Skip to main content

ഡിടിപിസി ഓണാഘോഷത്തിന് ഇന്ന് (സെപ്റ്റംബര്‍ 7) തുടക്കം

 
അഞ്ച് നാള്‍ നീളുന്ന കലാപൂരത്തിന് തേക്കിൻ കാട് മൈതാനം വേദിയാകും

ഓണത്തിന്റെ ഗൃഹാതുര സ്മരണകളുണര്‍ത്താന്‍ ഡിടിപിസി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 7) തുടക്കമാകും. കോവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഓണാഘോഷത്തിന് ഡിടിപിസിക്കൊപ്പം ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായാണ് നേതൃത്വം നല്‍കുന്നത്. 

തേക്കിന്‍കാട് മൈതാനിയില്‍ നായ്ക്കനാലിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സെപ്റ്റംബര്‍ 11 വരെ നീണ്ടുനില്‍ക്കുന്ന വിവിധ നൃത്ത, കലാ, സംഗീത, സാംസ്‌ക്കാരിക പരിപാടികള്‍ ഓണാഘോഷത്തിൻ്റെ ഭാഗമായി അരങ്ങേറും. ഇന്ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ റവന്യൂമന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു, മേയര്‍ എം കെ വര്‍ഗീസ്, എം എൽ എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ കലക്ടര്‍, മറ്റ് വിശിഷ്ടാതിഥികൾ തുടങ്ങിയവര്‍ പങ്കെടുക്കും. 

പഞ്ചവാദ്യത്തോടെ തുടങ്ങുന്ന ഓണാഘോഷ പരിപാടിയുടെ ആദ്യദിനത്തില്‍ കലാമണ്ഡലം സംഘം അവതരിപ്പിക്കുന്ന നൃത്തശില്‍പം, നന്ദകിഷോര്‍ അവതരിപ്പിക്കുന്ന വണ്‍മാന്‍ കോമഡി ഷോ, ആല്‍മരം മ്യൂസിക് ബാന്‍ഡിന്റെ സംഗീതവിരുന്ന് എന്നീ കലാ വിരുന്നുകള്‍ ഉണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖരുടെ നേതൃത്വത്തില്‍ കലാവതരണങ്ങളും രംഗത്തെത്തും. കൊച്ചിന്‍ ഹീറോസിന്റെ മെഗാഷോ, ജയരാജ് വാര്യരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്, തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം തുടങ്ങിയ പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ദിവസങ്ങളില്‍ നടക്കും. സമാപന ദിവസമായ സെപ്റ്റംബര്‍ 11ന് തൃശൂരിന്റെ സ്വന്തം പൈതൃക കലാരൂപമായ പുലിക്കളി സംഘടിപ്പിക്കും. 
പ്രധാന വേദിയായ തേക്കിന്‍കാടും പരിസരപ്രദേശങ്ങളും ആഘോഷത്തിൻ്റെ ഭാഗമായി ദീപങ്ങളാല്‍' അലങ്കരിച്ചിട്ടുണ്ട്. ജില്ലാ തല ആഘോഷത്തിന് പുറമെ  വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്.  ഇതിനുപുറമേ വിവിധ ഇടങ്ങളില്‍ ജലോത്സവങ്ങളും നടക്കുന്നുണ്ട്. 

ജില്ലാ കേന്ദ്രത്തിലെ ഓണാഘോഷ പരിപാടികള്‍ക്കു പുറമെ, പീച്ചി, ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, സ്‌നേഹതീരം ബീച്ച് തുടങ്ങിയ ആറ് ടൂറിസം കേന്ദ്രങ്ങളില്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികള്‍ നടക്കുന്നത്. ഓരോ കേന്ദ്രത്തിലും കലാ - സാംസ്‌ക്കാരിക, വിനോദ, സംഗീത പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

ജില്ലാതല ആഘോഷ ത്തിൻ്റെ ഭാഗമായി
തേക്കിന്‍കാട് മൈതാനിയിൽ സെപ്റ്റംബര്‍ 8 ന്
വൈകിട്ട് 5.30ന് 
കലാഭവന്‍ സുധീറും സതീഷും അവതരിപ്പിക്കുന്ന കോമഡി നൈറ്റ്, 
7.30 ന് റാസ - ബീഗം അവതരിപ്പിക്കുന്ന ഗസല്‍ രാവ് എന്നിവ നടക്കും
'
സെപ്റ്റംബര്‍ 9 ന്
വൈകിട്ട് 5.30ന് 
കൊച്ചിന്‍ ഹീറോസിന്റെ മെഗാഷോ, 
ജയരാജ് വാര്യരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്, 

സെപ്റ്റംബര്‍ 10 ന് വൈകിട്ട് 5.30ന് 
തൈവമക്കള്‍' അവതരിപ്പിക്കുന്ന നാടന്‍പാട്ട്, 
ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം എന്നിവയും നടക്കും.

സമാപന ദിവസമായ സെപ്റ്റംബര്‍ 11ന് ഉച്ചയ്ക്ക് ശേഷം 
വിവിധ സംഘങ്ങള്‍ അണിനിരക്കുന്ന പുലിക്കളി അരങ്ങേറും. 
വൈകീട്ട് 6ന് സമാപനസമ്മേളനം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രി കെ രാജന്‍, മേയര്‍ എം കെ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.  
7.30 ന് തൃശൂര്‍ കലാസദന്റെ മ്യൂസിക് നൈറ്റ്
തുടര്‍ന്ന് മികച്ച പുലിക്കളി ടീമുകള്‍ക്കുള്ള പുരസ്‌കാരവിതരണം നടക്കും.

date