ചൂണ്ടൽ പഞ്ചായത്തിലെ ഓപ്പൺജിം നാടിന് സമർപ്പിച്ചു
പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണവും പ്രധാനം ചെയ്യാൻ ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ ഒരുക്കിയ ഓപ്പൺ ജിം നാടിന് സമർപ്പിച്ചു. കുന്നംകുളത്തെ പ്രധാന പ്രകൃതി സൗന്ദര്യ കേന്ദ്രമായ ചൂണ്ടൽ, പാറന്നൂർ ചിറയിലാണ് പഞ്ചായത്ത് ഓപ്പൺ ജിം സംവിധാനമൊരുക്കിയത്.
വാർഷിക പദ്ധതിയിലുൾപ്പെടുത്തി 7.28 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്. സ്കൈ വാക്കർ, സ്റ്റാന്റിങ്ങ് സിറ്റിങ്ങ് ട്വിസ്റ്റർ, ലെഗ് പ്രസ്, ഷോൾഡർ പ്രസ്, ജെസ്റ്റ് പ്രസ്, സീറ്റഡ് പുള്ളർ, തായ്ജി സ്പിന്നർ വിൽ, റോവർ എന്നിങ്ങനെയുള്ള ആധുനിക വ്യായാമോപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വ്യായാമത്തിനെത്തുന്നവര്‍ക്ക് ഇരിപ്പിടങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രഭാത സവാരിക്ക് എത്തുന്നവർക്കും പദ്ധതി പ്രയോജനപ്പെടും. തദ്ദേശ ടൂറിസം പദ്ധതിയിലെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെട്ട പ്രദേശം കൂടിയാണിത്. ചിറയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
ജിമ്മിന്റെ ഉദ്ഘാടനം കേരള കലാമണ്ഡലം നിർവാഹക സമിതി അംഗം ടി കെ വാസു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് മുഖ്യാതിഥിയായി. ജില്ല ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ വി വല്ലഭൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി ജോസ്, വത്സൻ പാറന്നൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments