കൃഷിക്ക് ജലലഭ്യത ഉറപ്പാക്കാൻ കാർഷിക കലണ്ടർ തയ്യാറാക്കും: മന്ത്രി കെ.രാജൻ
കാലാവസ്ഥയ്ക്ക് അനുസരിച്ച് കൃഷിയിടങ്ങളിൽ ജലലഭ്യത ഉറപ്പാക്കുന്നതിനായി കൃഷി - ജലസേചന വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ കാർഷിക കലണ്ടർ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ.
ജില്ലയിലെ കോൾപ്പടവ് പ്രതിനിധികളുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ കാലയളവിൽ നെല്ല് ഉൽപ്പാദനത്തിൽ നേരിയ വർദ്ധനവ് ഉണ്ടാക്കാനും തരിശ് രഹിത ജില്ലയായി മാറാനും തൃശൂരിന് സാധിച്ചു എന്നത് വലിയ നേട്ടമാണ്. കൃഷിക്ക് അനുയോജ്യമായ രീതിയിൽ വിളയിടങ്ങളെ സജ്ജമാക്കാനും ജലസേചനം ഉറപ്പാക്കാനും കഴിയും വിധമുള്ള മാസ്റ്റർ പ്ലാൻ ആണ് തയ്യാറാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കോൾപ്പാടങ്ങളിൽ കൃഷിയിറക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
2022 - 23 വർഷത്തേയ്ക്കുള്ള ജില്ലാകോൾ ഉപദേശക സമിതിയിലേക്ക് 11 കർഷക പ്രതിനിധികളെ തിരഞ്ഞെടുത്തു. കോൾകൃഷി നടത്തിപ്പിനെ കുറിച്ച് കോൾപ്പടവ് പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു. വിളവ് കുറയാനുള്ള സാധ്യതയെ കുറിച്ച് ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.
കൃഷിക്ക് ആവശ്യമായ ഗുണമേന്മയുള്ള വിത്ത് കർഷകർക്ക് ഉറപ്പാക്കണം, കൃത്യമായ അളവിൽ കർഷകർക്ക് കുമ്മായം നൽകണം. തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ കർഷക പ്രതിനിധികൾ ഉന്നയിച്ചു.
ജില്ലയിലെ 2022 - 2023 വർഷത്തിലെ കോൾ കൃഷി നടത്തിപ്പിനെ കുറിച്ച് ആലോചിച്ച് തീരുമാനിക്കുന്നതിനാണ് കോൾപ്പടവ് പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സംയുക്ത വാർഷിക പൊതുയോഗം ചേർന്നത്.
ടൗൺഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷയായി. റവന്യൂ ഡിവിഷണൽ ഓഫീസർ പി എ വിഭൂഷണൻ, എൽ ആർ ഡെപ്യൂട്ടി കലക്ടർ സി കബനി, ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ടി കെ ജയരാജ്, കൃഷി വികുപ്പ്, കെ എൽ ഡി സി വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ കോൾ ഉപദേശക സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments