക ശീലുകള്‍, പരിശുദ്ധ ഖുര്‍ആന്‍, ബൈബിള്‍, ഉപനിഷദ് വാക്യങ്ങള്‍,  തുടങ്ങിയവ കൂടി കണ്ണി ചേര്‍ന്നിരുന്നു.

അസ്ലം തിരൂർ (ഹാർമോണിയം കീബോർഡ്), അക്ബർ മലപ്പുറം (തബല), സുഹൈൽ (ഗിറ്റാർ), മുബഷീർ (റിഥം) എന്നിവരാണ് ഗസലിനെ കൂടുതൽ ഇമ്പമുള്ളതാക്കിയത്. ആസ്വാദന ലഹരി പകർന്ന സൂഫി സംഗീതാലാപനം നിറഞ്ഞ ഹർഷാരവത്തോടെയാണ് കാണികൾ  സ്വീകരിച്ചത്.

date